ഇന്ത്യൻ സേന നടത്തിയ ആക്രമണത്തെ ‘അപമാനിച്ച’തിനു പിന്നിൽ ഐ.എസ്.ഐ !

ല്‍ ജസീറ എന്ന് പറഞ്ഞാല്‍ കള്ളം പറയുന്ന ചാനല്‍ എന്ന നിലയിലേക്ക് ഈ അന്താരാഷ്ട്ര മാധ്യമം മാറിയിരിക്കുന്നു. ഇന്ത്യന്‍ വ്യോമസേന പാക്ക് ഭീകരകേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയിട്ടില്ലന്ന് പറഞ്ഞാണ് കള്ള പ്രചരണം ഈ മാധ്യമം പടച്ച് വിട്ടത്. പിന്നീട് ചില മാധ്യമ ഏജന്‍സികളും ഇത് ഏറ്റു പിടിച്ചു. പാക്ക് സൈന്യം കൊണ്ടു പോയി കാണിച്ച ദൃശ്യങ്ങളും വിവരങ്ങളും വാര്‍ത്തയാക്കി ലോകത്തെ തന്നെ തെറ്റിധരിപ്പിക്കാനാണ് അല്‍ ജസീറ ശ്രമിച്ചത്. ഇതിന് പാക്ക് സൈന്യം ചില ദൃക്‌സാക്ഷികളെയും ചാനലിനു നല്‍കിയിരുന്നു. നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തനം എന്ന് അവകാശപ്പെടുന്ന ചാനലിന്റെ ഉദ്ദേശശുദ്ധി തന്നെ ചോദ്യം ചെയ്യുന്ന സംഭവമാണിത്.

ഐഎസ് ഭീകരരെ സഹായിക്കുന്നൂ എന്ന് സൗദി അറേബ്യ തന്നെ ആരോപിക്കുന്ന രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഈ മാധ്യമത്തില്‍ നിന്നും കൂടുതല്‍ ഒന്നും പ്രതീക്ഷിച്ചിട്ട് കാര്യവുമില്ല.ഇന്ത്യന്‍ ബോംബാക്രമണവുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്ത് വന്ന ശേഷം ബാലക്കോട്ടെ പ്രദേശവാസികള്‍ ബോംബാക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായ വിവരവും പുറത്ത് പറഞ്ഞിട്ടുണ്ട്. ബോംബ് സ്‌ഫോടനം നടന്ന ഉടനെ പാക്ക് സൈന്യം ഇവിടെ വളഞ്ഞതായും മൃതദേഹങ്ങള്‍ നീക്കം ചെയ്തതായുമായ വിവരങ്ങളാണ് അല്‍ ജസീറ വാര്‍ത്തക്ക് പിന്നാലെ പുറത്ത് വന്നത്. ഈ രണ്ട് വാര്‍ത്തകളിലെയും യാഥാര്‍ത്ഥ്യം ഏതാണെന്ന് ഇന്ത്യ ഒദ്യോഗികമായി ബോംബാക്രമണ ദൃശ്യങ്ങള്‍ പുറത്ത് വിടുന്നതോടെ സംശയരോഗികള്‍ക്കും ബോധ്യപ്പെടും. അതുവരെ ഇതേ കുറിച്ച് ഒരു വിലയിരുത്തല്‍ നടത്താതിരിക്കുന്നതാണ് നല്ലത്.

അല്‍ ജസീറയും അവരുടെ വാര്‍ത്ത അതേ പോലെ വിസര്‍ജ്ജിച്ച മറ്റ് ചില മാധ്യമങ്ങളുടെയും വാര്‍ത്തകള്‍ മുഖവിലക്കെടുത്ത് ഇന്ത്യയില്‍ പ്രചരണം നടത്തുന്നവര്‍ ആരുടെ താല്‍പ്പര്യമാണ് മുന്നോട്ട് വയ്ക്കുന്നതെന്നും വ്യക്തമാക്കേണ്ടതുണ്ട്. ഇന്ത്യന്‍ വ്യോമസേനയാണ് പാക്കിസ്ഥാനില്‍ കയറി ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തത്. അല്ലാതെ ബി ജെ.പി യോ ആര്‍.എസ്.എസോ അല്ല. രാജ്യത്തിന്റെ യഥാര്‍ത്ഥ കാവല്‍ക്കാരുടെ പ്രവര്‍ത്തിയെ അവരുടെ സംരക്ഷണത്തില്‍ ഇരുന്ന് സംശയിക്കരുത്. കൊന്നവരുടെ കണക്കെടുക്കലല്ല വ്യോമസേനയുടെ ജോലിയെന്ന് സേനാമേധാവി തന്നെ ഇപ്പോള്‍ മറുപടി നല്‍കിയിട്ടുണ്ട്. കാട്ടില്‍ ബോംബിടാനല്ല ഇന്ത്യന്‍ വൈമാനികരെ പരിശീലിപ്പിച്ചതെന്ന് രാഷ്ട്രീയ നേതൃത്വങ്ങളും മറന്നുപോകരുത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബി.ജെ.പിയോടും ആശയപരമായ വിയോജിപ്പ് ആകാം. അവരെ സംശയിക്കുകയും ആവാം. പക്ഷേ സൈന്യത്തിനെ സംശയിക്കരുത്. അവരുടെ മനോവീര്യം തകര്‍ക്കരുത്. അത് മമത ബാനര്‍ജി ആയാലും ദിഗ് വിജയ് സിംഗ് ആയാലും രാഹുല്‍ ഗാന്ധി ആയാലും മറ്റേത് പ്രതിപക്ഷ നേതാക്കളായാലും മനസിലാക്കുന്നത് നല്ലതാണ്. 300 ഭീകരരെ കൊന്നെന്ന് സൈന്യം പ്രഖ്യാപിച്ചിട്ടില്ല. ലക്ഷ്യം നിറവേറ്റിയെന്നും ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തെന്നുമാണ് സൈന്യം വ്യക്തമാക്കിയത്. എണ്ണമൊക്കെ മാധ്യമ സൃഷ്ടിയാണ്.

ഭീകരരുടെ എണ്ണം എടുത്തല്ല അവിടെ ബോംബിടുക. ആക്രമണ സമയത്ത് എത്ര പേര്‍ ഭീകരതാവളത്തില്‍ ഉണ്ടായിരുന്നുവോ അവരെല്ലാം സ്വാഭാവികമായും കൊല്ലപ്പെട്ടിട്ടുണ്ടാകും. അത് മനസ്സിലാക്കാന്‍ ഏതൊരാള്‍ക്കും സാമാന്യബുദ്ധി മതി. മസൂദ് അസ്ഹറിന്റെ സഹോദരന്‍ അബ്ദുള്‍ റൗഫ് അസ്ഹറിന്റെ പേരില്‍ പുറത്ത് വന്ന ശബ്ദരേഖയില്‍ ഇന്ത്യന്‍ യുദ്ധവിമാനം ജയ്‌ഷെ കേന്ദ്രത്തില്‍ ബോംബിട്ടതായും ആക്രമണത്തിന് പിന്നാലെ മൃതദേഹങ്ങള്‍ അവിടെ നിന്നും മാറ്റിയതായും പറയുന്നുണ്ട്. ഈ ശബ്ദരേഖ തന്റെ അല്ലെങ്കില്‍ അബ്ദുള്‍ റൗഫ് ഇതിനകം തന്നെ അത് നിഷേധിക്കുമായിരുന്നു. മാത്രമല്ല ജയ്‌ഷെ മുഹമ്മദിന് ഒരു ചുക്കും സംഭവിച്ചിട്ടില്ലങ്കില്‍ എന്തുകൊണ്ടാണ് ഒരു ഭീകരന്‍ പോലും ലൈവായി പ്രതികരണം നടത്താതിരുന്നത്. സാധാരണ നേരിട്ട് സ്‌ക്രീനില്‍ വന്ന് ഭീഷണിപ്പെടുത്താന്‍ മടിക്കാത്ത ഭീകരവര്‍ഗ്ഗമാണല്ലോ ഇത് ?

ഭീകര തലവന്‍ മസൂദ് അസ്ഹര്‍ മരണപ്പെട്ടതായ വാര്‍ത്തയോട് പോലും ലൈവായി പ്രതികരിക്കാന്‍ ആ ഭീകര സംഘടന തയ്യാറായിട്ടില്ല എന്നതും ഓര്‍ക്കണം. ജയ്‌ഷെ മുഹമ്മദിന്റെ പേരില്‍ ഒരു പ്രസ്താവന മാത്രമാണ് ഇക്കാര്യത്തില്‍ പുറത്ത് വന്നത്. അത് തന്നെ പാക്ക് ചാരസംഘടന ഐ.എസ്.ഐയുടെ ഇടപെടലിന്റെ ഭാഗമാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. മസൂദ് അസ്ഹര്‍ മരണപ്പെട്ടില്ലെങ്കില്‍ എന്തുകൊണ്ട് അദ്ദേഹത്തിന്റെ ദൃശ്യങ്ങള്‍ പാക്ക് മാധ്യമങ്ങള്‍ കാണിക്കുന്നില്ല ? പാക്ക് കൂറില്‍ ഉറച്ച് നിന്ന് റിപ്പോര്‍ട്ട് ചെയ്ത അല്‍ ജസീറ എന്തേ ആ ദൃശ്യം പുറത്ത് വിടാത്തത് ?

ഏറെ സംശയം ഉയര്‍ത്തുന്ന ചോദ്യമാണിത്. പ്രത്യേകിച്ച് ഇന്ത്യ ബോംബിട്ട് തകര്‍ത്ത ബാലക്കോട്ടില്‍ മസൂദ് അസ്ഹറിന്റെ ഗസ്റ്റ് ഹൗസും ഉണ്ടായിരുന്നു എന്നതും നാം ഓര്‍ക്കണം. സൈനിക ആശുപത്രിയില്‍ ഈ ഭീകരന്‍ ചികിത്സയിലാണെന്ന് പാക്കിസ്ഥാന്‍ പറയുമ്പോള്‍ തന്നെ ഭീകരര്‍ക്ക് ക്ലാസ് എടുക്കുന്നതിനായി ബാലകോട്ടിലെ ഭീകര കേന്ദ്രത്തില്‍ മസൂദ് അസഹര്‍ എത്താറുണ്ടെന്നതാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിരുന്ന വിവരം.

ബോംബാക്രമണത്തില്‍ കൃഷി ഇടവും കാടും മാത്രമാണ് തകര്‍ന്നതെന്ന് പറഞ്ഞ് പാക്കിസ്ഥാന്‍ രംഗത്ത് വന്നപ്പോഴും ജയ്‌ഷെ മുഹമ്മദിന്റെ വിശ്വാസ്യയോഗ്യമായ ഒരു പ്രതികരണവും ആദ്യഘട്ടത്തില്‍ പുറത്ത് വന്നിരുന്നില്ല.വൈകി വന്ന പ്രതികരണമാകട്ടെ ആക്രമത്തെ സാധൂകരിക്കുന്നതുമാണ്.

പുല്‍വാമയില്‍ ഭീകര ആക്രമണം നടത്തിയപ്പോള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഉത്തരവാദിത്വമേറ്റ ഭീകരനേതൃത്വം ഇന്ത്യ നടത്തിയ ബോംബ് ആക്രമണത്തോട് കാണിച്ച മൗനം തന്നെ എത്രമാത്രം ക്ഷതം അവര്‍ക്കേറ്റു എന്നതിന് തെളിവാണ്. മസൂദ് അസ്ഹര്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടാ അതോ മരണപ്പെട്ടോ ? മരണപ്പെട്ടെങ്കില്‍ എങ്ങനെ ? ഈ ചോദ്യത്തിനുള്ള മറുപടി പാക്കിസ്ഥാന്‍ ഭരണകൂടമാണ് ഇനി നല്‍കേണ്ടത്.

ഇക്കാര്യത്തില്‍ പാക്ക് വിശദീകരണം വന്നാലും ഇല്ലങ്കിലും ഏറെ നാള്‍ സത്യം ഒളിച്ച് വയ്ക്കാന്‍ കഴിയില്ല. കേവലമായ രാഷ്ട്രീയ പകയില്‍ രാജ്യത്തിന്റെ അഭിമാനത്തെ ചോദ്യം ചെയ്യരുത്. മോദിയല്ല ആര് തന്നെ രാജ്യം ഭരിച്ചാലും നമ്മുടെ സേന വേണം രാജ്യം കാക്കാന്‍. ഇപ്പോള്‍ സൈനിക നടപടിയെ ചോദ്യം ചെയ്യുന്ന നേതാക്കള്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ സംരക്ഷണയിലാണ് ഈ വീരവാദം മുഴക്കുന്നതെന്നതും നല്ലത് പോലെ ഓര്‍ക്കണം. പാക്ക് മാധ്യമങ്ങളില്‍ ഹീറോ ആകാന്‍ ഇന്ത്യന്‍ മണ്ണില്‍ നിന്നല്ല പ്രസംഗിക്കേണ്ടത്. അതിന് നിങ്ങള്‍ക്ക് പാപികളുടെ ആ മണ്ണാണ് ചേരുക.

Team Express Kerala

Top