ബാലഭാസ്‌കറിന്റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റേയും മകള്‍ തേജസ്വിനിയുടേയും മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പിതാവ് കെ.സി.ഉണ്ണി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. സര്‍ക്കാരില്‍ വിശ്വാസം ഉണ്ടെന്നും കേസില്‍ ഗൂഢാലോചന ഉണ്ടെന്ന് വിശ്വസിക്കുന്നതായും കെസി ഉണ്ണി മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ വ്യക്തമാക്കി.

ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിരുന്നില്ല. അപകടം പുനസൃഷ്ടിച്ചും ശാസ്ത്രീയ പരിശോധനകള്‍ നടത്തിയും അസ്വാഭാവികതയില്ലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയതോടെയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്തുവന്നത്.

അതേസമയം അപകടം നടക്കുമ്പോള്‍ വാഹനം ഓടിച്ചത് ഡ്രൈവര്‍ അര്‍ജ്ജുന്‍ ആയിരുന്നുവെന്ന് ക്രൈം ബ്രാഞ്ച് സ്ഥിരീകരിച്ചു. അപകട സമയത്ത് വാഹനം ഓടിച്ചത് ഡ്രൈവര്‍ അര്‍ജ്ജുനായിരുന്നെന്ന് ബാലുവിന്റെ ഭാര്യ ലക്ഷ്മി പൊലീസിന് മൊഴി നല്‍കിയിരുന്നു.
എന്നാല്‍, കൊല്ലം മുതല്‍ വാഹനമോടിച്ചത് ബാലഭാസ്‌കറാണെന്നും താന്‍ പിന്നിലെ സീറ്റിലായിരുന്നെന്നുമാണ് അര്‍ജ്ജുന്‍ പൊലീസിനോട് പറഞ്ഞത്. ഇടതുവശത്തെ സീറ്റില്‍ ലക്ഷ്മിയുടെ മടിയിലായിരുന്നു തേജസ്വിനിയെന്നും അര്‍ജ്ജുന്‍ പറഞ്ഞിരുന്നത്. ഇതോടെയാണ് ഇക്കാര്യത്തില്‍ ക്രൈംബ്രാഞ്ച് ശാസ്ത്രീയ പരിശോധന നടത്തിയത്.

Top