ബാലഭാസ്‌കറിന്റെ അപകടം; കാറോടിച്ചത് അര്‍ജ്ജുന്‍, വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷി

തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡ്രൈവര്‍ അര്‍ജ്ജുന് എതിരായി കൂടുതല്‍ തെളിവുകള്‍. അപകടം നടന്നപ്പോള്‍ ഡ്രൈവര്‍ അര്‍ജ്ജുനായിരുന്നുവെന്നാണ് ദൃക്‌സാക്ഷിയുടെ മൊഴി. ദൃക്‌സാക്ഷിയായ നന്ദുവാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. വിമാനത്താവളത്തില്‍ നിന്ന് മടങ്ങി വരുമ്പോഴാണ് അപകടത്തില്‍ പെട്ട കാര്‍ കണ്ടതെന്നും ഇയാള്‍ പറയുന്നു.

ബാലഭാസ്‌കര്‍ പിന്‍സീറ്റിനിടയില്‍ ബോധരഹിതനായി കിടക്കുകയായിരുന്നു. ടീഷര്‍ട്ടും ബര്‍മുഡയും ഇട്ട ആളായിരുന്നു വണ്ടിയോടിച്ചത്. താന്‍ എത്തുമ്പോള്‍ രക്ഷാ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ലായിരുന്നുവെന്നും നന്ദു പറഞ്ഞു. നാല് പേര്‍ കാറിനു സമീപത്തും 15 പേര്‍ പിറകുവശത്തും ഉണ്ടായിരുന്നു. ലക്ഷ്മി സീറ്റ് ബെല്‍റ്റ് ധരിച്ചിട്ടുണ്ടായിരുന്നെന്നും നന്ദു പറഞ്ഞു.

‘അപകടം നടന്ന് രണ്ട് മൂന്ന് മിനുട്ടേ ആയിട്ടേയുണ്ടായിരുന്നുള്ളൂ. വിമാനത്താവളത്തില്‍ നിന്ന വരികയായിരുന്നു ഞാനും സഹോദരനും. പള്ളിക്കല്‍ കഴിഞ്ഞപ്പോള്‍ വാഹനം മരത്തിലിടിച്ചു കിടക്കുകയായിരുന്നു. മുന്‍വശത്ത് കുഞ്ഞും ചേച്ചിയുമുണ്ടായിരുന്നു. കുഞ്ഞിനെ എടുത്തപ്പോഴേക്കും പോലീസ് എത്തിയിരുന്നു. സീറ്റ് ബെല്‍റ്റ് എടുത്ത് മാറ്റി ചേച്ചിയെയും രക്ഷിച്ചു. വണ്ടി ഓഫ് ചെയ്തു.

നല്ല വണ്ണമുള്ള ആളായിരുന്നു വണ്ടിയോടിച്ചത്. ഡ്രൈവര്‍ക്ക് ബോധമുണ്ടായിരുന്നുവെന്നും നന്ദു പറയുന്നു. ബാലഭാസ്‌കര്‍ക്ക് അനക്കമില്ലായിരുന്നു. അപകടത്തിന്റെ പ്രതീതി തന്നെയായിരുന്നു ഞങ്ങള്‍ കണ്ടതെന്നും നന്ദു പറയുന്നു.

അര്‍ജ്ജുന്‍ നേരത്തെ ക്രൈംബ്രാഞ്ചിനും പൊലീസിനും മൊഴി നല്‍കിയത് ബാലഭാസ്‌കര്‍ ആണ് വണ്ടിയോടിച്ചതെന്നായിരുന്നു. അതേസമയം അപകടസമയത്ത് ബാലഭാസ്‌കര്‍ ആയിരുന്നു ഡ്രൈവിംഗ് സീറ്റില്‍ ഉണ്ടായിരുന്നതെന്ന് കെഎസ്ആര്‍ടിസി ഡ്രൈവറും ദൃക്സാക്ഷിയുമായ അജി മുമ്പ് വെളിപ്പെടുത്തിയിരുന്നു.

Top