Bajrang Dal Organises Self-Defence Camp In Ayodhya

ലഖ്‌നോ: വരുന്ന വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശില്‍ അയോധ്യ വിഷയം വീണ്ടും കത്തുന്നു. ബജ്‌റംഗ്ദള്‍ അയോധ്യയില്‍ നടത്തിയ ആയുധ പരിശീലനമാണിപ്പോള്‍ ഉത്തര്‍പ്രദേശില്‍ രാഷ്ട്രീയ പോരാട്ടമായി മാറുന്നത്.

ആയുധ പരിശീലനത്തിനെതിരെ രൂക്ഷ പ്രതിഷേധവുമായി ബി.എസ്.പി നേതാവ് മായാവതിയും സമാജ്‌വാദി പാര്‍ട്ടിയും രംഗത്തുവന്നു. സംസ്ഥാന ഗവര്‍ണര്‍ രാം നായിക്കിന്റെ പിന്തുണയോടെയാണ് ബജ്‌റംഗ്ദള്‍ ആയുധപരിശീലനം നടത്തിയതെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ വര്‍ഗീയ കലാപം ഇളക്കിവിട്ട് നേട്ടമുണ്ടാക്കാനാണ് ശ്രമമെന്നും മായാവതി ആരോപിച്ചു.

മേയ് 14നാണ് അയോധ്യയില്‍ ബജ്‌റംഗ്ദള്‍ ആയുധ പരിശീലനം നടത്തിയത്. മുസ്ലിം പുരോഹിതര്‍ ധരിക്കുന്ന ചുവന്ന കള്ളികളുള്ള ശിരോവസ്ത്രമണിഞ്ഞ ഡമ്മികളെ ഭീകരവാദികളായി സങ്കല്‍പിച്ച് ആയുധമുപയോഗിച്ച് കീഴ്‌പ്പെടുത്തുന്ന രീതിയില്‍ മോക് ഡ്രില്‍ നടത്തിയാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ആയുധ പരിശീലനം നടത്തിയത്. ദേശസംരക്ഷണത്തിന് ഇത്തരം പരിശീലനങ്ങള്‍ ആവശ്യമാണെന്ന് ബി.ജെ.പി നേതാവുകൂടിയായ ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ രാം നായിക് ന്യായീകരിച്ചിരുന്നു.

ആയുധങ്ങളേന്തി നടത്തിയ പരിശീലനം നിയമലംഘനമാണെന്നും കുറ്റവാളികളെ ശിക്ഷിക്കാന്‍ യു.പി ഭരണകൂടം തയാറാകണമെന്നും മായാവതി ആവശ്യപ്പെട്ടു.
ഭരണഘടനയുടെ അന്തസ്സത്ത ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കേണ്ടയാളാണ് ഗവര്‍ണര്‍. നിയമവാഴ്ച ഉറപ്പുവരുത്തേണ്ട ഗവര്‍ണര്‍തന്നെ നിയമം കൈയിലെടുത്ത് ആയുധ പരിശീലനം നടത്താന്‍ ആഹ്വാനം ചെയ്യുന്നത് ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും മായാവതി പറഞ്ഞു. സംഭവം നടന്നിട്ടും നിഷ്‌ക്രിയത പാലിക്കുന്ന സമാജ്വാദി പാര്‍ട്ടി സര്‍ക്കാരിനെയും മായാവതി രൂക്ഷമായി വിമര്‍ശിച്ചു.

അടുത്ത വര്‍ഷം നടക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കൊപ്പം ചേരാനുള്ള നീക്കത്തിന്റെ ഭാഗമായാണ് അഖിലേഷ് യാദവ് മന്ത്രിസഭ മൗനം പാലിക്കുന്നതെന്ന് അവര്‍ കുറ്റപ്പെടുത്തി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പൊലീസിനെയും ഇന്റലിജന്‍സ് വിഭാഗങ്ങളെയും ജാഗരൂകമാക്കണമെന്നും മായാവതി ആവശ്യപ്പെട്ടു.

മായാവതിയുടെ ആരോപണങ്ങള്‍ പുറത്തുവന്നയുടന്‍ ഭരണകക്ഷിയായ സമാജ്‌വാദി പാര്‍ട്ടിയും സംഭവത്തോട് രൂക്ഷമായി പ്രതികരിച്ച് രംഗത്തുവന്നു. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സംസ്ഥാനത്ത് വര്‍ഗീയ കലാപം അഴിച്ചുവിടാനാണ് സംഘ്പരിവാറും ബി.ജെ.പിയും ശ്രമിക്കുന്നതെന്ന് സമാജ്വാദി പാര്‍ട്ടി വക്താവ് രാജേന്ദ്ര ചൗധരി ആരോപിച്ചു. ലൗ ജിഹാദും, ഘര്‍വാപസിയും, മുസഫര്‍ നഗര്‍ കലാപവും വഴി വിദ്വേഷം അഴിച്ചുവിട്ട സംഘ്പരിവാര്‍ മറ്റൊരു വര്‍ഗീയ കലാപത്തിലൂടെ ബി.ജെ.പിക്ക് വോട്ടുണ്ടാക്കാനുള്ള കുടില തന്ത്രമാണ് മെനയുന്നതെന്നും ചൗധരി ആഞ്ഞടിച്ചു.

സര്‍ക്കാര്‍ ഏജന്‍സികള്‍ നടത്തേണ്ട മോക് ഡ്രില്‍ വര്‍ഗീയ കക്ഷികള്‍ നടത്തുന്നത് ഐ.എസും ഹിസ്ബുള്‍ മുജാഹിദീനും നക്‌സലൈറ്റുകളും നടത്തുന്നതുപോലുള്ള ഭീകര പരിശീലനമാണെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് സയ്യിദ് അസീം വഖാര്‍ ആരോപിച്ചു.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഫലപ്രദമായ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഖിലേഷ് സിങ് ആവശ്യപ്പെട്ടു.

അതേസമയം, ബജ്‌റംഗ്ദള്‍ വാര്‍ഷിക പരിശീലന ക്യാമ്പാണ് നടത്തിയതെന്നും സംഭവത്തെ രാഷ്ട്രീയവത്കരിക്കുകയാണെന്നും ബി.ജെ.പി വക്താവ് വിജയ് ബഹാദൂര്‍ പഥക് ന്യായീകരിച്ചു. പരിശീലനം നടത്തിയവര്‍ക്കെതിരെ കേസെടുത്തതിനെതിരെ ബി.ജെ.പി എം.പിമാരായ വിനയ് കത്യാര്‍, യോഗി ആദിത്യനാഥ് എന്നിവര്‍ രംഗത്തുവന്നു. യുവാക്കളില്‍ ദേശീയബോധം വളര്‍ത്താനാണ് ആയുധ പരിശീലന ക്യാമ്പ് നടത്തിയതെന്നാണ് ബജ്‌റംഗ്ദളിന്റെ വിശദീകരണം.

ക്യാമ്പിന്റെ സംഘാടകനായ ബജ്‌റംഗ്ദള്‍ നേതാവ് മഹേഷ് മിശ്രയെ കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മതവികാരം വ്രണപ്പെടുത്തിയതിനും സാമുദായിക വിദ്വേഷം പ്രചരിപ്പിച്ചതിനും ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞദിവസം 50 ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു.

യു.പി തിരഞ്ഞെടുപ്പ് പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും ബി.ജെ.പിക്കും അഗ്നിപരീക്ഷയാണ്. ബീഹാറില്‍ പരാജയപ്പെട്ട ബി.ജെ.പിക്ക് യു.പിയില്‍ വിജയിക്കാനായില്ലെങ്കില്‍ അത് മോഡി പ്രഭാവത്തിന്റെ അവസാനമാകും.

Top