പുത്തന്‍ ഡൊമിനറുമായി ബജാജ്

സ്‌പോര്‍ട്സ് ടൂറിംഗ് മോട്ടോര്‍സൈക്കിളുകളിലെ ജനപ്രിയ താരമാണ് ഡൊമിനാര്‍ 400. ഇപ്പോഴിതാ ഫാക്ടറി ഫിറ്റഡ് ടൂറിംഗ് ആക്സസറികളോട് പുതിയ ഡൊമിനാര്‍ 400ന്റെ പുതുക്കിയ പതിപ്പിനെ പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. 2.17 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയിലാണ് വാഹനം എത്തുക എന്ന് ഇന്ത്യന്‍ ഓട്ടോസ് ബ്ലോഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഫാക്ടറിയില്‍ ഘടിപ്പിച്ച ടൂറിംഗ് ആക്സസറികളോടെയാണ് ഈ സ്പോര്‍ട്സ് ടൂറര്‍ ഇപ്പോള്‍ എത്തുന്നത്.

കോണീയവും സ്‌റ്റൈലിഷുമായ ഉയരമുള്ള വൈസറിനൊപ്പം കൂടുതല്‍ വേറിട്ട മുന്‍ഭാവും പുതിയ മോഡലിനെ ആകര്‍ഷകമാക്കുന്നു. അത്യാധുനിക സിഎഫ്ഡി സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത, ഉയരമുള്ളതാണ് വൈസര്‍ രൂപകല്‍പ്പന. ഇത് റൈഡിംഗ് സുഖം മെച്ചപ്പെടുത്തുന്നു.

ഫ്‌ലെക്സി-വിംഗ്ലെറ്റുകളുള്ള എയറോഡൈനാമിക് രീതിയിലുള്ള ഫൈറ്റര്‍ ജെറ്റ്-പ്രചോദിത ഹാന്‍ഡ്ഗാര്‍ഡുകളും ഇതിന്റെ സവിശേഷതയാണ്. ലഗേജുകള്‍ക്കായി സ്‌റ്റൈലിഷും പ്രവര്‍ത്തനക്ഷമവുമായ കാരിയര്‍ ഉപയോഗിച്ച് ടൂറിംഗ് കൂടുതല്‍ മികച്ചതാക്കുന്ന തരത്തിലാണ് ബൈക്കിനെ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കൂട്ടിച്ചേര്‍ത്ത ബാക്ക് സ്റ്റോപ്പര്‍ പരമാവധി യാത്രാസുഖം ഉറപ്പാക്കുന്നു.

മികച്ച ഇംപാക്ട് സംരക്ഷണം പ്രദാനം ചെയ്യുന്ന ഒരു സംയോജിത മെറ്റല്‍ സ്‌കിഡ് പ്ലേറ്റോടുകൂടിയ സ്‌റ്റൈലിഷ് എഞ്ചിന്‍ ബാഷ് പ്ലേറ്റും ബൈക്കിന്റെ ടൂറിങ്-സൗഹൃദ ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു. പരുക്കനും ശക്തവുമായി ലെഗ് ഗാര്‍ഡ് മികച്ച ക്രാഷ് പ്രൊട്ടക്ഷന്‍ വാഗ്ദാനം ചെയ്യുന്നു. കൂടാതെ സാഡില്‍ ബാഗുകള്‍ സുരക്ഷിതമായി നിലനില്‍ക്കുമെന്ന് സാഡില്‍ സ്റ്റേ ഉറപ്പാക്കുന്നു.

പുതിയ ബജാജ് ഡോമിനാര്‍ 400-ല്‍ നാവിഗേഷന്‍ ഉപകരണം ഘടിപ്പിക്കാന്‍ റൈഡര്‍മാരെ അനുവദിക്കുന്ന നാവിഗേഷന്‍ സ്റ്റേയും സജ്ജീകരിച്ചിരിക്കുന്നു. ഉറപ്പുള്ളതും റോഡ് കാഴ്ച തടയുന്നത് ഒഴിവാക്കാന്‍ എര്‍ഗണോമിക് ആയി സ്ഥാപിച്ചതുമാണ് ഈ കാസ്റ്റ് അലുമിനിയം സംവിധാനം. ഇപ്പോള്‍ ഒരു USB ചാര്‍ജിംഗ് പോര്‍ട്ടും ബൈക്കില്‍ സജ്ജീകരിച്ചിരിക്കുന്നു.

സാഡില്‍ സ്റ്റേ ഒഴികെയുള്ള എല്ലാ ആക്സസറികളും ബജാജ് ഡോമിനാര്‍ 400-ല്‍ സ്റ്റാന്‍ഡേര്‍ഡ് ആയി ലഭിക്കും. ബജാജ് ഓട്ടോ ഡീലര്‍ഷിപ്പില്‍ പണമടച്ച് സ്വന്തമാക്കാവുന്ന ആക്സസറി ആയിരിക്കും സാഡില്‍ സ്റ്റേ. റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്റെ വിപണി ഉന്നംവെച്ചാണ് പുതിയ ടൂറിംഗ് പരിഷ്‌ക്കാരങ്ങള്‍ ബജാജ് മോട്ടോര്‍സൈക്കിളിനു നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ ഡൊമിനാറിന്റെ ബാക്കിയുള്ള ഭാഗങ്ങളെല്ലാം നിലവിലെ മോഡലിന് സമാനമാണ്.

 

Top