നവീകരിച്ച 2019 ബജാജ് ഡോമിനാര്‍ 400 നവംബറില്‍ വിപണിയിലേക്ക്

പുതിയ ഡോമിനാര്‍ 400 ഉടന്‍ വിപണിയിലെക്കെത്തുമെന്ന് റിപ്പോര്‍ട്ട്. രൂപകല്‍പനയിലും ഫീച്ചറുകളിലും കാര്യമായ പരിഷ്‌കാരങ്ങള്‍ നേടിയ പുത്തന്‍ ഡോമിനാര്‍ നവംബറില്‍ വിപണിയില്‍ എത്തും.

മുമ്പ് ഡോമിനാറിന്റെ കോണ്‍സെപ്റ്റ് മോഡലിന് അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍ കമ്പനി നല്‍കിയിരുന്നു. പക്ഷെ പിന്നീടു വില നിയന്ത്രിക്കാന്‍ അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍ പ്രൊഡക്ഷന്‍ പതിപ്പില്‍ നിന്നും കമ്പനി ഒഴിവാക്കുകയായിരുന്നു. ഇരട്ട പോര്‍ട്ടുള്ള എക്‌സ്‌ഹോസ്റ്റ് മഫ്‌ളറും പുതിയ നിറ പതിപ്പുകളും ഡോമിനാറിന് ലഭിക്കുമെന്നാണ് സൂചന. പരീക്ഷണയോട്ടത്തിനിടെ പുത്തന്‍ മോഡലിനെ ഒരുനോക്കു വിപണി കണ്ടിരുന്നു. വലിയ റേഡിയേറ്ററും എഞ്ചിന്‍ കവചവും പരിഷ്‌കരിച്ച മുന്‍ മഡ്ഗാര്‍ഡും ഡോമിനാറിലെ പരിഷ്‌കാരങ്ങളാണ്.

സ്‌റ്റൈലിഷ് ഭാവവും കരുത്തന്‍ എഞ്ചിനും ഡോമിനാറിന്റെ പ്രത്യേകതകളാണ്. ബൈക്കിലുള്ള 373 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിന് 35 bhp കരുത്തും 35 Nm torque ഉം സൃഷ്ടിക്കാനാവും. ലിക്വിഡ് കൂളിംഗ്, ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സംവിധാനങ്ങളുടെ പിന്തണ എഞ്ചിനുണ്ട്. ആറു സ്പീഡാണ് സ്ലിപ്പര്‍ ക്ലച്ചോടുള്ള ഗിയര്‍ബോക്‌സ്. പുത്തന്‍ ഡോമിനാറിലും നിലവിലെ എഞ്ചിന്‍ തുടരും. അതേസമയം 2020 ഏപ്രില്‍ മുതല്‍ ഭാരത് സ്റ്റേജ് IV വാഹനങ്ങള്‍ക്ക് വിലക്കുള്ളതിനാല്‍ ബിഎസ് VI നിര്‍ദ്ദേശങ്ങള്‍ പാലിച്ചായിരിക്കും എഞ്ചിന്‍ ഒരുങ്ങുക.

Top