പുല്‍വാമയ്ക്ക് പകരം! പാകിസ്ഥാന്റെ കണ്ണുതള്ളിയ ബാലകോട്ട് അക്രമണത്തിന് ഒരു വര്‍ഷം

2019 ഫെബ്രുവരി 26ന് പുലര്‍ച്ചെയാണ് ഇന്ത്യന്‍ വ്യോമസേന പാകിസ്ഥാനിലെ ബാലകോട്ടിലുള്ള ജെയ്‌ഷെ മുഹമ്മദ് ഭീകരകേന്ദ്രങ്ങള്‍ അക്രമിച്ചത്. ഇന്ത്യ നേരിട്ട പൈശാചികമായ ഭീകരാക്രമണമായ പുല്‍വാമയ്ക്ക് പകരംവീട്ടവെയാണ് ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ ബോംബ് വര്‍ഷിച്ചത്. 2019 ഫെബ്രുവരി 14നാണ് സിആര്‍പിഎഫ് ജവാന്മാര്‍ സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെ ചാവേര്‍ സ്‌ഫോടനവസ്തുക്കള്‍ നിറച്ച വാഹനം ഓടിച്ച് കയറ്റിയത്.

40 സിആര്‍പിഎഫ് ജവാന്മാര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ജമ്മുശ്രീനഗര്‍ ദേശീയ പാതയില്‍ നടന്ന അക്രമണത്തോടെ ഇന്ത്യയും, പാകിസ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായി. പുല്‍വാമ ഭീകരാക്രമണം നടന്ന് 12 ദിവസങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ വ്യോമസേന മിറാഷ് 2000 യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചാണ് കൃത്യതയോടെ തിരിച്ചടിച്ചത്. പാക് വ്യോമമേഖലയില്‍ 21 മിനിറ്റാണ് ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ ചെലവഴിച്ചത്.

യുദ്ധവിമാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ ഇഎംബി 145 ആണ് ഉപയോഗിച്ചത്. ദൂരെനിന്ന് തന്നെ ഏതെങ്കിലും തരത്തിലുള്ള ഭീഷണി അറിയിക്കാന്‍ ഉദ്ദേശിച്ചായിരുന്നു ഇത്. ഒപ്പം ആകാശത്ത് വെച്ച് തന്നെ ഇന്ധനം നിറയ്ക്കാനുള്ള റിഫ്യുവലറും ഇന്ത്യ ഉപയോഗിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രയേലി സ്‌പൈസ് ഉള്‍പ്പെടെ ഗൈഡഡ് ബോംബുകളും, മികാ എയര്‍ ടു എയര്‍ മള്‍ട്ടി മിഷന്‍ മിസൈലുകളുമാണ് അപ്‌ഗ്രേഡ് ചെയ്ത മിറാഷിലുള്ളത്.

ഫോറിന്‍ സെക്രട്ടറി വിജയ് കെ ഗോഘലെയാണ് ഇന്ത്യ തിരിച്ചടിച്ച വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. വ്യോമമാര്‍ഗ്ഗം തിരിച്ചടിക്കാനുള്ള പാക് ശ്രമങ്ങള്‍ ഇന്ത്യ വിജയകരമായി തടഞ്ഞു. ഇന്ത്യ നല്‍കിയ ആ തിരിച്ചടിയുടെ വാര്‍ഷികം ആഘോഷിക്കുമ്പോള്‍ പാക് ചാരസംഘടന ഇന്ത്യയില്‍ അശാന്തി വിതയ്ക്കുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്ന് കഴിഞ്ഞു.

Top