Bakrid ,Onam-sale- Civil Supplies -Corporation -turnover

കൊച്ചി: ഓണം – ബക്രീദ് മേളകളിലൂടെ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ഇക്കുറി 24.22 കോടി രൂപയുടെ വിറ്റുവരവ് നേടിയെന്ന് മന്ത്രി പി. തിലോത്തമന്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു.

സബ്‌സിഡി ഉത്പന്നങ്ങളില്‍ നിന്നു മാത്രം പത്തു കോടി രൂപ ലഭിച്ചു. 14 ജില്ലാ മേളകളും 75 താലൂക്ക് മേളകളും 71 ഓണം മാര്‍ക്കറ്റുകളും വഴി ജൈവ പച്ചക്കറികളും മറ്റ് അവശ്യഭക്ഷ്യവസ്തുക്കളും ന്യായവിലയ്ക്ക് ലഭ്യമാക്കിയിരുന്നു.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പത്ത് ഓണച്ചന്തകള്‍ ഇത്തവണ കൂടുതലായി സംഘടിപ്പിച്ചു.

പൊതുവിപണിയില്‍ 530 രൂപ വിലവരുന്ന അവശ്യസാധനങ്ങളും ശബരി ഉത്പന്നങ്ങളും അടങ്ങിയ കിറ്റ് 460 രൂപയ്ക്കാണ് ഇക്കുറി വിതരണം ചെയ്തത്.

16.06 ലക്ഷം ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് രണ്ടു കിലോഗ്രാം മട്ടഅരി, 200 ഗ്രാം മുളക്, 100 ഗ്രാം തേയില എന്നിവയടങ്ങിയ സൗജന്യ ഓണക്കിറ്റും നല്‍കി.

ഓരോ കാര്‍ഡിനും വിതരണം ചെയ്യാനുള്ള ഒരു കിലോഗ്രാം സ്‌പെഷ്യല്‍ പഞ്ചസാര റേഷന്‍കടകളില്‍ എത്തിച്ചിട്ടുണ്ട്. സ്‌കൂള്‍ കുട്ടികള്‍ക്കുള്ള അഞ്ച് കിലോഗ്രാം അരി വിതരണം അവസാന ഘട്ടത്തിലാണെന്ന് മന്ത്രി തിലോത്തമന്‍ പറഞ്ഞു.

നടപ്പു സാമ്പത്തിക വര്‍ഷം ആഗസ്റ്റ് വരെയുള്ള സപ്ലൈകോയുടെ ആകെ വില്പന 1,805 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ സമാന കാലയളവില്‍ ഇത് 1,744 കോടി രൂപയായിരുന്നു.

ഈവര്‍ഷം ഓണത്തിന് മുമ്പുള്ള 13 ദിവസങ്ങളില്‍ മാവേലി സ്‌റ്റോറുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഓണച്ചന്തകള്‍ എന്നിവവഴി 176.86 കോടി രൂപയുടെ വിറ്റുവരവ് ലഭിച്ചു.

ഇതില്‍ സബ്‌സിഡിയിനങ്ങളുടെ വിറ്റുവരവ് 64.68 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് യഥാക്രമം 135.14 കോടി രൂപയും 49.05 കോടി രൂപയുമായിരുന്നു.

Top