ത്യാഗസ്മരണ പുതുക്കി ഇന്ന് ബലിപെരുന്നാള്‍; മക്കയില്‍ ധന്യതയില്‍ ഹജ് തീര്‍ഥാടകര്‍

കോഴിക്കോട്: പ്രവാചകന്‍ ഇബ്രാഹിമിന്റെ ത്യാഗസന്നദ്ധതയും നിശ്ചയദാര്‍ഢ്യവും ഓര്‍മ്മിപ്പിച്ചുകൊണ്ട് ഇന്ന് ബലിപെരുന്നാള്‍.

പ്രളയക്കെടുതിയില്‍ നോവുന്ന കേരളത്തിന് കഠിനാനുഭവങ്ങളുടെ തീച്ചൂളയില്‍ അജയ്യനായിനിന്ന ഇബ്രാഹിം നബിയുടെ വിശ്വാസവും നിശ്ചയദാര്‍ഢ്യവും കരുത്തു പകരും.

പള്ളികളില്‍ ഇന്ന് ആയിരങ്ങള്‍ പ്രാര്‍ഥനാനിരതരാവും. പ്രളയബാധിതരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പലയിടങ്ങളിലും സഹായങ്ങളും സമാഹരിക്കും.

അതേസമയം, പുണ്യഭൂമിയായ മക്കയില്‍ ബലിപെരുന്നാള്‍ ആഘോഷത്തിന്റെ ധന്യതയിലാണ് ഹജ് തീര്‍ഥാടകര്‍. ജംറയില്‍ ആദ്യദിനത്തിലെ കല്ലേറു കര്‍മം പൂര്‍ത്തിയാക്കിയ ശേഷം ബലി അര്‍പ്പണം.

പിന്നീട് മക്കയിലെത്തി കഅബ പ്രദക്ഷിണവും സഫ മര്‍വ നടത്തവും പൂര്‍ത്തിയാക്കിയതോടെ ഹജ് കര്‍മങ്ങള്‍ക്ക് അര്‍ധവിരാമമായി. തുടര്‍ന്ന്, ഇഹ്‌റാം മാറി പുതുവസ്ത്രമണിഞ്ഞ ഹാജിമാര്‍ പരസ്പരം ആശ്ലേഷിച്ച് പെരുന്നാള്‍ ആഘോഷത്തിലായി.

24 ലക്ഷം തീര്‍ഥാടകരാണു ഹജ് നിര്‍വഹിച്ചതെന്നു സൗദി അധികൃതര്‍ അറിയിച്ചു. ഇന്ത്യന്‍ ഹാജിമാരെല്ലാം ഉച്ചയോടെ കല്ലേറു കര്‍മം പൂര്‍ത്തിയാക്കി. ശക്തമായ മഴയുണ്ടാകുമെന്നു മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും കാലാവസ്ഥ അനുകൂലമായിരുന്നു.

Top