ഒക്ടോബറിൽ ചേതക് ഇലക്ട്രിക്കിന്റെ 258 യൂണിറ്റ് വില്‍പ്പന നടത്തി ബജാജ്

2020 ഒക്ടോബറില്‍ ചേതക് ഇലക്ട്രിക്കിന്റെ 258 യൂണിറ്റ് വില്‍പ്പന നടത്തി ബജാജ്. കഴിഞ്ഞ മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്തുവന്നപ്പോള്‍ രാജ്യത്തെ നാലാമത്തെ വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായിരുന്നു ബജാജ്. പള്‍സര്‍ ശ്രേണിയിലായിരുന്നു പകുതിയോളം വിൽപ്പന നടന്നത്. ചേത്ക് ഇലക്ട്രിക് സ്‌കൂട്ടറിന്റെ അര്‍ബന്‍, പ്രീമിയം വേരിയന്റുകളില്‍ ലഭ്യമാണ്.

ബജാജ് തങ്ങളുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടറായ ചേതക്കിനെ വിപണിയില്‍ അവതരിപ്പിച്ചത് ഈ വർഷം തുടക്കത്തിലായിരുന്നു. 1.15 ലക്ഷം രൂപയാണ് ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ വില. നിലവില്‍ പൂനെ, ബംഗളൂരു എന്നിവിടങ്ങളില്‍ മാത്രമാണ് വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. ഇരുമോഡലുകളിലെയും ഫീച്ചറുകള്‍ ഒന്നാണെങ്കിലും ഡിസൈനിലും നിറങ്ങളിലും ചെറിയ മാറ്റങ്ങള്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ട് വകഭേദങ്ങളിലും ആറ് നിറങ്ങളിലുമാണ് സ്‌കൂട്ടര്‍ ലഭ്യമാകുന്നത്. എന്‍സിഎ (NCA) സെല്ലുകളോടുകൂടിയ IP67 റേറ്റിങ്ങുള്ള 3kWh ലിഥിയം അയണ്‍ ബാറ്റികളാണ് വാഹനത്തിന്റെ കരുത്ത്. 16 Nm torque ഉം ഈ ഇലക്ട്രിക് മോട്ടോര്‍ സൃഷ്ടിക്കും. എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഡിസ്‌ക് ബ്രേക്കുകള്‍, എബിഎസ്, റിവേഴ്സ് അസിസ്റ്റ് ഫങ്ഷന്‍, എല്‍ഇഡി ഹെഡ്‌ലാമ്പ്, എല്‍ഇഡി ടെയില്‍ ലാമ്പ് എന്നിവയെല്ലാം സ്കൂട്ടറിന്റെ സവിശേഷതകളാണ്.

ഇക്കോ, സ്പോര്‍ട്സ് എന്നീ രണ്ട് ഡ്രൈവിങ് മോഡുകളില്‍ വാഹനം ഓടിക്കാം. ഇക്കോ മോഡില്‍ ഒറ്റചാര്‍ജില്‍ 95 കിലോമീറ്റര്‍ ദൂരവും സ്പോര്‍ട്സ് മോഡില്‍ 85 കിലോമീറ്റര്‍ ദൂരവും സഞ്ചരിക്കാന്‍ സാധിക്കും. ഇലക്ട്രിക് സ്‌കൂട്ടറിന്റെ പരമാവധി വേഗത 70 കിലോമീറ്ററാണ്. സ്റ്റാന്റേര്‍ഡ്, ഫാസ്റ്റ് ചാര്‍ജിങ് സൗകര്യവും സ്‌കൂട്ടറില്‍ ലഭ്യമാണ്. ഒരു മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ സ്‌കൂട്ടര്‍ 25 കിലോമീറ്റര്‍ ദൂരം ഓടിക്കാമെന്നും കമ്പനി അവകാശപ്പെടുന്നു. നിലവില്‍ ചേതക് ഇലക്ട്രിക്കിന്റെ ബുക്കിംഗ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. ആവശ്യക്കാർ ഏറിയതിനാലാണ് ബുക്കിംഗ് നിർത്തിവച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഏഥര്‍ 450X, ടിവിഎസ് ഐക്യൂബ് എന്നിവരാണ് വിപണിയില്‍ ചേതക് ഇലക്ട്രിക്കിന്റെ മുഖ്യ എതിരാളികള്‍.

Top