ബാലണ്‍ ഡി ഓർ പുരസ്‌കാരം കരീം ബെന്‍സേമയ്ക്ക്; അലക്‌സിയ പ്യുട്ടെല്ലാസ് മികച്ച വനിതാ താരം

പാരീസ്: കഴിഞ്ഞ സീസണിലെ മികച്ച പുരുഷ ഫുട്ബോളർക്കുള്ള ബാലൺ ഡി ഓർ പുരസ്‌കാരം സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് സ്‌ട്രൈക്കർ കരീം ബെൻസേമയ്ക്ക്. ബാലൺ ഡി ഓർ നേടുന്ന അഞ്ചാമത്തെ ഫ്രഞ്ച് താരമാണ് ബെൻസേമ. ബാഴ്‌സലോണയുടെ അലക്‌സിയ പ്യുട്ടെല്ലാസാണ് മികച്ച വനിതാ താരം.

ക്രിസ്റ്റ്യാനോ റൊണാൾഡോ, സാദിയോ മാനെ, എർലിങ് ഹാളണ്ട്, മുഹമ്മദ് സല, റോബർട്ട് ലെവൻഡോവ്സ്‌കി എന്നിവരെ പിന്തള്ളിയാണ് ബെൻസേമ പുരസ്‌കാരം സ്വന്തമാക്കിയത്. ഫ്രഞ്ച് മാസികയായ ഫ്രാൻസ് ഫുട്ബോൾ നൽകുന്ന മികച്ച ഫുട്ബോൾതാരത്തിനുള്ള പുരസ്‌കാരം ഇതാദ്യമായാണ് ബെൻസേമയെ തേടിയെത്തുന്നത്.

മികച്ച യുവതാരത്തിനുള്ള കോപ അവാർഡ് ബാർസലോണ താരം ഗാവിക്കാണ്. സാമൂഹിക പ്രതിബദ്ധതയുള്ള താരത്തിനുള്ള സോക്രട്ടീസ് പുരസ്കാരം സെനഗൽ താരം സാദിയോ മാനെ കരസ്ഥമാക്കി. മികച്ച സ്ട്രൈക്കർക്കുള്ള ഗെർഡ് മുള്ളർ പുരസ്കാരം ബാർസലോണ താരം റോബർട്ട് ലെവൻഡോവ്സ്കിയും മികച്ച ഗോൾകീപ്പർക്കുള്ള യാഷിൻ പുരസ്കാരം റയൽ മഡ്രിഡിന്റെ തിബോ കോർട്ടോയും സ്വന്തമാക്കി.

മാഞ്ചസ്റ്റർ സിറ്റിക്കാണ് ക്ലബ് ഓഫ് ദ് ഇയർ പുരസ്കാരം. റയലിനെ ചാമ്പ്യൻസ് ലീഗ്, സ്പാനിഷ് ലാലിഗ കിരീടങ്ങളിലേക്ക് നയിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചതിനുള്ള അം​ഗീകാരം കൂടിയാണ് ബെൻസേമയ്ക്ക് ലഭിച്ച ബാലൺ ഡി ഓർ പുരസ്‌കാരം. സ്പാനിഷ് ലീഗിൽ 27 ഗോളുകളും ചാംപ്യൻസ് ലീഗിൽ 15 ഗോളുകളുമാണ് ബെൻസേമ നേടിയത്.

Top