ബാലഭാസ്‌ക്കറിന്റെ മരണം; ഉടനെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. രണ്ടു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഉത്തരവ്. സ്വര്‍ണക്കടത്ത് കേസ് പ്രതികളായ വിഷ്ണു, പ്രകാശ് തമ്പി എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.

സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് ബാലഭാസ്‌കറിന്റെ മരണത്തിലുള്ള ബന്ധം സംബന്ധിച്ചാണ് ഹൈക്കോടതി റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടോ, ഉണ്ടെങ്കില്‍ എന്തെല്ലാം കാര്യങ്ങളിലാണ് സംശയമുള്ളത്, സ്വര്‍ണക്കടത്തുമായി ഇതിനുള്ള ബന്ധമെന്ത്, അന്വേഷണം ഇപ്പോള്‍ ഏത് നിലയിലാണ് എന്നീ കാര്യങ്ങളില്‍ രണ്ട് ദിവസത്തിനകം ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കണം. ഇതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ടില്‍ പ്രകാശ് തമ്പി, വിഷ്ണു എന്നിവരുടെ ഇടപെടലുകള്‍ സംബന്ധിച്ച് വ്യക്തത വേണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

ബാലഭാസ്‌കറിന്റെ മരണം നടന്ന് മാസങ്ങള്‍ക്ക് ശേഷമാണ് പ്രകാശ് തമ്പി, വിഷ്ണു എന്നിവര്‍ തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റ് ചെയ്യപ്പെടുന്നത്. ഇതേത്തുടര്‍ന്ന് ബാലഭാസ്‌കറിന്റെ മരണവുമായി സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് ബന്ധമുണ്ടെന്ന ആരോപണവുമായി ബാലഭാസ്‌കറിന്റെ അച്ഛന്‍ ഉണ്ണിയടക്കം രംഗത്തെത്തിയിരുന്നു.

Top