ജീവനക്കാര്‍ക്ക് കോവിഡ് 19; ഫാക്​ടറി അടച്ചിട​ണമെന്ന ആവശ്യവുമായി ജീവനക്കാർ

മുംബൈ: ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബജാജ് നിര്‍മാണ യൂണിറ്റ് താല്‍കാലികമായി അടച്ചിടണമെന്ന ആവശ്യവുമായി തൊഴിലാളികള്‍ രംഗത്ത്.

ഇന്ത്യയിലെ മുന്‍ നിര മോട്ടോര്‍ ബൈക്ക് കയറ്റുമതി കമ്പനിയാണ് ബജാജ് ഓട്ടോ. 250 ലധികം ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ നിര്‍മാണം പാതിനിലച്ചിരുന്നു. കൂടുതല്‍ പേരിലേക്ക് രോഗം പടരുന്ന സാഹചര്യത്തിലാണ് നിര്‍മാണ യൂണിറ്റ് അടച്ചിടണമെന്ന ആവശ്യവുമായി തൊഴിലാളികള്‍ രംഗത്തെത്തിയത്.

മാര്‍ച്ചില്‍ പ്രഖ്യാപിച്ച രാജ്യവ്യാപക ലോക്ഡൗണില്‍ ഇളവുകള്‍ അനുവദിച്ചതോടെ കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയര്‍ന്നിരുന്നു. വന്‍കിട കമ്പനികള്‍ ഒഴികെ നിരവധി ചെറുകിട കച്ചവടക്കാരും നിര്‍മാണ യൂണിറ്റുകളും പ്രവര്‍ത്തനം നിര്‍ത്തിവെച്ചു.

ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള മഹാരാഷ്ട്രയില്‍ പ്രവര്‍ത്തിക്കുന്ന ബജാജ് ഓട്ടോ ജീവനക്കാരില്‍ രോഗബാധ ഉയര്‍ന്നിട്ടും അടച്ചിടാന്‍ തയാറായിരുന്നില്ല. വൈറസിനൊപ്പം ജീവിക്കുകയാണ് വേണ്ടതെന്നും ജോലി നിര്‍ത്തിവെക്കില്ലെന്നും ജോലിക്കെത്താത്തവര്‍ക്ക് ശമ്പളം നല്‍കില്ലെന്നും ജീവനക്കാര്‍ക്ക് കമ്പനി കത്തയച്ചിരുന്നു. എന്നാല്‍ രോഗഭീതി മൂലം ജീവനക്കാര്‍ ജോലിക്ക് വരാന്‍ മടിക്കുകയാണെന്നും ധാരാളംപേര്‍ അവധിയെടുക്കുകയും ചെയ്യുകയാണെന്ന് ബജാജ് ഓട്ടോ വര്‍ക്കേഴ്‌സ് തൊഴിലാളി യൂണിയന്‍ പ്രസിഡന്റ് തെങ്കഡെ ബാജിറാവു പറഞ്ഞു.

അതേസമയം, ജൂണ്‍ 26 വരെ കമ്പനിയിലെ 8000ത്തോളം ജീവനക്കാരില്‍ 140 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും രണ്ടുപേര്‍ മരിച്ചതായും കമ്പനി അറിയിച്ചിരുന്നു. എങ്കിലും താല്‍കാലികമായി ഫാക്ടറി അടച്ചിടാന്‍ കമ്പനി തയാറായിരുന്നില്ല.

Top