ഉച്ചഭക്ഷണപദ്ധതി; സാങ്കേതികത്വം പറഞ്ഞ് കേന്ദ്രം പണം മുടക്കുന്നുവെന്ന് കെ.എന്‍. ബാലഗോപാല്‍

തിരുവനന്തപുരം:സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയെ ചൊല്ലി കേന്ദ്രസംസ്ഥാന പോര് തുടരുന്നു. കേരളത്തിനായി തുക അനുവദിച്ചെന്നും എന്നാല്‍ സംസ്ഥാനവിഹിതം ഉച്ചഭക്ഷണ പദ്ധതിയുടെ നോഡല്‍ അക്കൗണ്ടില്‍ നിക്ഷേപിച്ചില്ലെന്നും കേന്ദ്രം കുറ്റപ്പെടുത്തി.സാങ്കേതികത്വം പറഞ്ഞ് കേന്ദ്രം പണം മുടക്കുന്നുവെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ വിശദീകരിച്ചു.പല മേഖലകളിലും കേന്ദ്രം പണം നല്‍കാതെ ശ്വാസം മുട്ടിക്കുന്നു.ഏറ്റവും കൂടുതല്‍ കേന്ദ്രഫണ്ട് കിട്ടാനുള്ള സംസ്ഥാനമാണ് കേരളം.സംസ്ഥാനം ഒരു മേഖലയ്ക്കും നല്‍കിയ പണവും വെട്ടികുറച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

2021-22 വര്‍ഷത്തെ പദ്ധതിക്കുള്ള കേന്ദ്ര വിഹിതമായ 132.9 കോടി രൂപ സംസ്ഥാനത്തിനു കൈമാറിയെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്. പദ്ധതിയുടെ ഭാഗമായി സംസ്ഥാന വിഹിതമായ 76.78 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ നോഡല്‍ അക്കൗണ്ടിലേക്ക് കൈമാറണം . എന്നാല്‍ സര്‍ക്കാര്‍ ഇത് ചെയ്തില്ലെന്നാണ് കേന്ദ്രത്തിന്റെ വാദം. തുക അടയ്ക്കാന്‍ കഴിഞ്ഞ മാസം 31 വരെ ഇളവ് അനുവദിച്ചു. സംസ്ഥാനവിഹിതം ഉള്‍പ്പെടെ തുക ചെലവഴിക്കാത്തതിനാല്‍ ഈ വര്‍ഷത്തെ തുക അനുവദിക്കാനാകില്ലെന്നാണ് കേന്ദ്രം പറയുന്നത്. 2023-24 വര്‍ഷത്തെ പിഎം പോഷന്‍ പദ്ധതിയുടെ ആദ്യ ഗഡു ലഭ്യമാക്കാന്‍ ഇക്കാര്യങ്ങള്‍ നടപ്പാക്കാന്‍ നിര്‍ദേശിച്ചു ഓഗസ്റ്റ് 8ന് കേന്ദ്രം സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കിയെന്നും കേന്ദ്രം പറയുന്നു. എന്നാല്‍ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് കേന്ദ്രം ഫണ്ട് തടയുകയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

കേന്ദ്രവിഹിതം ലഭിക്കാന്‍ വൈകിയതിനാല്‍ 2021 -22ലെ കേന്ദ്രവിഹിതം ഉള്‍പ്പെടെ 209 കോടി രൂപ സംസ്ഥാനം ചെലവഴിച്ചെന്നാണ് വിദ്യാഭ്യാസവകുപ്പ് പറയുന്നത്. ഈ കണക്കുകള്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി ചെലവഴിച്ച തുക എന്ന നിലയിലാണ് 132.9 കോടി രൂപ നല്‍കിയതെന്നാണ് സംസ്ഥാനസര്‍ക്കാര്‍ വിശദീകരിക്കുന്നത്. ഒരിക്കല്‍ ചെലവഴിച്ച തുക നോഡല്‍ അക്കൌണ്ടില്‍ നിക്ഷേപിക്കാനാകില്ലെന്നും സംസ്ഥാനം വ്യക്തമാക്കുന്നു. ഈക്കാര്യങ്ങള്‍ കേന്ദ്രത്തെ ബോധ്യപ്പെടുത്തിയതാണെന്ന് സംസ്ഥാനം പറയുന്നു.

Top