ഈ നഗരങ്ങളിലെ ചേതക് ബുക്കിംഗ് വീണ്ടും ആരംഭിച്ച് ബജാജ്

ഹൈദരാബാദ്, ചെന്നൈ എന്നീ രണ്ട് പുതിയ നഗരങ്ങളില്‍ ചേതക് ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബുക്കിംഗ് വീണ്ടും ആരംഭിച്ച് ബജാജ്. ഇലക്ട്രിക് സ്‌കൂട്ടര്‍ ഇതിനകം ലഭ്യമായിരുന്ന ആറ് നഗരങ്ങള്‍ക്ക് പുറമേയാണ് ഈ രണ്ട് പുതിയ സ്ഥലങ്ങളിലും ബുക്കിംഗ് പുനരാരംഭിച്ചിരിക്കുന്നതെന്ന് റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പുനെ, നാഗ്പൂര്‍, ബെംഗളൂരു, ഔറംഗാബാദ്, മൈസൂര്‍, മംഗലാപുരം എന്നീ നഗരങ്ങളിലാണ് മോഡല്‍ ഇതിനോടകം വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്.

ഈ പുതിയ സ്ഥലങ്ങളില്‍ താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് ബ്രാന്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച് ഇലക്ട്രിക് സ്‌കൂട്ടര്‍ ബുക്ക് ചെയ്യാം. ഇലക്ട്രിക് സ്‌കൂട്ടര്‍ 2,000 രൂപ ടോക്കണ്‍ തുകയില്‍ ബുക്ക് ചെയ്യാം. ഓഫറില്‍ പരിമിതമായ എണ്ണം ചേതക് മാത്രമേയുള്ളൂ എന്നത് ശ്രദ്ധിക്കേണ്ടതാണ്. അതിനുശേഷം ബുക്കിംഗ് അവസാനിപ്പിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. കമ്പനി വെബ്‌സൈഖ്ഖില്‍ കോണ്‍ടാക്റ്റ് നമ്പര്‍ നല്‍കി അതില്‍ വരുന്ന ഒടിപി നല്‍കിക്കൊണ്ട് സ്വയം ബുക്ക് ചെയ്യാന്‍ സാധിക്കും. ഒരിക്കല്‍ ചെയ്തു കഴിഞ്ഞാല്‍, വാങ്ങുന്നയാള്‍ നഗരം, ഡീലര്‍, വേരിയന്റ്, അവന്‍/അവള്‍ക്ക് ഇഷ്ടമുള്ള സ്‌കൂട്ടറിന്റെ നിറം എന്നിവ പൂരിപ്പിക്കേണ്ടതുണ്ട്. തെരഞ്ഞെടുക്കലുകള്‍ പൂരിപ്പിച്ച ശേഷം, ചേതക്കിന്റെ വിശദമായ വിലകള്‍ സ്‌ക്രീനില്‍ കാണാം.

ഐതിഹാസിക മോഡലായ ചേതക്കിനെ ഇലക്ട്രിക് കരുത്തില്‍ 14 വര്‍ഷത്തെ ഇടവേളക്ക് ശേഷം 2020 ജനുവരിയിലാണ് വിപണിയിലേക്ക് ബജാജ് ഓട്ടോ തിരിച്ചെത്തിച്ചത്. കമ്പനിയുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടറായിട്ടായിരുന്നു ചേതക്കിന്റെ മടങ്ങിവരവ്. ബജാജിന്റെ തന്നെ ഇലക്ട്രിക് വാഹന ബ്രാന്‍ഡായ അര്‍ബണൈറ്റ് ആണ് ഇലക്ട്രിക് കരുത്തിലുള്ള ചേതക്കിനെ വീണ്ടും നിരത്തുകളിലെത്തിക്കുന്നത്. 2019 ഒക്ടോബര്‍ 17ന് ആയിരുന്നു വാഹനത്തിന്റെ ആദ്യാവതരണം. അര്‍ബന്‍, പ്രീമിയം എന്നീ രണ്ട് വേരിയന്റുകളിലാണ് ചേതക്കിനെ വില്‍പ്പനയ്ക്ക് എത്തിക്കുന്നത്.

IP67 റേറ്റിങ്ങുള്ള ഹൈ-ടെക് ലിഥിയം അയേണ്‍ ബാറ്ററിയാണ് ചേതക്കിന്റെ ഹൃദയം. സ്റ്റാന്റേര്‍ഡ് 5-15 amp ഇലക്ട്രിക്ക് ഔട്ട്ലെറ്റ് വഴി വാഹനം ചാര്‍ജ് ചെയ്യാം. 3.8 kW/ 4.1kW ഇലക്ട്രിക് മോട്ടറുള്ള സ്‌കൂട്ടറിന് സ്‌പോര്‍ട്, ഇക്കോ എന്നിങ്ങനെ രണ്ടു ഡ്രൈവ് മോഡുകളുണ്ട്. പ്രകടനക്ഷമതയേറിയ സ്‌പോര്‍ട് മോഡില്‍ ഓരോ തവണ ചാര്‍ജ് ചെയ്യുമ്പോഴും 85 കിലോമീറ്ററാണ് ചേതക് ഓടുക. എന്നാല്‍ ഊര്‍ജക്ഷമതയേറിയ ഇക്കോ മോഡില്‍ സ്‌കൂട്ടറിന്റെ സഞ്ചാരപരിധി 95 കിലോമീറ്ററായി ഉയരും. റിവേഴ്‌സ് ഗിയറുള്ള ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടറും ചേതക്കാണ്. രണ്ട് വകഭേദങ്ങളിലും ആറ് നിറങ്ങളിലുമാണ് ഇലക്ട്രിക്ക് സ്‌കൂട്ടര്‍ വിപണിയില്‍ എത്തുന്നത്.

 

Top