ബാലഭാസ്ക്കറിനെ വെറുതെ വിടാത്തത് എന്തിനു വേണ്ടി, ആർക്കാണ് അജണ്ട ?

ലയാളിയുടെ മനസ്സ് കീഴടക്കിയ പ്രമുഖ സംഗീതജ്ഞനാണ് ബാലഭാസ്‌ക്കര്‍. അദ്ദേഹത്തിന്റെ വേര്‍പാടില്‍ കേരളം ഒരുമിച്ചാണ് ശിരസ് നമിച്ച് ദുഖം രേഖപ്പെടുത്തിയിരുന്നത്.

തികച്ചും അപ്രതീക്ഷിതമായിരുന്നു ബാലഭാസ്‌ക്കറിന്റെയും മകളുടെയും അപകടമരണം. ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മി ഭാഗ്യം കൊണ്ടു മാത്രമാണ് ജീവിതത്തിലേക്ക് തിരിച്ചു വന്നത്.

മലയാളികളെ ഒന്നാകെ ഞെട്ടിച്ച ഈ മരണം ഇപ്പോള്‍ സെന്‍സേഷനാണ്. രണ്ട് വെളിപ്പെടുത്തലുകളാണ് ഇതിന് വഴി ഒരുക്കിയത്. വാഹനം ഓടിച്ചത് താനല്ല എന്ന് ഡ്രൈവര്‍ അര്‍ജുന്‍ മൊഴി തിരുത്തിയതാണ് അതില്‍ പ്രധാനം. ഇതിനു ശേഷം വാഹനാപകടം നടന്ന സ്ഥലത്ത് നിന്നും രണ്ടു പേര്‍ ഓടി പോകുന്നതായി കണ്ടുവെന്ന വൈകി വന്ന വെളിപ്പെടുത്തലും ഉണ്ടായി. തിരുവനന്തപുരത്ത് സ്വര്‍ണ്ണക്കടത്തുമായി അറസ്റ്റിലായ പ്രകാശന്‍ തമ്പിയ്ക്ക് ബാലഭാസ്‌ക്കറുമായുള്ള ബന്ധം വീണ്ടും ദുരൂഹത വര്‍ദ്ധിപ്പിച്ചു. ഇയാള്‍ ബാലഭാസ്‌കറിന്റെ സംഗീത ട്രൂപ്പിലെ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ആയിരുന്നു. ഈ കേസില്‍ ഇപ്പോള്‍ ഒളിവില്‍ കഴിയുന്ന വിഷ്ണു സോമസുന്ദരമാകട്ടെ ബാലഭാസ്‌കറിന്റെ സാമ്പത്തിക കാര്യങ്ങള്‍ നോക്കിയിരുന്ന മാനേജരുമായിരുന്നു.

ഇതോടെ ബാലഭാസ്‌ക്കറിന്റെ പിതാവ് തന്നെ മരണത്തില്‍ സംശയം രേഖപ്പെടുത്തി രംഗത്ത് വരുന്ന അസാധാരണ സംഭവവുമുണ്ടായി.

വിവാദത്തിനു പിന്നില്‍ വ്യക്തമായ ഗൂഢലക്ഷ്യമുണ്ടെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
ബാലഭാസ്‌ക്കറിന്റെ ഒരു ബന്ധുവിന് ഇപ്പോള്‍ ‘താല്‍പ്പര്യം’ അപകടം നടക്കുമ്പോള്‍ ലക്ഷ്മിയുടെ കയ്യിലുണ്ടായിരുന്ന സ്വര്‍ണ്ണത്തെ കുറിച്ചാണ്. വിവാഹ മോചനം നടത്തുന്നതിനെ കുറിച്ച് ബാലഭാസ്‌ക്കര്‍ മുന്‍പ് ആലോചിച്ചിരുന്നതായും ഈ ബന്ധു ആരോപിക്കുന്നു. ഈ ഒറ്റ പ്രതികരണത്തില്‍ നിന്നു തന്നെ വിവാദം ഉണ്ടാക്കുന്നവരുടെ ഉദ്ദേശ്യം വ്യക്തമാണ്. അത് തികച്ചും ‘വ്യക്തിപരം’ തന്നെയാണ്. ലക്ഷ്മി ബാലഭാസ്‌ക്കറിന്റെ സംഗീതോപകരണം വില്‍ക്കാന്‍ ശ്രമിച്ചതായും ഈ ബന്ധു ചൂണ്ടിക്കാട്ടുന്നുണ്ട്.

എന്നാല്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കണ്‍മണിയുമൊത്ത് സുഖകരമായ ഒരു ജീവിതമാണ് ബാലഭാസ്‌ക്കര്‍ നയിച്ചിരുന്നതെന്നാണ് അവരെ അടുത്തറിയുന്ന സുഹൃത്തുക്കള്‍ പറയുന്നത്. ബാലഭാസ്‌ക്കറും ലക്ഷ്മിയും ഒരുമിച്ചുള്ള നിരവധി വീഡിയോകളില്‍ നിന്നു തന്നെ ഇവരുടെ സ്‌നേഹവും പ്രകടമാണ്.

വിവാഹമോചനം നടത്താന്‍ ബാലഭാസ്‌കര്‍ തീരുമാനിച്ചു എന്നു നിങ്ങള്‍ പറയുന്ന ഭാര്യയുമൊത്താണ് ക്ഷേത്ര ദര്‍ശനത്തിന് ബാലു പോയതെന്ന കാര്യം വിവാദം കുത്തിപ്പൊക്കുന്ന ബന്ധുക്കള്‍ മനസ്സിലാക്കണം. ബാലഭാസ്‌ക്കറിന്റെ സ്വത്തുക്കളോ മറ്റു ആനുകുല്യങ്ങളോ ലക്ഷ്യമിട്ടാണോ ഈ ആരോപണമെന്നതും സംശയിക്കുക തന്നെ വേണം. കണ്ണില്‍ പിടിക്കാത്തവരെ അവസരം വന്നാല്‍ ‘കുത്തുക’ എന്ന സമീപനം ആര് സ്വീകരിച്ചാലും അത് തെറ്റ് തന്നെയാണ്. ഇതൊടൊപ്പം ബാലഭാസ്‌ക്കറിന്റെ പിതാവ് ഉന്നയിക്കുന്ന സംശയങ്ങള്‍ ദുരീകരിക്കേണ്ടതും അനിവാര്യമാണ്. അത് അന്വേഷണ സംഘത്തിന്റെ ചുമതലയാണ്. വാഹനം ഓടിച്ചത് ആരാണ് എന്നതാണ് ആദ്യം കണ്ടെത്തേണ്ടത്. ഇക്കാര്യത്തില്‍ എ.ടി.എം തട്ടിപ്പ് കേസില്‍ പ്രതിയായ ഡ്രൈവറേക്കാള്‍ ലക്ഷ്മിയുടെ വാക്കുകള്‍ക്കാണ് വിശ്വാസ്യത കൂടുതല്‍.

ആദ്യം താനാണ് വാഹനം ഓടിച്ചതെന്ന് മൊഴി പറഞ്ഞ ഡ്രൈവര്‍ പിന്നീട് അതു തിരുത്തിയത് ഒരു പക്ഷേ കേസ് ഭയന്നാകും. മരണത്തിലേക്ക് ബാലഭാസ്‌ക്കറിനും കുടുംബത്തിനും ഒപ്പം സഞ്ചരിക്കാനുള്ള ക്വട്ടേഷന്‍ ഡ്രൈവര്‍ സ്വീകരിക്കുമെന്നത് സാമാന്യയുക്തിക്ക് നിരക്കുന്നതല്ല. ഒരു അപകടം ഉണ്ടായാല്‍ ആരൊക്കെ രക്ഷപ്പെടും മരണപ്പെടും എന്നത് മുന്‍കൂട്ടി നിഗമനത്തിലെത്താവുന്ന കാര്യവുമല്ല.

പൊലീസിന്റെ ഇതുവരെയുള്ള അന്വേഷണത്തില്‍ ബാലഭാസ്‌ക്കറിന്റെയും കുഞ്ഞിന്റെയും മരണം അപകട മരണം തന്നെയാണ്. ആരെങ്കിലും എന്തെങ്കിലും വിളിച്ചു പറഞ്ഞാല്‍ അപകട മരണം കൊലപാതകമാകില്ല. അങ്ങനെ ആവണമെങ്കില്‍ അതിന് അനുസരിച്ച് ശക്തമായ തെളിവുകള്‍ അനിവാര്യമാണ്.

കാര്‍ അപകടത്തില്‍പ്പെട്ട ഉടനെ അവിടെ നിന്നും രണ്ടു പേര്‍ ബൈക്കില്‍ കയറി പോകുന്നത് കണ്ടതായ കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തലും വിശ്വാസ്യയോഗ്യമായി കാണാന്‍ സാധിക്കില്ല.ഇത്രയും പ്രശസ്തനായ ഒരു വ്യക്തി മരണപ്പെട്ടത് ദുരൂഹത ഉയര്‍ത്തുന്നു എങ്കില്‍ എന്തുകൊണ്ട് സോബി നേരത്തേ പൊലീസിനെ വിവരം അറിയിച്ചില്ല? ഇപ്പോള്‍ സംശയവുമായി ഈ എറണാകുളം സ്വദേശി രംഗത്ത് വന്നത് തന്നെ സംശയകരമാണ്. അതാണ് ആദ്യം പൊലീസ് അന്വേഷിക്കേണ്ടത്.

മരണത്തില്‍ മറ്റു ദുരൂഹതകള്‍ ഒന്നും പൊലീസ് കാണുന്നില്ലങ്കില്‍ ഇപ്പോഴത്തെ വിവാദത്തിന് പിന്നിലെ അജണ്ട പുറത്ത് കൊണ്ടുവരിക തന്നെ വേണം. എങ്കില്‍ മാത്രമേ ജനങ്ങളെ സംബന്ധിച്ച് സംശയങ്ങള്‍ മാറുകയുള്ളു.

ബാലഭാസ്‌ക്കറിന്റെ മാനേജര്‍മാര്‍ സ്വര്‍ണ്ണക്കടത്തു കേസില്‍ പ്രതികളെങ്കില്‍ ബാലഭാസ്‌കര്‍ കൊല്ലപ്പെട്ടതാണ് എന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണ്? മാനേജര്‍മാര്‍ സ്വര്‍ണ്ണക്കടത്തു കേസില്‍ കുടുങ്ങിയതോടെ മാധ്യമ ഭാവനകളും വിടര്‍ന്നു എന്നതാണ് യാഥാര്‍ത്ഥ്യം. അതിന് എരിവ് പകരാന്‍ ബന്ധുക്കളുടെ പ്രതികരണവും ഇപ്പോള്‍ വഴിയൊരുക്കിയിട്ടുണ്ട്.

വിദേശത്ത് നടക്കുന്ന പല ഷോകളുടെ മറവിലും സ്വര്‍ണ്ണക്കടത്തു സംഘങ്ങള്‍ ഉണ്ടെന്ന ആരോപണം മുന്‍പ് തന്നെ ഉയര്‍ന്നിട്ടുള്ളതാണ്. ഇതു സംബന്ധമായി കേന്ദ്ര ഏജന്‍സികളാണ് മറുപടി പറയേണ്ടത്. വിദേശത്ത് താരനിശ കഴിഞ്ഞ് വരുന്നവര്‍ സ്വര്‍ണ്ണം കൊണ്ടു വരുന്നുണ്ടെങ്കില്‍ അത് ഗുരുതരമായ കുറ്റമാണ്. പലപ്പോഴും താരങ്ങള്‍ അറിയാതെ അണിയറ പ്രവര്‍ത്തകരാണ് ഈ സാഹസം നടത്താറുള്ളത്. അത്തരത്തില്‍ ബാലഭാസ്‌ക്കറിന്റെ ട്രൂപ്പിനെ മാനേജര്‍മാര്‍ ദുരുപയോഗം ചെയ്തിട്ടുണ്ടെങ്കില്‍ അക്കാര്യം പുറത്ത് വരിക തന്നെ വേണം. എന്നാല്‍ അതിന്റെ പേരില്‍ ഒരു അപകട മരണത്തെ കൊലപാതകമാക്കി വഴിതിരിച്ചു വിടരുത്. ഇക്കാര്യത്തില്‍ അന്വേഷണ സംഘത്തെയാണ് മുഖവിലക്കെടുക്കേണ്ടത്. അല്ലാതെ മാധ്യമങ്ങളെയല്ല. കേരള പൊലീസില്‍ ബാലഭാസ്‌ക്കറിന്റെ ബന്ധുക്കള്‍ക്ക് വിശ്വാസം ഇല്ലങ്കില്‍ സി.ബി.ഐ അന്വേഷണം തന്നെ ആവശ്യപ്പെടാവുന്നതാണ്.

ഈ സാഹചര്യത്തില്‍ പൊതു സമൂഹത്തെയും ബാലഭാസ്‌ക്കറിന്റെ കുടുംബത്തെയും ബോധ്യപ്പെടുത്തുന്ന ഒരു വിശദീകരണം നല്‍കേണ്ടത് പൊലീസാണ്. വാഹനം ആരാണ് ഓടിച്ചതെന്ന് ഇതുവരെ കണ്ടെത്താന്‍ കഴിയാത്തത് അന്വേഷണ സംഘത്തിന്റെ വീഴ്ചയാണ്. ശാസ്ത്രീയ പരിശോധനകള്‍ ഇല്ലാത്ത കാലത്തും ഇവിടെ സത്യം തെളിയിക്കപ്പെട്ടിട്ടുണ്ട് എന്ന കാര്യം പൊലീസ് മറക്കരുത്. ടെക്‌നോളജിയുടെ പുതിയ കാലത്താണെങ്കില്‍ നുണപരിശോധനയുമുണ്ട്. സി.സി.ടി.വികള്‍ റോഡിലും സ്ഥാപനങ്ങളിലും തലങ്ങും വിലങ്ങും സ്ഥാപിച്ചത് എന്ത് കാണാനാണ് എന്നതിനു കൂടി മറുപടി വേണം.

ഡ്രൈവ് ചെയ്യുന്നത് ആരാണ്? പിന്‍ സീറ്റില്‍ ഇരിക്കുന്നത് ആരൊക്കെ? എന്നതൊക്കെ അറിയാന്‍ ഒരു ദൃശ്യം പോലും ഗുരുവായൂര്‍ മുതല്‍ തിരുവനന്തപുരം വരെ പൊലീസിന് കിട്ടിയില്ലെന്ന് പറയുന്നത് തന്നെ നാണക്കേടാണ്. തെളിവുകളുടെ അഭാവത്തിലാണ് ഇപ്പോള്‍ ഡ്രൈവിങ് സീറ്റിലെ മുടിയുടെ ശാസ്ത്രീയ പരിശോധന ഫലത്തിനായി പൊലീസ് കാത്തിരിക്കുന്നത്. ആ കാറില്‍ സഞ്ചരിച്ച ആരുടെ മുടിയും പാറി അവിടെ വീഴാനുള്ള സാധ്യത കൂടി മുന്‍കൂട്ടി അന്വേഷണ സംഘം കാണുന്നത് നല്ലതാണ്. ഇനി മരിച്ചു പോയ ആ കൊച്ചു കുട്ടി വാഹനം ഓടിച്ചെന്ന് മാത്രം പറഞ്ഞേക്കരുത്.

Express View

Top