ഒളിമ്പിക് ഗുസ്തിയില്‍ ബജ്റംഗ് പുനിയക്ക് വെങ്കലത്തിളക്കം

ടോക്യോ: ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ആറാം മെഡല്‍. ഒളിമ്പിക് ഗുസ്തിയില്‍ പുരുഷന്‍മാരുടെ 65 കിലോ ഫ്രീസ്‌റ്റൈലില്‍ ഇന്ത്യയുടെ ബജ്‌റംഗ് പുനിയ വെങ്കലം നേടി. വെങ്കല മെഡലിനായുള്ള പോരാട്ടത്തില്‍ കസാഖ്‌സ്താന്റെ ദൗലത് നിയാസ്‌ബെക്കോവിനെയാണ് ബജ്‌റംഗ് തോല്‍പ്പിച്ചത്.

8-0 എന്ന സ്‌കോറില്‍ ആധികാരികമായിരുന്നു പുനിയയുടെ വിജയം. ആദ്യ റൗണ്ടില്‍ രണ്ട് പോയന്റ് നേടിയ പുനിയ രണ്ടാം റൗണ്ടില്‍ ആറ് പോയന്റുകള്‍ കൂടി സ്വന്തമാക്കിയാണ് വെങ്കല മെഡല്‍ ഉറപ്പിച്ചത്. ഒളിമ്പിക് ചരിത്രത്തില്‍ ഗുസ്തിയില്‍ ഇന്ത്യയുടെ ഏഴാം മെഡലാണിത്. രവികുമാര്‍ ദഹിയക്ക് ശേഷം ടോക്യോ ഒളിമ്പിക്‌സില്‍ ഗുസ്തിയില്‍ ഇന്ത്യയുടെ രണ്ടാമത്തെ മെഡലും.

നേരത്തെ സെമിയില്‍ റിയോ ഒളിമ്പിക്‌സിലെ വെങ്കല മെഡല്‍ ജേതാവ് അസര്‍ബൈജാന്റെ ഹാജി അലിയെവയോട് ബജ്‌റംഗ് പരാജയപ്പെട്ടിരുന്നു. ക്വാര്‍ട്ടറില്‍ ഇറാന്റെ മൊര്‍ത്തേസ ഗിയാസിയെ പരാജയപ്പെടുത്തിയാണ് ബജ്‌റംഗ് പുനിയ സെമിയിലേക്ക് മുന്നേറിയത്. പ്രീ ക്വാര്‍ട്ടറില്‍ കിര്‍ഗിസ്ഥാന്റെ എര്‍നാസര്‍ അക്മതലിവിനെയും തോല്‍പ്പിച്ചിരുന്നു.

ഇതോടെ മീരാബായ് ചാനു, പി.വി സിന്ധു, ലവ്‌ലിന ബോര്‍ഗൊഹെയ്ന്‍, ഇന്ത്യന്‍ ഹോക്കി ടീം, രവികുമാര്‍ ദഹിയ എന്നിവര്‍ക്കു ശേഷം ടോക്യോയിലെ ഇന്ത്യയുടെ ആറാം മെഡല്‍ ജേതാവായിരിക്കുകയാണ് ബജ്‌റംഗ്.

 

Top