ബാലഭാസ്‌കറിന്റെ മരണം; സിബിഐ നുണ പരിശോധന നടത്താനൊരുങ്ങുന്നു

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ സിബിഐ നുണ പരിശോധന നടത്തുന്നു. കലാഭവന്‍ സോബി, പ്രകാശന്‍ തമ്പി എന്നിവരെയാണ് നുണ പരിശോധനയ്ക്ക് വിധേയരാക്കുന്നത്. ഇതിനായി സിബിഐ കോടതിയെ സമീപിക്കും.

ബാലഭാസ്‌കറിന്റെ അപകട സ്ഥലത്ത് പലരെയും കണ്ടെന്നും അവര്‍ വാഹനം വെട്ടിപ്പൊളിക്കാന്‍ ശ്രമിച്ചു എന്നുമുള്ള വിവരങ്ങളാണ് കലാഭവന്‍ സോബി സിബിഐയോട് പറഞ്ഞത്. തുടര്‍ന്ന് കലാഭവന്‍ സോബിയെ സംഭവ സ്ഥലത്ത് കൊണ്ടുപോയി സിബിഐ തെളിവെടുപ്പു നടത്തി. വിശദമായ മൊഴിയുമെടുത്തു.

എന്നാല്‍ സിബിഐയുടെ പരിശോധനയില്‍ അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ് സോബി പറയുന്നതെന്നാണ് സിബിഐ ഭാഷ്യം. ഇതിന്റെ ഭാഗമായി അപകടം നടന്ന സ്ഥലത്തിന് സമീപമുള്ള വീട്ടുകാരുടെ മൊഴി സിബിഐ എടുത്തിരുന്നു.

വീട്ടുകാരാണ് അപകടം നടന്ന സ്ഥലത്തേക്ക് ആദ്യമെത്തുന്നത്. അപകടമാണ് സംഭവിച്ചതെന്നും പുറത്തു നിന്നുള്ളവരുടെ ഇടപെടല്‍ അതിലില്ല എന്നുമാണ് സിബിഐ അന്വേഷണത്തില്‍ വ്യക്തമായത്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കലാഭവന്‍ സോബിയെ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ സിബിഐ തീരുമാനിക്കുന്നത്.

Top