Balakrishna pillai planned to merge Kerala Congress Scaria

തിരുവനന്തപുരം: എല്‍.ഡി.എഫ് ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് സ്‌കറിയ തോമസ് വിഭാഗത്തില്‍ ലയിച്ച് കെ.ബി ഗണേഷ്‌കുമാറിനെ മന്ത്രിയാക്കാന്‍ കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്‍ ബാലകൃഷ്ണപിള്ളയുടെ ചാണക്യനീക്കം.

ഇടതുമുന്നണി ഘടകകക്ഷികളല്ലാത്തവര്‍ക്ക് മന്ത്രി സ്ഥാനം നല്‍കേണ്ടതില്ലെന്ന മുന്നണി തീരുമാനമാണ് ഗണേഷിന്റെ മന്ത്രിമോഹത്തിന് തിരിച്ചടിയായത്. ഇതോടെയാണ് ഇടതുഘടകക്ഷിയായ സ്‌കറിയ തോമസ് വിഭാഗത്തില്‍ ഉടന്‍ ലയിക്കാന്‍ ബാലകൃഷ്ണപിള്ള ചരടുവലിക്കുന്നത്.

സ്‌കറിയ തോമസ് കടുത്തുരുത്തിയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഗണേഷ്‌കുമാര്‍ പത്തനാപുരത്ത് നടന്‍ ജഗദീഷിനെതിരെ വിജയം നേടിയെങ്കിലും ഇടതുമുന്നണിയില്‍ അംഗമല്ലാത്തത് തിരിച്ചടിയായി. ഒറ്റ എം.എല്‍.എയുള്ള കോണ്‍ഗ്രസ് എസിലെ കടന്നപ്പള്ളിക്ക് മന്ത്രി സ്ഥാനം കിട്ടിയപ്പോള്‍ ഗണേഷിനെ തഴയുകയായിരുന്നു.

സോളാര്‍ കേസില്‍ ഇടതുപക്ഷത്തിന് ആരോപണത്തിനുള്ള ആയുധങ്ങള്‍ നല്‍കിയത് ബാലകൃഷ്ണപിള്ളയും മകന്‍ ഗണേഷ്‌കുമാറുമായിരുന്നു. ഇടമലയാര്‍ അഴിമതി കേസില്‍ വി.എസ് ബാലകൃഷ്ണപിള്ളയെ ജയിലിലടച്ചിട്ടുപോലും പിള്ളയുമായി സഖ്യം ചേരാന്‍ സി.പി.എം തീരുമാനിച്ചത് ഈ സഹായംകൂടി പരിഗണിച്ചാണ്.

മന്ത്രി സ്ഥാനത്തിന് മുന്നണി അംഗത്വം വേണമെന്ന സി.പി.എം നിലപാട് മനസിലാക്കിയാണ് കേരള കോണ്‍ഗ്രസ് സ്‌കറിയ തോമസ് വിഭാഗത്തില്‍ ലയിക്കാനുള്ള നീക്കം. സ്‌കറിയ തോമസ് ലയനകാര്യം മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. ഗണേഷിനെ മന്ത്രിയാക്കുന്നതില്‍ എന്‍.എസ്.എസ് നേതൃത്വത്തിനും താല്‍പര്യമുണ്ട്.

ജൂണ്‍ 24ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുമുമ്പ് ലയനം നടത്താനാണ് ബാലകൃഷ്ണപിള്ളയുടെ നീക്കം. നിലവില്‍ 19 അംഗ മന്ത്രിസഭയായതിനാല്‍ ഒരാളെക്കൂടി മന്ത്രിയാക്കുന്നതിന് തടസമില്ല. എന്നാല്‍ ഇതിന് സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെയും ഇടതുമുന്നണിയുടെയും അനുമതികൂടി വേണ്ടി വരും.

ഉമ്മന്‍ചാണ്ടി പോലും വിവാദത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനത്തു നിന്നും മാറ്റി നിര്‍ത്തിയ ഗണേഷ്‌കുമാറിനെ മന്ത്രി സ്ഥാനം നല്‍കുന്നത് സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന വികാരം ചില സി.പി.എം നേതാക്കള്‍ക്കുണ്ട്.

Top