റെട്രോ-മോഡേണ്‍ ഹസ്‌ക്കി ബൈക്കുകള്‍ നവംബറില്‍ വിപണിയിലേക്ക്

റെട്രോ-മോഡേണ്‍ ബൈക്കുകളായ ഹസ്ഖ്വര്‍ണ ഇരട്ടകളെ ഉടന്‍ വിപണിയിലെത്തിക്കുമെന്ന് ബജാജ്. ഈ വര്‍ഷത്തെ ദിവാലിയോടടുത്തായിരിക്കും ബൈക്കുകള്‍ വില്‍പ്പനയ്ക്കെത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. വിപണിയില്‍ ഹസ്‌ക്കി ബൈക്കുകള്‍ക്ക് ഏകദേശം 2.3 ലക്ഷം രൂപയോളം വില പ്രതീക്ഷിക്കാം.

കെടിഎം 390 ഡ്യൂക്കിന്റെ അടിത്തറയിലാണ് ഹസ്ഖ്വര്‍ണ വിറ്റ്പിലന്‍ 401, സ്വാര്‍ട്ട്പിലന്‍ 401 ബൈക്കുകള്‍ നിര്‍മ്മിക്കുന്നത്. എന്നാല്‍ ബൈക്കുകളുടെ ഡിസൈന്‍, സ്‌റ്റൈല്‍ എന്നിവയില്‍ നിര്‍മ്മാതാക്കള്‍ ആവശ്യമായ മാറ്റങ്ങള്‍ ഇവയില്‍ വരുത്തും.

ക്ലിപ്പ് ഓണ്‍ ഹാന്‍ഡില്‍ബാറുകളും റിയര്‍ സെറ്റ് ഫുട്ട് പെഗുകളുമുള്ള കഫേ റേസര്‍ ഡിസൈനിലാണ് വിറ്റ്പിലന്‍ 401 ഒരുങ്ങുന്നത്. അതേ സമയം യാത്രാ സുഖം മുന്‍നിര്‍ത്തിയൊരുക്കുന്ന സ്‌ക്രാമ്പ്ളര്‍ ബൈക്കാണ് സ്വാര്‍ട്ട്പിലന്‍ 401.

373 സിസി ശേഷിയുള്ള നാല് സ്ട്രോക്ക് ഒറ്റ സിലിണ്ടര്‍ ലിക്വിഡ് കൂളിംഗ് ഫ്യുവല്‍ ഇഞ്ചക്റ്റഡ് എഞ്ചിനാണ് വിറ്റ്പിലന്‍, സ്വാര്‍ട്ട്പിലന്‍ ബൈക്കുകളില്‍ തുടിക്കുക. ഇത് 44 bhp കരുത്തും 37 Nm torque ഉം പരമാവധി കുറിക്കുന്നതാണ്. ആറ് സ്പീഡായിരിക്കും ബൈക്കുകളിലെ ഗിയര്‍ബോക്സ്. കൂടാതെ സ്ലിപ്പര്‍ ക്ലച്ച് സംവിധാനവും ഹസ്‌ക്കി ബൈക്കുകളിലെ പ്രത്യേകതയാണ്.

Top