ജെയ്‌ഷെ ക്യാമ്പ് ; ബാലക്കോട്ടിനേക്കാള്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ബിപിന്‍ റാവത്ത്

ന്യുഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന് പകരം ചോദിക്കാന്‍ ഇന്ത്യ ബാലക്കോട്ടില്‍ നടത്തിയ പ്രത്യാക്രമണത്തില്‍ തകര്‍ന്ന ജയ്‌ഷെ മുഹമ്മദ് ക്യാമ്പ് വീണ്ടും സജീവമായതായി കരസേനാമേധാവി ജനറല്‍ ബിപിന്‍ റാവത്ത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വീണ്ടും ജയ്‌ഷെ തീവ്രവാദികള്‍ ഈ ക്യാമ്പ് പുനര്‍നിര്‍മിക്കാന്‍ തുടങ്ങിയതായി ഇന്ത്യയ്ക്ക്‌ വിവരം ലഭിച്ചതായും അദ്ദേഹം വെളിപ്പെടുത്തി . അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തിന് ഇന്ത്യയുടെ മറുപടി കനത്തതായിരിക്കുമെന്ന് ജനറല്‍ ബിപിന്‍ റാവത്ത് മുന്നറിയിപ്പ് നല്‍കി.

അന്താരാഷ്ട്ര ശ്രദ്ധ ഒഴിവാക്കാന്‍ പുതിയ പേരില്‍ ആരംഭിച്ച കേന്ദ്രത്തില്‍ കശ്മീരിലും ഇന്ത്യയിലെ മറ്റിടങ്ങളിലും സ്‌ഫോടനങ്ങള്‍ നടത്താന്‍ 40 തീവ്രവാദികള്‍ക്ക് പരിശീലനം നല്‍കല്‍ ആരംഭിച്ചതായും കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ബിപിന്‍ റാവത്ത്.

ഏകദേശം 500-ഓളം നുഴഞ്ഞുകയറ്റക്കാര്‍ ഇന്ത്യയുടെ പല അതിര്‍ത്തികളിലായി തക്കം പാര്‍ത്തിരിക്കുന്നുണ്ടെന്നും, ഇനിയും ഈ എണ്ണം കൂടാനാണ് സാധ്യതയെന്നുംഅദ്ദേഹം വ്യക്തമാക്കി. ഈ വെല്ലുവിളികളെല്ലാം നേരിടാന്‍ തീര്‍ത്തും സജ്ജമാണ് ഇന്ത്യന്‍ സൈന്യമെന്ന് ബിപിന്‍ റാവത്ത് അറിയിച്ചു. ബാലകോട്ട് പോലൊരു പ്രത്യാക്രമണം ഇനിയും ഉണ്ടാകുമോ എന്ന് ചോദിച്ചപ്പോള്‍ ”എന്തുകൊണ്ട് ബാലകോട്ട് ആവര്‍ത്തിക്കണം? അതിനുമപ്പുറത്തുള്ള തിരിച്ചടി നല്‍കിക്കൂടേ? അവര്‍ എന്തുണ്ടാകുമെന്ന് ആലോചിച്ചുകൊണ്ടേയിരിക്കട്ടെ”യെന്നാണ് ബിപിന്‍ റാവത്ത് പ്രതികരിച്ചത്.

കശ്മീരില്‍ തീവ്രവാദികളാണ് പ്രശ്‌നമുണ്ടാക്കുന്നതെന്ന് ബിപിന്‍ റാവത്ത് പറഞ്ഞു. താഴ് വരയില്‍ ജനജീവിതം സാധാരണ നിലയിലാണ്. തീവ്രവാദികളെ ഉപയോഗിച്ച് പാക്കിസ്ഥാന്‍ കശ്മീരില്‍ ഒളിപ്പോര് നടത്തുകയാണ്. നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി എടുത്തുമാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജമ്മു കശ്മീരിലെ വാര്‍ത്താ വിനിമയ സംവിധാനമടക്കമുള്ള കാര്യങ്ങളിലെ നിയന്ത്രണങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അദ്ദേഹം അതിനെ എതിര്‍ത്തു. ”സാധാരണക്കാര്‍ക്ക് തമ്മില്‍ സംസാരിക്കുന്നതിന് ഒരു പ്രശ്‌നവുമില്ല. പ്രശ്‌നം തീവ്രവാദികള്‍ക്കാണ്. അവര്‍ക്ക് തമ്മില്‍ സംസാരിക്കാനാകുന്നില്ലെന്നതാണ് പ്രശ്‌നമെന്നും” അദ്ദേഹം പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍, കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും ജമ്മു കശ്മീരിനെ വിഭജിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പാക്കിസ്ഥാന്റെ പിന്തുണയോടെ ജെയ്‌ഷെയുടെ പുതിയ നീക്കം. കശ്മീരിലെ ഇന്ത്യന്‍ നടപടികള്‍ക്ക് പിന്നാലെ ഇന്ത്യയെ ലക്ഷ്യം വെക്കുന്ന ഭീകര ഗ്രൂപ്പുകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ക്ക് പാക്കിസ്ഥാന്‍ ഇളവ് വരുത്തിയതായി വാര്‍ത്തകളുണ്ടായിരുന്നു.

കശ്മീരിലെ പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് തിരിച്ചടിയായാണ് ബാലക്കോട്ടില്‍ ആക്രമണം നടത്തിയത്. ഫെബ്രുവരി 26 നായിരുന്നു ബാലക്കോട്ട് വ്യോമസേന പ്രത്യാക്രമണം നടത്തിയത്.

പാക്ക് ഭീകര താവളങ്ങളെ ലക്ഷ്യമിട്ട് 12 മിറാഷ് യുദ്ധവിമാനങ്ങളാണ് ഇന്ത്യന്‍ വ്യോമ സേന ദൗത്യത്തിനായി ഉപയോഗിച്ചത്. ദൗത്യത്തില്‍ പങ്കെടുത്ത വ്യോമസേനാ പൈലറ്റുമാര്‍ക്ക് രാഷ്ട്രപതി വായുസേനാ മെഡല്‍ നല്‍കി ആദരിക്കുകയും ചെയ്തിരുന്നു.

Top