ബാലഭാസ്‌ക്കറും ഭാര്യ ലക്ഷ്മിയുമെല്ലാം ചെയ്ത തെറ്റ് എന്താണെന്ന് പറയാനില്ലേ ?

യലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണം കൊലപാതകമായി കാണാനാണ് ഇവിടെ പ്രമുഖ മാധ്യമങ്ങള്‍ക്കടക്കം ഇപ്പോള്‍ താല്‍പ്പര്യം. അതിനു വേണ്ടിയുള്ള മത്സരമാണ് ചാനലുകളും പത്രമാധ്യമങ്ങളും നടത്തുന്നത്.

ആടിനെ പട്ടിയാക്കിയും പട്ടിയെ പിന്നെ പേപ്പട്ടിയാക്കിയും തല്ലിക്കൊല്ലുന്ന രീതിയ്ക്കും അപ്പുറമാണിത്. ഇത്തരക്കാര്‍ക്ക് ഒടുവില്‍ വീണു കിട്ടിയ ആയുധമായി 44 പവനും രണ്ടു ലക്ഷം രൂപയും മാറി കഴിഞ്ഞു. ഈ സ്വര്‍ണ്ണം കാട്ടി ബാലഭാസ്‌ക്കറിനെയും ഭാര്യയെയും സ്വര്‍ണ്ണക്കള്ളക്കടത്തുകാരാക്കി ചിത്രീകരിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. ഒരു പെട്ടി നിറയെ സ്വര്‍ണ്ണം പ്രതീക്ഷിച്ചവര്‍ക്ക് കിട്ടിയത് 44 പവനാണെങ്കിലും ആഘോഷത്തിന് ഒരു കുറവുമില്ല. അവരവരുടെ ഭാവനകള്‍ക്ക് അനുസരിച്ച് വാര്‍ത്തകളിലെ എരിവും ദിവസവും കൂടുകയാണ്. 44 പവന്‍ സ്വര്‍ണ്ണക്കള്ളക്കടത്തു നടത്തിയെന്ന വാര്‍ത്ത കേട്ട് യഥാര്‍ത്ഥ സ്വര്‍ണ്ണക്കടത്തുകാര്‍ തന്നെ ഇപ്പോള്‍ പൊട്ടി ചിരിക്കുന്നുണ്ടാകും.

ലക്ഷക്കണക്കിന് രൂപ പ്രതിഫലം വാങ്ങുന്ന വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന് 44 പവനല്ല, 444 പവന്‍ ഭാര്യയ്ക്ക് വാങ്ങി കൊടുക്കാനുള്ള ശേഷിയുണ്ടെന്ന് നാം ഓര്‍ക്കാതെ പോകരുത്. സാമ്പത്തികമായി കെട്ടുറപ്പുള്ള ഒരു കുടുംബത്തില്‍ നിന്നും എല്ലാം ഉപേക്ഷിച്ച് ബാലഭാസ്‌ക്കറിനൊപ്പം ഒളിച്ചോടി വിവാഹം കഴിച്ച ലക്ഷ്മി, സ്വര്‍ണ്ണം കടത്തി എന്ന് പറഞ്ഞാല്‍ അതും വിശ്വസിക്കാന്‍ പ്രയാസമാണ്. അപകടത്തില്‍പ്പെട്ട സ്വര്‍ണ്ണം ലക്ഷ്മിയുടെയും കുഞ്ഞിന്റെയും ആണെന്ന് വ്യക്തമായി കഴിഞ്ഞു. അതല്ലായിരുന്നു എങ്കില്‍ പൊലീസ് തന്നെ മുന്‍പ് ഇക്കാര്യം പറഞ്ഞേനെ. സ്വര്‍ണ്ണം എവിടെ നിന്നാണ് വാങ്ങിയത് എന്നറിയാന്‍ വലിയ അന്വേഷണത്തിന്റെ ഒന്നും ആവശ്യം ഇല്ല. എളുപ്പത്തില്‍ കണ്ടുപിടിക്കാവുന്നതേയുള്ളൂ.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജില്‍ പഠിക്കുന്ന സമയത്ത് പ്രണയിച്ച് വിവാഹം ചെയ്തവരാണ് ലക്ഷ്മിയും ബാലഭാസ്‌കറും. അന്ന് ബാലഭാസ്‌ക്കറിനെ സംബന്ധിച്ച് അതിദയനീയമായിരുന്നു അവസ്ഥ. ഭാവിയില്‍ അറിയപ്പെടുന്ന ഒരു കലാകാരന്‍ ആകുമെന്ന ഒരു ഉറപ്പിലുമല്ല എല്ലാം ഉപേക്ഷിച്ച് ലക്ഷ്മി വന്നിരുത്. ഇക്കാര്യം ബാലഭാസ്‌കര്‍ തന്നെ വിവിധ ചാനല്‍ ഇന്റര്‍വ്യൂകളില്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. ബസില്‍ ഗിറ്റാറും പിടിച്ച് യാത്ര ചെയ്ത് കുടുംബം നോക്കിയ ഭൂതകാലത്തില്‍ നിന്നും ഫിനിക്‌സ് പക്ഷിയെ പോലെയായിരുന്നു അദ്ദേഹത്തിന്റെ തിരിച്ചു വരവ്. ജീവിത പാതയില്‍ എവിടെയെങ്കിലും ഇപ്പോള്‍ ബാലഭാസ്‌കറിന് വഴി പിഴച്ചിട്ടുണ്ടെങ്കില്‍ അത് പൊലീസ് തന്നെ തുറന്ന് പറയണം. അല്ലെങ്കില്‍ അത് മഹാപാപമാകും. മാധ്യമങ്ങള്‍ക്ക് നിറം പിടിപ്പിച്ച കഥകള്‍ മെനയാന്‍ ഉള്ള ഒരു ടൂളായി ദയവ് ചെയ്ത് പൊലീസ് മാറരുത്.

ബാലഭാസ്‌ക്കറിന്റെയും കുഞ്ഞിന്റെയും മരണം ഒരു കൊലപാതകമാണെന്ന് സംശയിക്കുന്നതായി ഒരു അന്വേഷണ ഏജന്‍സിയും പറഞ്ഞിട്ടില്ല. അപകടത്തില്‍പ്പെട്ട വാഹനം സ്വര്‍ണ്ണക്കടത്തിന് ഉപയോഗിച്ചുവെന്ന് ഇതുവരെ തെളിയിക്കാനും പറ്റിയിട്ടില്ല. പിന്നെ എന്തിനാണ് ബാലഭാസ്‌ക്കറിനെയും കുടുംബത്തെയും വേട്ടയാടുന്നത്? ബാലഭാസ്‌ക്കറിന്റെ മനേജര്‍മാര്‍ ചമഞ്ഞവര്‍ എയര്‍പോര്‍ട്ടു വഴി സ്വര്‍ണ്ണം കടത്തിയിട്ടുണ്ടെങ്കില്‍ അതിന് ബാലഭാസ്‌ക്കര്‍ എങ്ങനെ ഉത്തരവാദിയാകും?

ബാലഭാസ്‌ക്കറിന്റെ സംഗീത ട്രൂപ്പിനെ പ്രകാശന്‍ തമ്പിയും വിഷ്ണുവും ദുരുപയോഗം ചെയ്തിട്ടുണ്ടെങ്കില്‍ അത് തെളിയിക്കുകയാണ് വേണ്ടത്. ഏത് കുറ്റകൃത്യമായാലും ഇവിടെ തെളിവുകളാണ് ആവശ്യം. സുഹൃത്തുക്കളെയും സ്റ്റാഫിനെയും തിരഞ്ഞെടുക്കുമ്പോള്‍ ആരും ‘ഭൂതക്കണ്ണാടി’ കരുതാറില്ല. അത് ബാലഭാസ്‌ക്കറിന്റെ തെറ്റാണെങ്കില്‍ സമ്മതിക്കുന്നു. അതിനു പക്ഷേ ക്രൂരമായ ഈ വേട്ടയാടല്‍ എല്ലാ പരിധിയും ലംഘിക്കുന്നത് തന്നെയാണ്.

ഡ്രൈവര്‍ അര്‍ജുനാണ് വാഹനം ഓടിച്ചതെന്ന് ഇതിനകം അന്വേഷണ സംഘം കണ്ടെത്തി കഴിഞ്ഞു. ആദ്യ ദുരൂഹതയാണ് ഇതോടെ പൊളിയുന്നത്. അടുത്തത് എറണാകുളം സ്വദേശി ഷോബിയുടെ വെളിപ്പെടുത്തലാണ് രണ്ടു പേര്‍ ഓടിപ്പോയി എന്നത്, ഇക്കാര്യത്തിലും ഒരു തെളിവും പൊലീസിന് കിട്ടിയിട്ടില്ല. ഷോബിയുടെ വാദം സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ആരും സാക്ഷ്യപ്പെടുത്തിയിട്ടുമില്ല. ഇതും ദുരൂഹമാണ്.

ഇതിനു ശേഷം പ്രകാശന്‍ തമ്പി സി.സി.ടി.വി ദൃശ്യം ചോദിച്ച് ചെന്നതായ വിവരമാണ് വിവാദമായത്. മൊഴിയില്‍ ഇക്കാര്യം സ്ഥിരീകരിച്ച തമ്പി അതിന്റെ കാരണവും പറഞ്ഞു കഴിഞ്ഞു. വാഹനം താനല്ല ഓടിച്ചത് എന്ന് അര്‍ജുന്‍ മൊഴി മാറ്റി പറഞ്ഞപ്പോള്‍ യാഥാര്‍ത്ഥ്യം കണ്ടു പിടിക്കാനായിരുന്നു ഇതെന്നാണ് മൊഴി. ഹാര്‍ഡ് ഡിസ്‌ക്ക് എവിടെ നിന്ന് പരിശോധിച്ചു, ആരൊക്കെ കൂടെ ഉണ്ടായിരുന്നു എന്ന കാര്യങ്ങളും ഇയാള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം പരിശോധിച്ചാല്‍ പൊലീസിന് തന്നെ പെട്ടെന്ന് യാഥാര്‍ത്ഥ്യം കണ്ടു പിടിക്കാവുന്നതേയുള്ളൂ. ഈ ഹാര്‍ഡ് ഡിസ്‌ക്കിലെ വിവരങ്ങള്‍ ഡിലീറ്റ് ചെയ്താല്‍ പോലും അത് പൊലീസിന് വീണ്ടെടുക്കാവുന്നതാണ്.

ബാലഭാസ്‌ക്കര്‍ സഞ്ചരിച്ച വാഹനം ജ്യൂസ് കുടിക്കാന്‍ നിര്‍ത്തിയിടത്ത് മുതല്‍ അപകടം നടന്ന സ്ഥലം വരെയുള്ള സി.സി.ടി.വി ദൃശ്യങ്ങളും, മുന്നിലും പിന്നിലും പോയ വാഹനങ്ങളും പരിശോധിക്കുക തന്നെ വേണം. അങ്ങനെയെങ്കിലും ബോധ്യപ്പെടേണ്ടവര്‍ ബോധ്യപ്പെടട്ടെ.

ബാലഭാസ്‌ക്കറിനെ അപായപ്പെടുത്താനുള്ള ഒരു പക ആര്‍ക്കെങ്കിലും ഉണ്ടായതായി ഇതുവരെ വെളിപ്പെട്ടിട്ടില്ല. ഇനി അപകടത്തില്‍പ്പെട്ട വാഹനത്തില്‍ സ്വര്‍ണ്ണം കടത്തിയെന്നും, അത് എടുത്ത് കൊണ്ടു പോയെന്നുമാണ് വാദമെങ്കില്‍ പ്രതികളെ കണ്ടേ പറ്റൂ. പൊലീസ് അത് കാണിച്ചു തന്നില്ലങ്കില്‍ മാധ്യമങ്ങളെങ്കിലും കാണിച്ചു തരണം. കാരണം നിങ്ങള്‍ക്കും അതിന് ബാധ്യതയുണ്ട്. അപകട മരണം സങ്കീര്‍ണ്ണമാക്കിയത് പ്രമുഖ ചാനലുകളാണ്. മാധ്യമങ്ങള്‍ സൂചന പറയുമ്പോള്‍ കാര്യങ്ങള്‍ വളച്ചൊടിച്ച് സ്ഥാപിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം വിഷയം കൈകാര്യം ചെയ്യുന്നത്.

ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ അന്തിമ റിപ്പോര്‍ട്ട് വരും വരെയെങ്കിലും ഭാവനാ വാര്‍ത്തകള്‍ക്ക് കൂച്ചു വിലങ്ങിടുകയാണ് ഇനി വേണ്ടത്. ഇക്കാര്യത്തില്‍ മാധ്യമസ്ഥാപന ഉടമകളും ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. ഒരിക്കല്‍ നമ്പി നാരായണനെ ചാരനാക്കി കൊല്ലാക്കൊല ചെയ്തതും ഇതേ മാധ്യമങ്ങളാണ്. ഒടുവില്‍ നിരപരാധിയാണെന്ന് വ്യക്തമായപ്പോള്‍ അയാള്‍ക്ക് നഷ്ടമായതൊന്നും തിരിച്ചു നല്‍കിയിട്ടില്ല. ലോകം അറിയുന്ന ശാസ്ത്രജ്ഞനെ ചാരനാക്കിയവര്‍ ഇന്ന് ബാലഭാസ്‌ക്കറിനെ കള്ളക്കടത്തുകാരനാക്കാനാണ് ശ്രമിക്കുന്നത്. മരിച്ചാലും വിടാത്ത വേട്ടയാടലാണിത്.

ഈ പ്രചരണത്തിന് അറിഞ്ഞോ അറിയാതെയോ ബാലഭാസ്‌ക്കറിന്റെ ബന്ധുക്കളും കാരണക്കാരാണ്. സ്വര്‍ണ്ണത്തിന്റെ കാര്യം പറഞ്ഞും, ബാലഭാസ്‌കര്‍ വിവാഹമോചനം ആഗ്രഹിച്ചിരുന്നു എന്ന് പറഞ്ഞും എരിതീയില്‍ അവരും എണ്ണ ഒഴിച്ചു. പതിറ്റാണ്ടുകള്‍ക്കു മുന്‍പു നടന്ന ഒരു പ്രണയ വിവാഹത്തോടുള്ള എതിര്‍പ്പിന്റെ പക ആ പ്രതികരണത്തില്‍ തന്നെ വ്യക്തമാണ്. ബാലഭാസ്‌ക്കറിന്റെ സ്വത്തുക്കള്‍ ലക്ഷ്മിക്ക് കിട്ടാതെ തട്ടിയെടുക്കാനുള്ള നീക്കമായും ഇതിനെ സംശയിക്കേണ്ടിയിരിക്കുന്നു. മകനെ നഷ്ടപ്പെട്ട പിതാവിന്റെ വേദന മനസ്സിലാക്കാം, പക്ഷേ യാഥാര്‍ത്ഥ്യം അറിയും മുന്‍പ് ലക്ഷ്മിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തി വിചാരണ ചെയ്യുന്നത് ആരായാലും അംഗീകരിക്കാന്‍ കഴിയുന്നതല്ല.

മറ്റൊരു വിവാദം വീണു കിട്ടിയാല്‍ മാധ്യമങ്ങള്‍ ഇനി അതിനു പിന്നാലെ പോകും, പക്ഷേ അപ്പോഴും അവര്‍ സമൂഹത്തില്‍ വിതറിയ സംശയം അവിടെ തന്നെയുണ്ടാകും. അന്വേഷണ സംഘം അപകട മരണത്തില്‍ അസ്വാഭാവികത കാണാതെ കേസ് അവസാനിപ്പിച്ചാലും പൂര്‍ണ്ണമായും സംശയങ്ങള്‍ ദൂരീകരിക്കപ്പെടില്ല. ലക്ഷ്മിയുടെ തുടര്‍ ജീവിതത്തെയാണ് ഇതു ബാധിക്കുക. മാധ്യമങ്ങളും വിവാദങ്ങളും ഇല്ലാത്ത ലോകത്ത് ബാലഭാസ്‌ക്കറിനും കുഞ്ഞിനും സുഖമായി കഴിയാം. പക്ഷേ ഇവിടെ ലക്ഷ്മിക്ക് ഈ ജന്മം കരഞ്ഞു തന്നെ തീര്‍ക്കേണ്ടി വരും. അവര്‍ തെറ്റുകാരിയല്ലെങ്കില്‍ ഈ വിചാരണയെല്ലാം മഹാ പാപമായിരിക്കും മഹാപാപം.

Express view

Top