ബാലഭാസ്‌കറിന്റെ മരണം; രാത്രിയിലെ യാത്ര ആരുടെയും പ്രേരണയില്‍ അല്ലെന്ന് ക്രൈംബ്രാഞ്ച്

Balabhaskar

തൃശൂര്‍: ബാലഭാസ്‌കറും കുടുംബവും രാത്രിയില്‍ യാത്ര ചെയ്തത് ആരുടെയും പ്രേരണയില്‍ അല്ലെന്ന് സ്ഥിരീകരിച്ചു.

തൃശൂരിലെ ഹോട്ടലില്‍ മുറി ബുക്ക് ചെയ്തപ്പോള്‍ തന്നെ രാത്രി താമസിക്കുകയില്ലെന്ന് ബാലഭാസ്‌കര്‍ പറഞ്ഞിരുന്നെന്നാണ് ക്രൈംബ്രാഞ്ചിന് തെളിവ് ലഭിച്ചിരിക്കുന്നത്. തൃശൂരില്‍ നടത്തിയ പൂജ ബുക്ക് ചെയ്തത് ബാലഭാസ്‌കറായിരുന്നുവെന്നും കണ്ടെത്തി.

തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിലെ പൂജയ്ക്കു ശേഷം മടങ്ങുന്ന വഴിയ്ക്കാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടത്. രാത്രി ഏറെ വൈകിയുള്ള യാത്ര പെട്ടെന്ന് തീരുമാനിച്ചതാണെന്നും അതില്‍ ദുരൂഹതയുണ്ടെന്നുമുള്ള ആരോപണങ്ങള്‍ ഉയരുന്നതിനിടെയാണ് ക്രൈംബ്രാഞ്ച് ഇക്കാര്യം വ്യക്തമാക്കുന്നത്.

കൂടാതെ, പാലക്കാട് പൂന്തോട്ടം കുടുംബത്തിന് വേണ്ടി നടത്തിയ പൂജയിലാണ് ഇവര്‍ പങ്കെടുത്തതെന്നും സംശയം ഉയര്‍ന്നിരുന്നു. എന്നാല്‍ കുട്ടിയുടെ പേരില്‍ ബാലഭാസ്‌കര്‍ ബുക്ക് ചെയ്തതായിരുന്നു പൂജ. മൂന്ന് ദിവസത്തെ പൂജയാണങ്കിലും അവസാന ദിവസം മാത്രമാണ് ബാലഭാസ്‌കറും കുടുംബവും പൂജയില്‍ പങ്കെടുത്തത്. പൂന്തോട്ടം ആയുര്‍വേദാശ്രമത്തിലെ ഡോക്ടറും ഭാര്യയും കൂടെയുണ്ടായിരുന്നു.

അതേസമയം, ബാലഭാസക്കറിന്റെ മരണം അപകട മരണം തന്നെയെന്ന് സുഹൃത്ത് പ്രകാശ് തമ്പിയും മൊഴി നല്‍കി. സ്വര്‍ണക്കടത്തുമായി ബാലഭാസ്‌കറിന്റെ മരണത്തിന് ബന്ധമില്ലെന്നും ഇപ്പോള്‍ ഉണ്ടാകുന്നത് അനാവശ്യ വിവാദമാണെന്നും പ്രകാശ് തമ്പി പറഞ്ഞിരുന്നു.

അപകടത്തില്‍ പെട്ട കാര്‍ ഓടിച്ചത് അര്‍ജ്ജുനാണെന്നും പ്രകാശ് തമ്പി വ്യക്തമാക്കിയിട്ടുണ്ട്. അപകടം ഉണ്ടായപ്പോള്‍ ഒരു സഹോദരനെ പോലെ കൂടെ നിന്നെന്നും അതാണോ താന്‍ ചെയ്ത തെറ്റെന്നും പ്രകാശ് തമ്പി ചോദിച്ചിരുന്നു.

Top