ബാലഭാസ്‌കറിന്റേത് അപകടമരണം തന്നെ; വിശദീകരണവുമായി ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റേത് അപകട മരണം തന്നെയെന്ന് ക്രൈംബ്രാഞ്ച്. അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത് അര്‍ജ്ജുനാണെന്നും വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടം ഉണ്ടാവാന്‍ കാരണമായതെന്നുമാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍.

അപകടത്തിന്റെ ആഘാതം കൂട്ടിയത് കാറിന്റെ അമിത വേഗതയും, റോഡിന്റെ വലതുവശത്തേക്കുള്ള ചെരുവുമാണെന്നാണ് വിശദീകരണം. അധികം വൈകാതെ തന്നെ കേസന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും. കഴിഞ്ഞ ദിവസം അപകടം പുനരാവിഷ്‌കരിച്ച് അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു.

2018 സെപ്റ്റംബര്‍ 25നാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. മകള്‍ തേജസ്വിനി ബാല സംഭവസ്ഥലത്ത് വച്ചും, ദിവസങ്ങള്‍ക്ക് ശേഷം ആശുപത്രിയില്‍വച്ച് ബാലഭാസ്‌കറും മരണത്തിന് കീഴടങ്ങി. പരിക്കുകളോടെ ഭാര്യ ലക്ഷ്മിയും ഡ്രൈവര്‍ അര്‍ജ്ജുനും രക്ഷപെടുകയായിരുന്നു.

Top