ബജാജ് – ട്രയംഫ് പങ്കാളിത്തം; ലോഞ്ച് ചെയ്‍ത് ദിവസങ്ങൾക്കുള്ളിൽ വൻ ഡിമാൻഡ്

ന്ത്യൻ ഇരുചക്ര വാഹന ഭീമൻ ബജാജും ഐക്കണിക്ക് ബ്രിട്ടീഷ് ബ്രാൻഡായ ട്രയംഫും തമ്മിലുള്ള പങ്കാളിത്തത്തിന് കീഴിലുള്ള ആദ്യ മോഡലുകളായ ട്രയംഫ് സ്‍പീഡ് 400, സ്‌ക്രാംബ്ലർ 400 എക്‌സ് എന്നിവ അടുത്തിടെയാണ് ആഗോളതലത്തില്‍ അരങ്ങേറിയത്. പിന്നാലെ സ്‍പീഡ് 400 ഇന്ത്യൻ വിപണിയിലും എത്തി. 2.33 ലക്ഷം രൂപ എക്സ്-ഷോറൂം വിലവയില്‍ വാങ്ങാൻ ലഭ്യമാണ്.

ലോഞ്ച് ചെയ്‍ത് ദിവസങ്ങൾക്കുള്ളിൽ തന്നെ മോട്ടോർസൈക്കിളിന് ഉയർന്ന ഡിമാൻഡാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ശക്തമായ ബുക്കിംഗുകൾ മോട്ടോർസൈക്കിളിനായുള്ള കാത്തിരിപ്പ് കാലയളവ് ശരാശരി മൂന്നോ നാലോ മാസത്തേക്ക് ഉയർത്തി. ജൂലൈ അവസാനത്തോടെ ഡെലിവറികൾ ഔദ്യോഗികമായി ആരംഭിക്കുമ്പോൾ, ഡീലർഷിപ്പുകൾ ലൊക്കേഷൻ അനുസരിച്ച് 12 മുതല്‍ 16 ആഴ്‌ചത്തെ കാത്തിരിപ്പ് കാലയളവ് ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ട്രയംഫ് സ്‍പീഡ് 400 ആഗോളവിപണിക്ക് വേണ്ടി ഇന്ത്യയിൽ നിർമ്മിക്കുന്നു. ഈ മോട്ടോർസൈക്കിൾ ഒന്നിലധികം വിപണികളിൽ വിൽപ്പനയ്‌ക്കെത്തും. ബൈക്ക് ലഭിക്കുന്ന ആദ്യ വിപണിയാണ് ഇന്ത്യ. മഹാരാഷ്ട്രയിലെ ബജാജ് ഓട്ടോയുടെ പുതിയ ചക്കൻ പ്ലാന്‍റിലാണ് ഇത് നിർമ്മിക്കുന്നത്. സ്‍പീഡ് 400-ന്റെ ഉയർന്ന ഡിമാൻഡ് പ്രതീക്ഷിച്ചതിലും നേരത്തെ ഉൽപ്പാദനം വർദ്ധിപ്പിക്കാൻ ബജാജിനെ പ്രേരിപ്പിച്ചു. യുകെ, ബ്രസീൽ, തായ്‌ലൻഡ് എന്നിവിടങ്ങളിലെ ട്രയംഫ് സൗകര്യങ്ങളിലേക്കും അസംബ്ലി കിറ്റുകളായി ഇന്ത്യൻ പ്ലാന്റ് മോട്ടോർസൈക്കിൾ കയറ്റുമതി ചെയ്യും. ഇത് എല്ലാ വിപണികളിലും മോട്ടോർസൈക്കിളിന് മത്സരാധിഷ്ഠിത വില നിലനിർത്താൻ സഹായിക്കും.

ബജാജ് ഓട്ടോ അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ട്രയംഫ് ഡീലർ ശൃംഖല വിപുലീകരിക്കും. ജൂലൈ അവസാനത്തോടെ ഏകദേശം 30 ഔട്ട്‌ലെറ്റുകൾ പ്രവർത്തനക്ഷമമാക്കാനും ഒക്ടോബറിൽ ഏകദേശം 50 ഷോറൂമുകൾ ആരംഭിക്കാനും 2024 മാർച്ചോടെ രാജ്യത്തെ 80 നഗരങ്ങളിലായി 100 ഷോറൂമുകൾ ഉയർത്താനും കമ്പനി പദ്ധതിയിടുന്നു.

നിലവിൽ ഓൺലൈനായും ഡീലർഷിപ്പുകള്‍ വഴിയും സ്പീഡ് 400-ന്റെ ബുക്കിംഗുകൾ ട്രയംഫ് മോട്ടോർസൈക്കിൾസ് സ്വീകരിക്കുന്നുണ്ട്. ഇതിന്‍റെ എക്‌സ്-ഷോറൂം വില 2.33 ലക്ഷം (ആദ്യത്തെ 10,000 ഉപഭോക്താക്കൾക്ക് 2.23 ലക്ഷം). ജാവ, യെസ്‌ഡി, ഹോണ്ട, ഹാർലി-ഡേവിഡ്‌സൺ എന്നിവയ്‌ക്കൊപ്പം സെഗ്‌മെന്റ്-ലീഡർ റോയൽ എൻഫീൽഡിനെയും ഈ മോഡല്‍ നേരിടുന്നു. ബിഎംഡബ്ല്യു ജി 310ആർ, കെടിഎം 390 ഡ്യൂക്ക് എന്നിവയുൾപ്പെടെ, പുതിയ ട്രയംഫ് സ്പീഡ് 400ന് അതിന്റെ മിക്ക എതിരാളികളേക്കാളും വില കുറവാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം. ട്രയംഫ് ബൈക്കിന് 16,000 കിലോമീറ്റർ സർവീസ് ഇടവേളയ്‌ക്കൊപ്പം രണ്ട് വർഷത്തെ/അൺലിമിറ്റഡ് മൈലേജ് വാറന്റി വാഗ്ദാനം ചെയ്യുന്നു. യഥാർത്ഥ ആക്സസറികള്‍ക്കും ഇത് ലഭിക്കുന്നു. മൂന്ന് വർഷ കാലയളവിൽ 350 സിസി റോയൽ എൻഫീൽഡിനേക്കാൾ കുറഞ്ഞ മെയിന്റനൻസ് ചിലവും സ്‍പീഡ് 400 വാഗ്‍ദാനം ചെയ്യുന്നു.

പുതിയ ട്രയംഫ് 400 സിസി ബൈക്കില്‍ 6-സ്പീഡ് ഗിയർബോക്‌സുമായി ഘടിപ്പിച്ച 398 സിസി, സിംഗിൾ-സിലിണ്ടർ TR-സീരീസ് എഞ്ചിനാണ് ഹൃദയം. ഈ എഞ്ചിൻ 8,000 ആർപിഎമ്മിൽ പരമാവധി 40 ബിഎച്ച്പി കരുത്തും 6,500 ആർപിഎമ്മിൽ 37.5 എൻഎം ടോർക്കും സൃഷ്‍ടിക്കും. ട്രയംഫ് സ്‌ക്രാമ്പ്‌ളർ 400 എക്‌സിലും ഇതേ എൻജിൻ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്.

എംആർഎഫ് സ്റ്റീൽ ബ്രേസ് ടയറുകൾ ഘടിപ്പിച്ച 17 ഇഞ്ച് അലോയ് വീലുകളാണ് സ്പീഡ് 400 ന്റെ സവിശേഷത. 140എംഎം ഫ്രണ്ട് സസ്‌പെൻഷൻ, 130എംഎം റിയർ സസ്‌പെൻഷൻ, 300എംഎം ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക്, ഡ്യുവൽ ചാനൽ എബിഎസ് എന്നിവയുമായാണ് ഇത് വരുന്നത്. 790 എംഎം സീറ്റ് ഉയരവും 170 കിലോഗ്രാം ഭാരവുമാണ് ബൈക്കിനുള്ളത്.

സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, യുഎസ്ബി ടൈപ്പ്-സി ചാർജിംഗ് പോർട്ട്, ട്രാക്ഷൻ കൺട്രോൾ, ഓപ്ഷണൽ ഹീറ്റഡ് ഗ്രിപ്പുകൾ, ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ, ഓൾ-എൽഇഡി ലൈറ്റിംഗ് എന്നിവ ഉൾപ്പെടെ വിവിധ സവിശേഷതകളാൽ പുതിയ ട്രയംഫ് 400 സിസി ബൈക്ക് നിറഞ്ഞിരിക്കുന്നു. വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പുകൾ, റൗണ്ട് ബാർ-എൻഡ് മിററുകൾ, ഗോൾഡൻ യുഎസ്ഡി ഫ്രണ്ട് ഫോർക്കുകൾ, ഇരട്ട-ടിപ്പ് എക്‌സ്‌ഹോസ്റ്റ് എന്നിവ ബൈക്കിന്റെ ചില ഡിസൈൻ ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു.

Top