വരുന്ന തിരഞ്ഞെടുപ്പുകളിൽ ബാലറ്റ് പരീക്ഷിക്കാൻ തയ്യാറുണ്ടോ ബി.ജെ.പി ?

വിശ്വാസ്യത, അതാണ് മനുഷ്യനായാലും സര്‍ക്കാറിനായാലും തെരഞ്ഞെടുപ്പ് കമ്മിഷനായാലും ആദ്യം വേണ്ടത്.

മോദി സര്‍ക്കാര്‍ വലിയ ഭൂരിപക്ഷത്തിന് അധികാരത്തില്‍ വന്നെങ്കിലും ജനവിധിയുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഇപ്പോഴും തുടരുകയാണ്. കൂടുതല്‍ ശക്തമായി തന്നെ തുടരുകയാണ് എന്ന് പറയുന്നതാവും ശരി. നല്ലൊരു വിഭാഗം ജനങ്ങളും പ്രതിപക്ഷ പാര്‍ട്ടികള്‍ ആകെയും ബി.ജെ.പി വിജയത്തെ സംശയത്തോടെയാണ് നോക്കി കാണുന്നത്. മുന്‍പ് ഒരു കാലത്തും ഉണ്ടാകാത്ത തരത്തിലുള്ള ആശങ്കയാണിത്.

ഈ സാഹചര്യത്തില്‍ വരുന്ന നിയമസഭ തെരഞ്ഞെടുപ്പുകളിലെങ്കിലും പഴയ വോട്ടിങ് രീതിയിലേക്ക് മടങ്ങാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ മുന്‍കൈ എടുക്കണം. ഒരു പരീക്ഷണമായി തന്നെ ഇതിനെ കണ്ടാല്‍ മതി. അവസാനത്തെ അവസരമാണെന്ന് പറഞ്ഞാലും പ്രതിപക്ഷം ഒരു പക്ഷേ സമ്മതിച്ച് തരും. കാരണം അത്തരമൊരു വോട്ടിങ് രീതി ഇപ്പോള്‍ അവരെ സംബന്ധിച്ചും അനിവാര്യമാണ്. പുറത്ത് വരുന്ന ചില വാര്‍ത്തകള്‍ ഇലക്ട്രോണിക്സ് വോട്ടിങ് ഉപേക്ഷിക്കേണ്ടതിന്റെ ആവശ്യകതയാണ് ചൂണ്ടിക്കാട്ടുന്നത്.

ലോകസഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്തെ മുന്നൂറുലധികം മണ്ഡലങ്ങളിലെ വേട്ടെണ്ണലില്‍ വ്യാപക ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്.

370 ഓളം മണ്ഡലങ്ങളില്‍ പോള്‍ ചെയ്ത വോട്ടുകളേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ഇവിഎം എണ്ണിയപ്പോള്‍ കിട്ടിയെന്നാണ് ഔണ്‍ലൈന്‍ മാധ്യമമായ ക്വിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആദ്യ നാല് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടന്ന 373 മണ്ഡലങ്ങളിലെ കണക്കുകളിലാണ് ക്രമക്കേട് ആരോപിച്ചിരിക്കുന്നത്.

ഉത്തര്‍പ്രദേശില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ ചലച്ചിത്ര താരം ഹേമമാലിനി മത്സരിച്ച മധുര മണ്ഡലത്തില്‍ ആകെ പോള്‍ ചെയ്തത് 10,88,206 വോട്ടായിരുന്നു്. എണ്ണി ഫലം പ്രഖ്യാപിച്ചപ്പോള്‍ ഇത് 10,98,112 ആയി മാറി. 9906 വോട്ടാണ് ഇവിടെ കൂടുതലായി കണ്ടെത്തിയിരിക്കുന്നത്. ബീഹാറിലെ ഔറൗഗബാദില്‍ പോള്‍ ചെയ്തത് 9,30,758 വോട്ടാണങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫല പ്രഖ്യാപന പ്രകാരം 8768 വോട്ടാണ്് വര്‍ധിച്ചിരിക്കുന്നത്്.

പോള്‍ ചെയ്തതിനെക്കാള്‍ കൂടുതല്‍ വോട്ട് എങ്ങനെ ഫല പ്രഖ്യാപന കണക്കുകളിലെത്തിയെന്നത് ദുരൂഹം തന്നെയാണ്. യുവജന സ്‌പോര്‍ട്‌സ് മന്ത്രിയായി സ്ഥാനമേറ്റ മുന്‍ ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവിന്റെ വിജയത്തിലും ഉണ്ട് പൊരുത്തകേടുകള്‍്. കിരണ്‍ റിജ്ജു മത്സരിച്ച അരുണാചല്‍ വെസ്റ്റില്‍ ആകെ പോള്‍ ചെയ്തതിനെക്കാള്‍ എണ്ണായിരത്തിനടുത്ത് വോട്ടാണ് കൂടുതലായി എണ്ണിയിരിക്കുന്നത്.

സ്ഥാനാര്‍ത്ഥികളുടെ വിജയ ശതമാനം വര്‍ദ്ധിപ്പിച്ച ഈ വോട്ടുകള്‍ എവിടെ നിന്ന് വന്നുവെന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ തയ്യാറായിട്ടില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റില്‍ അപ്പ്‌ലോഡ് ചെയ്തിരിക്കുന്ന പ്രകാരം ആദ്യ നാല് ഘട്ടങ്ങളിലെ 373 മണ്ഡലങ്ങളിലെ വോട്ടുകള്‍ പരിശോധിച്ചാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. ഇതില്‍ 370 സീറ്റുകളിലും പോള്‍ ചെയ്ത വോട്ടും എണ്ണിയ വോട്ടും തമ്മില്‍ പ്രകടമായ വ്യത്യാസമുണ്ട്.

ഉത്തരേന്ത്യയില്‍ നിന്നും ദക്ഷിണേന്ത്യയിലെത്തുമ്പോള്‍ തമിഴ്‌നാട്ടിലെ കാഞ്ചീപൂരം, ധര്‍മ്മപുരി, ശ്രീപെരുമ്പത്തൂര്‍, ചെന്നൈ സൗത്ത്, തിരുവള്ളൂര്‍ മണ്ഡലങ്ങളില്‍ ഒന്‍പതിനായിരം മുതല്‍ പതിനേഴായിരം വരെ വോട്ടുകളുടെ വ്യത്യാസമാണുള്ളത്.അതേസമയം അഞ്ച്, ആറ്, ഏഴ് ഘട്ടങ്ങളിലെ അവസാന കണക്ക് ഇത് വരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തിട്ടുമില്ല.

വോട്ടെടുപ്പ് പൂര്‍ത്തിയാകുന്ന ദിവസം തന്നെ പ്രിസൈഡിങ്ങ് ഓഫീസര്‍ക്ക് എത്ര വോട്ട് ചെയ്തുവെന്ന കണക്ക് ലഭ്യമാകുമെന്നിരിക്കെയാണ് കമ്മീഷന്റെ ഈ ഒളിച്ച് കളി. വോട്ട് വര്‍ധിച്ച മണ്ഡലങ്ങളെ കൂടാതെ പോള്‍ ചെയ്ത വോട്ടുകള്‍ കാണാതായ മണ്ഡലങ്ങളും നിരവധിയാണ്. ത്രിപുര വെസ്റ്റില്‍ ഇരുപതിനായിരത്തിനടുത്ത് വോട്ട് ഫലം പ്രഖ്യാപന കണക്കില്‍ കാണാനില്ല. ഭൂവനേശ്വറില്‍ എണ്ണായാരം വോട്ടും അദൃശ്യമാണ്. ക്രമക്കേട് കണ്ടെത്തിയിരിക്കുന്ന മണ്ഡലങ്ങളില്‍ തൊണ്ണൂറ് ശതമാനത്തിലും ബിജെപിക്കും സഖ്യകക്ഷികള്‍ക്കും വലിയ വിജയമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു വോട്ട് പോലും നിര്‍ണ്ണായകമായ തിരഞ്ഞെടുപ്പിലാണ് ഇത്ര വലിയ ക്രമക്കേട് നടന്നിരിക്കുന്നത്. പുറത്ത് വന്നത് ഗൗരവമേറിയ വിഷയമാണന്ന് മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഓ.പി റാവത്ത് പോലും ചൂണ്ടികാട്ടി കഴിഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടുള്ള കണക്കുകളുടെ അടിസ്ഥാനത്തിലാണ് വോട്ടുകളുടെ വിശദാംശങ്ങള്‍ പരിശോധിച്ചതെന്നതാണ് വാര്‍ത്ത പുറത്തുവിട്ട ക്വിന്റ് അവകാശപ്പെടുന്നത്.തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പ്രകാരം പല മണ്ഡലങ്ങളിലും പോള്‍ ചെയ്തതിനേക്കാള്‍ 10000 ത്തോളം അധിക വോട്ടുകള്‍ ഇവിഎമ്മുകളില്‍ എണ്ണിയെന്നാണ് ആ മാധ്യമം റിപ്പോര്‍ട്ടു ചെയ്യുന്നത്.

5,6,7 ഘട്ടങ്ങളില്‍ നടന്ന വോട്ടിങിന്റെ ഏകദേശ കണക്കുകളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടിരിക്കുന്നത് എന്നതിനാല്‍ ശേഷിക്കുന്ന മണ്ഡലങ്ങളിലെ കണക്കുകള്‍ കൃത്യമായി വിലയിരുത്താനാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ക്വിന്റിന്റെ റിപ്പോര്‍ട്ടിനെ പ്രതിപാദിച്ച് ഇവിഎമ്മുകളില്‍ ആരോപിക്കപ്പെടുന്ന ക്രമക്കേടുകള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി പറയണമെന്ന ആവശ്യവും ഇതിനകം ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്.

സര്‍ക്കാരുകളെ വിലയിരുത്തന്‍ ജനങ്ങള്‍ക്ക് കിട്ടുന്ന അവസരമാണ് തെരഞ്ഞെടുപ്പ്. അത് കൊണ്ടു തന്നെ ജനങ്ങള്‍ക്ക് ഈ സംവിധാനത്തെ വിശ്വാസത്തിലെടുക്കാന്‍ കഴിയേണ്ടതുണ്ടെന്നാണ് പ്രതിപക്ഷം ചൂണ്ടികാട്ടുന്നത്. പോള്‍ ചെയ്ത വോട്ടുകളിലും ഇ.വി.എമ്മില്‍ രേഖപ്പെടുത്തിയ വോട്ടുകളിലും തുടര്‍ച്ചയായി ക്രമക്കേടുണ്ടാവുന്നുണ്ട്. ഈ വൈരുദ്ധ്യം എങ്ങനെ വരുന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരിക്കണമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നു. തികച്ചും ന്യായമാണ് ഈ ആവശ്യം. തെരഞ്ഞെടുപ്പു കമ്മീഷന് ഇക്കാര്യത്തില്‍ ബാധ്യതയുണ്ട്.

ഈ സാഹചര്യത്തില്‍ ഇലക്ടോണിക്സ് വോട്ടിങ് രീതിയോട് താല്‍ക്കാലികമായെങ്കിലും ഗുഡ് ബൈ പറയുന്നതാണ് നല്ലത്. ആധുനിക രീതിയിലുള്ള കുറ്റകൃത്യങ്ങള്‍ വ്യാപകമാകുന്ന പുതിയ കാലത്ത് ടെക്നോളജി രാജ്യങ്ങള്‍ പോലും ബാലറ്റ് പേപ്പറിലേക്ക് മടങ്ങിപ്പോയത് നാം കാണാതെ പോകരുത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് എല്ലാം സുതാര്യമാകുക തന്നെ വേണം. അവിടെ ചെറിയ സംശയങ്ങള്‍ക്ക് പോലും ഇട നല്‍കരുത്. ഈ സംശയ നിവാരണത്തിന് ബാലറ്റ് പേപ്പര്‍ കാരണമാകുമെങ്കില്‍ ബി.ജെ.പി തന്നെയാണ് ഇക്കാര്യത്തില്‍ മുന്‍ കൈ എടുക്കേണ്ടത്. എല്ലാം സുതാര്യമായാണ് നടന്നതെങ്കില്‍ ആ പാര്‍ട്ടി അതിന് തയ്യാറാകുകയാണ് വേണ്ടത്.

Top