ബാലഭാസ്‌ക്കറിന്റെ മരണം അപകടം മൂലം, സംശയം ഒറ്റ കാര്യത്തില്‍ മാത്രം !

കൊച്ചി: വിദേശത്ത് സംഘടിപ്പിക്കുന്ന വിവിധ ഷോകള്‍ക്ക് പിന്നില്‍ സ്വര്‍ണ്ണക്കടത്തു സംഘത്തിന്റെ അദൃശ്യകരങ്ങള്‍ !

സംഗീത സംവിധായകന്‍ ബാലഭാസ്‌ക്കറിന്റെ അപകട മരണം വിവാദമായ പശ്ചാത്തലത്തിലാണ് ഇത്തരം കാര്യങ്ങളും കേന്ദ്ര അന്വേഷണ ഏജൻസികൾ ഉൾപ്പെടെ അന്വേഷിക്കുന്നത്.

ബാലഭാസ്‌ക്കറിന്റെ ഡ്രൈവര്‍ അര്‍ജ്ജുന്‍, പ്രകാശ് തമ്പി, വിഷ്ണു ഉള്‍പ്പെടെയുള്ളവര്‍ സ്വര്‍ണ്ണക്കടത്തിന് ബാലഭാസ്‌ക്കറിന്റെ മ്യൂസിക് ടീമിനെയും ഉപയോഗപ്പെടുത്തിയോ എന്നതാണ് പരിശോധിക്കുന്നത്. ബാലഭാസ്‌ക്കറിന്റെ പോലും അറിവില്ലാതെയും ഒപ്പം ഉള്ളവര്‍ക്ക് ഇത് സാധ്യമാകും. അര്‍ജ്ജുന്‍ നിലവില്‍ എടിഎം കവര്‍ച്ച കേസില്‍ പ്രതിയാണ്. ഇക്കാര്യം ബാലഭാസ്‌കറിന് അറിയില്ലായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

ഇതു സംബന്ധമായി കൂടുതല്‍ അന്വേഷണം നടത്തിയെങ്കില്‍ മാത്രമേ യാഥാര്‍ത്ഥ്യം വ്യക്തമാകൂ. ഇപ്പോള്‍ ആരോപണ വിധേയരായ പ്രകാശ് തമ്പിയേയും, വിഷ്ണുവിനേയും വിശദമായി ചോദ്യം ചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചേക്കുമെന്ന പ്രതീക്ഷയും ഉദ്യോഗസ്ഥര്‍ക്കുണ്ട്. ഇക്കാര്യങ്ങൾ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിനും ക്രൈംബ്രാഞ്ചിനും പുറമെ ഐ.ബി, ഡി.ആർ.ഐ ഉദ്യോഗസ്ഥരും പരിശോധിക്കുന്നുണ്ടെന്നാണ് സൂചന. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് അഭിഭാഷകനും കസ്റ്റംസ് ഉദ്യോഗസ്ഥനും അടക്കമുള്ളവര്‍ അറസ്റ്റിലായ സാഹചര്യത്തിലാണ് ഇക്കാര്യം കൂടി പരിശോധിക്കുന്നത്.

വിദേശത്ത് ഷോകളുടെ മറവില്‍ സ്വര്‍ണ്ണക്കടത്ത് വ്യാപകമായി നടക്കുന്നുണ്ടെന്ന നിഗമനത്തില്‍ തന്നെയാണ് കേന്ദ്ര ഏജന്‍സികള്‍. ഇതുവരെ പിടിക്കപ്പെടാത്ത നിരവധി കസ്റ്റംസ് ഉദ്യോഗസ്ഥരും ഐ.ബിയുടെയും സിബിഐയുടെയും നിരീക്ഷണത്തിലാണ്.

അതേസമയം ബാലഭാസ്‌ക്കറിന്റെ മരണത്തില്‍ അസ്വാഭാവികത ഇല്ലന്ന നിഗമനത്തിലാണ് പൊലീസ്.എങ്കിലും ആക്ഷേപം ഉയര്‍ന്ന സ്ഥിതിക്ക് എല്ലാ വശങ്ങളും പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന് ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.


ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച വാഹനം ഡ്രൈവര്‍ അര്‍ജ്ജുന്‍ തന്നെയാണ് ഓടിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്. കേസില്‍ പ്രതിയാകും എന്നതിനാല്‍ ഡ്രൈവര്‍ പിന്നീട് മൊഴിമാറ്റിയതാകും എന്നാണ് പൊലീസ് കരുതുന്നത്.

ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മി വാഹനം ഓടിച്ചത് അര്‍ജ്ജുന്‍ തന്നെയാണ് എന്ന കാര്യത്തില്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുകയാണ്. ഈ പരസ്പര വിരുദ്ധ മൊഴിയാണ് ദുരൂഹതക്കും കാരണമായിരിക്കുന്നത്. ഡ്രൈവറെ നുണ പരിശോധനക്ക് വിധേയമാക്കണമെന്ന ആവശ്യവും ഇതിനകം ഉയര്‍ന്നിട്ടുണ്ട്.

ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴി പ്രകാരം അപകട സമയത്ത് കാറോടിച്ചിരുന്നത് ഡ്രൈവറായ അര്‍ജ്ജുനാണ്. എന്നാല്‍ അര്‍ജ്ജുന്‍ പറയുന്നത് അപകട സമയത്ത് കാറോടിച്ചിരുന്നത് താനല്ല ബാലഭാസ്‌ക്കറാണെന്നാണ്. ഇരുവരുടെയും മൊഴികളിലെ ഈ വൈരുദ്ധ്യം ഇപ്പോള്‍ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിനെയും കുഴക്കുന്നുണ്ട്.

ഇതോടെ വാഹനം ഓടിച്ചതാരെന്ന് കണ്ടെത്താന്‍ ഫോറന്‍സിക്ക് പരിശോധന ഫലം വരും വരെ കാത്തിരിക്കേണ്ടി വരും. ഇതിന് ശേഷമായിരിക്കും നുണ പരിശോധന വേണമോ എന്നത് സംബന്ധിച്ച് തീരുമാനം എടുക്കുക. ഡ്രൈവര്‍ സീറ്റിലെ ഹെഡ് റെസ്റ്റിലുളള മുടിയുടെ സാമ്പിള്‍ അപകടത്തിന് തൊട്ട് പിന്നാലെ തന്നെ പോലീസ് ശേഖരിച്ചിരുന്നു. ഇത് ആരുടെ മുടിയെന്ന് അറിയുന്നതോടെ ദുരൂഹത അകലുമെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്.

കാറിന്റെ ഹെഡ് റെസ്റ്റില്‍ നിന്ന് ലഭിച്ച മുടിയും, അര്‍ജ്ജുന്റെ മുടിയുമായി സാമ്യം ഉണ്ടെങ്കില്‍ വാഹനം ഓടിച്ചത് അര്‍ജ്ജുന്‍ തന്നെ എന്ന നിഗമനത്തിലെത്താം. എന്നാല്‍ ലക്ഷ്മിയും, അര്‍ജ്ജുനും തങ്ങളുടെ മൊഴിയില്‍ ഉറച്ച് നില്‍ക്കുന്നത് ക്രൈംബ്രാഞ്ചിനെ കുഴയ്ക്കുന്നുണ്ട്. പരിശോധനാഫലം ലഭിച്ച ശേഷം ഒരിക്കല്‍ കൂടി ലക്ഷ്മിയില്‍ നിന്ന് മൊഴി രേഖപ്പെടുത്താനും ക്രൈംബ്രാഞ്ച് ആലോചിക്കുന്നുണ്ട്.

കേസിലെ ആരോപണവിധേയരും, സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായ പ്രകാശ് തമ്പിയേയും, വിഷ്ണുവിനേയും ക്രൈംബ്രാഞ്ച് ഉടന്‍ ചോദ്യം ചെയ്യും. ഇരുവരേയും കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളത്തെ സാമ്പത്തിക കുറ്റാന്വേഷണ കോടതിയില്‍ അപേക്ഷ നല്‍കാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: എം.വിനോദ്‌

Top