ബക്രീദ് ഇളവ്; കേരളം ഇന്ന് തന്നെ വിശദീകരണം നല്‍കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ബക്രീദിന് ലോക്ഡൗണ്‍ ഇളവുകള്‍ നല്‍കിയതില്‍ ഇന്ന് തന്നെ വിശദീകരണം നല്‍കണമെന്ന് സുപ്രീം കോടതി കേരളത്തോട് നിര്‍ദേശിച്ചു. ബക്രീദ് പ്രമാണിച്ച് വലിയ തോതില്‍ ഇളവുകള്‍ അനുവദിച്ചിട്ടില്ല എന്ന് സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ജീവിക്കാന്‍ ഉള്ള അവകാശം സംബന്ധിച്ച തങ്ങളുടെ മുന്‍ ഉത്തരവ് എല്ലാ അധികാരികളും ഓര്‍ക്കണം എന്നും സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കി.

ബക്രീദിന് മൂന്ന് ദിവസത്തെ ലോക്ഡൗണ്‍ ഇളവുകള്‍ അനുവദിച്ച കേരള സര്‍ക്കാര്‍ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി മലയാളി പികെഡി നമ്പ്യാര്‍ ആണ് സുപ്രീം കോടതിയെ സമീപിച്ചത്. .2 ശതമാനം ടി പിആര്‍ ഉള്ള ഉത്തര്‍പ്രദേശില്‍ കാവടി യാത്ര സുപ്രീം കോടതി തടഞ്ഞതായി നമ്പ്യാര്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ വികാസ് സിംഗ് കോടതിയില്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ കേരളത്തില്‍ ടിപിആര്‍ 10 ശതമാനത്തില്‍ അധികം ആണ്. രാജ്യത്ത് ഏറ്റവും അധികം പ്രതിദിന കോവിഡ് കേസ്സുകള്‍ ഉണ്ടായിട്ടും ബക്രീദിനായി മൂന്ന് ദിവസം ഇളവുകള്‍ കേരളം അനുവദിച്ചിരിക്കുകയാണെന്നും ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ കോടതിയില്‍ ആരോപിച്ചു.

ആരോപണം അടിസ്ഥാന രഹിതമാണെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സ്റ്റാന്റിംഗ് കോണ്‍സല്‍ ജി പ്രകാശ് കോടതിയില്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് നേരത്തെ തന്നെ കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയിരുന്നു. നിലവില്‍ ചില മേഖലകലകളില്‍ കൂടി കടകള്‍ തുറക്കാന്‍ അനുവദിച്ചു എന്നെ ഉള്ളു. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ലോക്ഡോണ്‍ ഇളവുകള്‍ കൃത്യമായി സംസ്ഥാന സര്‍ക്കാര്‍ പാലിക്കുന്നതായും സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ സുപ്രീം കോടതിയെ അറിയിച്ചു

 

Top