ബാലഭാസ്‌കറിന്റെ അപകട മരണം; വാഹനം ഓടിച്ചത് അര്‍ജ്ജുനെന്ന് കണ്ടെത്തി

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറും മകള്‍ തേജസ്വിനിയും മരണമടഞ്ഞ അപകടത്തില്‍ വാഹനം ഓടിച്ചത് ഡ്രൈവര്‍ അര്‍ജ്ജുന്‍ തന്നെയെന്ന് കണ്ടെത്തി.

ഇത് സംബന്ധിച്ച് ഫൊറന്‍സിക് പരിശോധനഫലം ക്രൈംബ്രാഞ്ചിന് ലഭിച്ചു. അര്‍ജ്ജുനെതിരെ മന:പ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കു കേസെടുത്തു.

അപകട സമയത്ത് വാഹനം ഓടിച്ചത് ഡ്രൈവര്‍ അര്‍ജ്ജുനായിരുന്നെന്ന് ബാലുവിന്റെ ഭാര്യ ലക്ഷ്മി പൊലീസിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍, കൊല്ലം മുതല്‍ വാഹനമോടിച്ചത് ബാലഭാസ്‌കറാണെന്നും താന്‍ പിന്നിലെ സീറ്റിലായിരുന്നെന്നുമാണ് അര്‍ജ്ജുന്‍ പൊലീസിനോട് പറഞ്ഞത്. ഇടതുവശത്തെ സീറ്റില്‍ ലക്ഷ്മിയുടെ മടിയിലായിരുന്നു തേജസ്വിനിയെന്നും അര്‍ജ്ജുന്‍ പറഞ്ഞിരുന്നു.

അപകടത്തില്‍ അര്‍ജ്ജുന് കാലുകള്‍ക്കായിരുന്നു പരിക്കേറ്റത്. തുടയെല്ല് പൊട്ടിയിരുന്നു. പരിക്കിന്റെ സ്വഭാവവും സാക്ഷിമൊഴികളും പരിശോധിക്കുമ്പോള്‍ അര്‍ജ്ജുന്‍ പറഞ്ഞത് അവിശ്വസിക്കേണ്ടതില്ലെന്നായിരുന്നു പൊലീസ് ആദ്യം പറഞ്ഞിരുന്നത്. മകള്‍ മരിച്ച അപകടത്തില്‍ പിതാവ് കുറ്റക്കാരനാകുന്ന സാഹചര്യം ഒഴിവാക്കാന്‍ ലക്ഷ്മി മൊഴി മാറ്റിയതാവാമെന്നായിരുന്നു അന്ന് പൊലീസിന്റെ നിഗമനം.

സെപ്തംബര്‍ 24ന് തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരവേ ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ ദേശീയപാതയില്‍ പള്ളിപ്പുറം സി.ആര്‍.പി.എഫ് ക്യാമ്പിനടുത്ത് റോഡരികിലെ മരത്തില്‍ ഇടിച്ചു കയറുകയായിരുന്നു.

Top