വാഹനാപകടത്തില്‍ പരിക്ക്; വയലിനിസ്റ്റ് ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

Balabhaskar

തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റതിനെ തുര്‍ന്ന് ചികിത്സയില്‍ കഴിയുന്ന വയലിനിസ്റ്റ് ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ നടത്തും. ചൊവ്വാഴ്ച രാവിലെയുണ്ടായ അപകടത്തില്‍ ബാലഭാസ്‌കറിന്റെ മകള്‍ തേസ്വിനി ബാല (2) മരിച്ചിരുന്നു. ഭാര്യ ലക്ഷ്മിക്കും കാര്‍ ഡ്രൈവര്‍ അര്‍ജുനും പരിക്കേറ്റു. ബാലഭാസ്‌കറിന്റെ നില ഗുരുതരമായി തുടരുന്നുവെന്നാണ് അടുത്ത വൃത്തങ്ങള്‍ അറിയിച്ചത്.

15 വര്‍ഷത്തോളമുള്ള കാത്തിരിപ്പിനും നേര്‍ച്ചകാഴ്ച്ചകള്‍ക്കു മൊടുവിലാണ് ബാലഭാസ്‌ക്കറിനും ഭാര്യയ്ക്കും കുഞ്ഞു പിറന്നത്. മകളുടെ മരണ വാര്‍ത്ത അതിതീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന അച്ഛനും അമ്മയും അറിഞ്ഞിട്ടില്ല. തിരുവനന്തപുരം കഴക്കൂട്ടം താമരക്കുളത്ത് പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം.

വടക്കുംനാഥക്ഷേത്ര ദര്‍ശനത്തിനു ശേഷമുള്ള മടക്കയാത്രയ്ക്കിടെയാണ് അപകടം. കാര്‍ പൂര്‍ണമായും തകര്‍ന്നു. ബാലഭാസ്‌കര്‍, ഭാര്യ, മകള്‍, ഡ്രൈവര്‍ എന്നിവരാണ് കാറിലുണ്ടായിരുന്നത്. കാര്‍ പൊളിച്ചാണ് ഇവരെ പൊലീസ് പുറത്തെടുത്ത് ആശുപത്രിയിലാക്കിയത്. നിയന്ത്രണം വിട്ട കാര്‍ സമീപത്തെ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് സൂചന.

Top