ന്യൂഡല്‍ഹി : പാക് സൈന്യത്തിന്റെ പിടിയില്‍നിന്ന് തിരിച്ചെത്തിയ ഇന്ത്യന്‍ വിംഗ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ദ്ധമാനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അഭിമാനമാണ് അഭിനന്ദന് എന്നാണ് രാഹുല്‍ ട്വീറ്റ് ചെയ്തത്.
‘വിംഗ് കമാന്‍ഡര്‍ അഭിനന്ദന്, താങ്കളുടെ മഹത്വം, ധീരത എല്ലാം ഞങ്ങളുടെ അഭിമാനമാണ്. ഒരുപാട് സ്നേഹത്തോടെ സ്വാഗതം’- രാഹുല്‍ ട്വീറ്റ് ചെയ്തു.
വൈകിട്ട് ഒമ്പത് മണിയോടെയാണ് വിങ് കമാൻഡർ അഭിനന്ദൻ വർദ്ധമാനെ പാകിസ്ഥാൻ ഇന്ത്യയ്ക്ക് കൈമാറിയത്. മണിക്കൂറുകൾ വൈകിച്ചാണ് അഭിനന്ദനെ പാകിസ്ഥാൻ ഇന്ത്യക്ക് വിട്ടു നൽകിയത്. വ്യോമസേനയിലെയും പ്രതിരോധ, വിദേശകാര്യമന്ത്രാലയങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ വിങ് കമാൻഡറെ സ്വീകരിക്കാൻ എത്തിയിരുന്നു.
വൈകിട്ട് അഞ്ചോടെ വാഗ അതിര്‍ത്തിയില്‍ എത്തിച്ച അഭിനന്ദനെ 5.25-ന് ഇന്ത്യക്ക് കൈമാറിയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വാഗാ അതിര്‍ത്തിയില്‍ എത്തിച്ച അഭിനന്ദനെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഓഫീസര്‍മാര്‍ക്ക് കൈമാറിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ നടപടിക്രമങ്ങള്‍ പിന്നെയും മണിക്കൂറുകള്‍ നീണ്ടു. 9.20-നാണ് ഒടുവില്‍ ഔദ്യോഗികമായി വൈമാനികനെ ഇന്ത്യക്കു കൈമാറിയത്. വൈദ്യ പരിശോധനയടക്കം മണിക്കൂറുകള്‍ നടപടിക്രമങ്ങള്‍ നീണ്ടതാണ് അഭിനന്ദന്റെ തിരിച്ചുവരവ് വൈകിച്ചത്.