ഫ്ലാറ്റ് ഉടമകള്‍ക്കുള്ള നഷ്ടപരിഹാരം; കെ ബാലകൃഷ്ണൻ കമ്മിറ്റി യോഗം ഇന്നും തുടരും

കൊച്ചി : മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കുന്നതിന് മുന്നോടിയായി, ഫ്‌ലാറ്റുടമകളുടെ നഷ്ടപരിഹാരം നിര്‍ണയിക്കാനുള്ള ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ കമ്മിറ്റിയുടെ യോഗം ഇന്നും തുടരും. ഇന്നലെ 35 ഫ്‌ലാറ്റുടമകള്‍ക്ക് കൂടി നഷ്ടപരിഹാരം നല്‍കാനുള്ള ശുപാര്‍ശ സമിതി സര്‍ക്കാരിന് കൈമാറിയിരുന്നു.

നിര്‍ദേശപ്രകാരം മൂന്ന് പേര്‍ക്ക് മാത്രമാണ് 25 ലക്ഷം രൂപ ശുപാര്‍ശ ചെയ്തിട്ടുള്ളത്. ആകെ 49 പേര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള നിര്‍ദ്ദേശമാണ് സമിതി സര്‍ക്കാരിന് നല്‍കിയത്. സമിതിക്ക് മുമ്പാകെയുള്ള ബാക്കി അപേക്ഷകളാണ് ഇന്ന് പരിശോധിക്കുക.

241 പേര്‍ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹത ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. അതേസമയം, കെട്ടിട നിര്‍മാതാക്കളോട് വില്‍പന രേഖയുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാനും സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം ഫ്‌ലാറ്റ് സമുച്ചയങ്ങള്‍ പൊളിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നടപടികള്‍ അംഗീകരിച്ച് മുന്നോട്ട് പോവാന്‍ നഗരസഭാ കൗണ്‍സില്‍ തീരുമാനമായി.

ഫ്‌ലാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന മരട് നഗരസഭ കൌണ്‍സില്‍ യോഗം ഫ്‌ലാറ്റുകള്‍ കമ്പനിയെ ഏല്‍പ്പിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ക്ക് പ്രത്യേക അംഗീകാരം നല്‍കിയില്ല. കമ്പനികളെ തീരുമാനിച്ച് കഴിഞ്ഞ പതിമൂന്നാം തീയതി സബ് കലക്ടര്‍ സര്‍ക്കാരിന് കത്തയച്ചതായും അതിനാല്‍ കൌണ്‍സിലിന്റെ പ്രത്യേക അംഗീകാരത്തിന്റെ ആവശ്യമില്ലെന്നായിരുന്നു യോഗതീരുമാനം.

ആല്‍ഫാ സെറീന്‍ ഫ്‌ലാറ്റ് വിജയ് സ്റ്റീല്‍ കമ്പനിക്കും, മറ്റ് മൂന്ന് ഫ്‌ലാറ്റുകള്‍ എഡിഫൈസ് കമ്പനിക്കും കൈമാറാനാണ് നിലവില്‍ ധാരണയായിട്ടുള്ളത്. പൊളിക്കല്‍ നടപടിക്ക് തുടക്കും കുറിക്കുന്നതിന്റെ ഭാഗമായി വിജയ് സ്റ്റീല്‍ കമ്പനികളുടെ തൊഴിലാളികള്‍ ഇന്നലെ അല്‍ഫാ സെറീന്‍ ഫ്‌ലാറ്റിലെത്തി പൂജ നടത്തിയിരുന്നു.

Top