ബാലഭാസ്‌കറിന്റെ മരണം; സ്റ്റീഫന്‍ ദേവസ്സിയെ സിബിഐ ചോദ്യം ചെയ്യും

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസ്സിയുടെ മൊഴിയെടുക്കും. സ്റ്റീഫന്‍ ദേവസ്സിയോട് ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്ന് സിബിഐ ആവശ്യപ്പെട്ടു. ക്വാറന്റീനിലായതിനാല്‍ സ്റ്റീഫന്‍ ദേവസ്സി സാവകാശം ചോദിച്ചിരിക്കുകയാണ്. ഏറ്റവും അടുത്ത ദിവസങ്ങളില്‍ അദ്ദേഹത്തോട് തിരുവനന്തപുരം ഓഫീസിലെത്താനാണ് പറഞ്ഞത്.

അപകടത്തിനു ശേഷം സ്വകാര്യ ആശുപത്രിയില്‍ ബാലഭാസ്‌കറിനെ പ്രവേശിപ്പിച്ച സമയത്ത് സ്റ്റീഫന്‍ ദേവസ്സി കാണാന്‍ എത്തിയിരുന്നു. അന്ന് ഇവര്‍ സംസാരിച്ച കാര്യങ്ങളെന്തൊക്കെ എന്നറിയാനാണ് വിളിപ്പിച്ചത്. സ്റ്റീഫന്‍ ദേവസ്സിക്കെതിരേ ബന്ധുക്കളില്‍ ചിലര്‍ മൊഴിയും നല്‍കിയിട്ടുണ്ട്. ആ മൊഴിയുടെ കൂടി അടിസ്ഥാനത്തിലാണ് വിളിപ്പിക്കുന്നത്.

അപകടം സംബന്ധിച്ച് അന്വേഷണം പൂര്‍ത്തീകരിച്ചാല്‍ അടുത്ത ഘട്ടത്തില്‍ ബാലഭാസ്‌കറിന്റെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച അന്വേഷണത്തിലേക്ക് സിബിഐ കടക്കും. സ്റ്റീഫന്‍ ദേവസ്സിയുമായി ബാലഭാസ്‌കറിന് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു.

Top