സൂപ്പര്‍ബൈക്ക് ഡ്യുകാറ്റിയെ സ്വന്തമാക്കാനൊരുങ്ങി ബജാജ് ഓട്ടോ

റ്റാലിയന്‍ സൂപ്പര്‍ബൈക്ക് നിര്‍മ്മാതാക്കളായ ഡ്യുകാറ്റിയെ ബജാജ് ഓട്ടോ സ്വന്തമാക്കുമെന്ന് സൂചന.

ഓസ്ട്രിയന്‍ പങ്കാളി, കെടിഎമ്മുമായുള്ള സംയുക്ത പങ്കാളിത്തത്തിലാണ് യൂറോപ്യന്‍ ഇതിഹാസത്തെ ബജാജ് സ്വന്തമാക്കുക. ഇതിനായുള്ള അവസാന വട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

പുതിയ സഖ്യത്തിലേര്‍പ്പെടാനുള്ള ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്ന് വാര്‍ഷിക പൊതു സമ്മേളനത്തില്‍ ബജാജ് ഓട്ടോ മാനേജിംഗ് ഡയറക്ടര്‍ രാജീവ് ബജാജ് വെളിപ്പെടുത്തി. എന്നാല്‍ ഡ്യുകാറ്റിയുമായുള്ള സഖ്യമാണോ എന്നതില്‍ രാജീവ് ബജാജ് വ്യക്തത നല്‍കിയില്ല.

പുതിയ സഖ്യത്തില്‍ ഏര്‍പ്പെടാനുള്ള അവസാന വട്ട ഒരുക്കത്തിലാണ് ബജാജ് എന്നും, അനന്ത സാധ്യതകളാണ് പുതിയ സഖ്യം ബജാജിന് തുറന്ന് നല്‍കുകയെന്നും രാജീവ് ബജാജ് പറഞ്ഞു.

സഖ്യം ചേരാനുള്ള എല്ലാ നടപടികളും ബജാജ് സ്വീകരിച്ച് കഴിഞ്ഞൂവെന്നും അദ്ദേഹം വ്യക്തമാക്കി.

ഡ്യുകാറ്റിയുടെ കടന്ന് വരവ്, പ്രീമിയം മോട്ടോര്‍സൈക്കിള്‍ ശ്രേണിയില്‍ ബജാജിന് മുന്‍തൂക്കം നല്‍കും. 2012 ല്‍ 6000 കോടി രൂപയ്ക്കാണ് ജര്‍മ്മന്‍ കമ്പനി ഡ്യുക്കാറ്റിയെ സ്വന്തമാക്കിയത്.

800 സിസി മുതല്‍ 1200 സിസി വരെയുള്ള മോട്ടോര്‍സൈക്കിള്‍ ശ്രേണിയില്‍ ഡ്യുക്കാറ്റി മോഡലുകള്‍ ഏറെ പ്രശസ്തമാണ്. 2016 ല്‍ 4196 കോടി രൂപയുടെ വില്‍പനയാണ് ഡ്യുക്കാറ്റി നടത്തിയത്.

വിദേശവിപണികളില്‍ തനത് വ്യക്തി മുദ്ര പതിപ്പിച്ചിട്ടുള്ള ഡ്യുക്കാറ്റി, കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1.2 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു.

ജര്‍മ്മന്‍ നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണിന് കീഴിലുള്ള ഡ്യുകാറ്റിയെ സ്വന്തമാക്കുന്നതിനായി കടുത്ത മത്സരമാണ് നിലകൊള്ളുന്നത്. റോയല്‍ എന്‍ഫീല്‍ഡ്, ഹീറോ മോട്ടോകോര്‍പ്, ഹാര്‍ലി ഡേവിഡ്‌സണ്‍ എന്നിവര്‍ ഡ്യുകാറ്റിയെ സ്വന്തമാക്കുന്നതിനായുള്ള തീവ്ര ശ്രമത്തിലാണ്.

Top