ബാലഭാസ്‌കറിന് അപകടം സംഭവിച്ച സ്ഥലത്ത് സരിത്തിനെ കണ്ടിരുന്നുവെന്ന് കലാഭവന്‍ സോബി

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കര്‍ അപകടത്തില്‍പ്പെട്ട സ്ഥലത്ത് സ്വര്‍ണക്കടത്തു കേസിലെ പ്രതി സരിത്ത് ഉണ്ടായിരുന്നതായി ദൃക്‌സാക്ഷി കലാഭവന്‍ സോബിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍. മാധ്യമങ്ങളില്‍ വന്ന ചിത്രങ്ങളില്‍ നിന്നാണ് സരിത്തിനെ തിരിച്ചറിഞ്ഞതെന്നും കലാഭവന്‍ സോബി പറഞ്ഞു.

ബാലഭാസ്‌കറിന്റെ കാര്‍ അപകടത്തില്‍പ്പെട്ട സ്ഥലത്തുകൂടി പോയപ്പോള്‍ ദുരൂഹ സാഹചര്യത്തില്‍ ചിലരെ കണ്ടതായി സോബി ക്രൈംബ്രാഞ്ചിനോടു പറഞ്ഞങ്കിലും അന്വേഷണം മുന്നോട്ടുപോയില്ല. പിന്നീട് ഡിആര്‍ഐ ചില സ്വര്‍ണക്കടത്തുകാരുടെ ഫോട്ടോകള്‍ കാണിക്കുകയും സോബി അതിലൊരാളെ തിരിച്ചറിയുകയും ചെയ്തിരുന്നു. സരിത്തിന്റെ ഫോട്ടോ കൂട്ടത്തില്‍ ഇല്ലായിരുന്നു. നയതന്ത്ര സ്വര്‍ണക്കടത്ത് വിവാദമാകുകയും സരിത്ത് അറസ്റ്റിലാകുകയും ചെയ്തപ്പോഴാണു സരിത്തിനെ തിരിച്ചറിഞ്ഞതെന്നു സോബി പറയുന്നു.

സ്വര്‍ണക്കടത്ത് സംഘങ്ങള്‍ക്ക് ബാലഭാസ്‌കറിന്റെ മരണത്തില്‍ പങ്കുണ്ടെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. ബാലഭാസ്‌കറിന് അപകടം സംഭവിച്ച സമയത്ത് അവിടെയെത്തിയ തന്നോട് വണ്ടിയെടുത്ത് പോവാന്‍ ആക്രോശിച്ചുകൊണ്ടിരുന്ന ആള്‍ക്കാര്‍ക്കൊപ്പം ഒന്നും മിണ്ടാതെ ഒരാള്‍ നിന്നിരുന്നു. അതുകൊണ്ട് തന്നെ അയാളുടെ മുഖം നന്നായി ഓര്‍ത്തിരുന്നെന്നും ജോബി ഒരു മാധ്യമത്തോട് വെളിപ്പെടുത്തി.

2018 സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെയാണു ബാലഭാസ്‌കറും ഭാര്യയും കുട്ടിയും സഞ്ചരിച്ചിരുന്ന വാഹനം പള്ളിപ്പുറത്തിനടുത്തു നിയന്ത്രണംവിട്ട് റോഡരികിലുള്ള മരത്തിലിടിച്ചത്. കുട്ടി അപകടസ്ഥലത്തും ബാലഭാസ്‌കര്‍ ചികില്‍സയ്ക്കിടയിലും മരിച്ചു. ഭാര്യയ്ക്കും വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അര്‍ജുനും പരുക്കേറ്റിരുന്നു.

Top