വൈദ്യുത വാഹനങ്ങളുടെ ശ്രേണിയിലേക്ക് ബജാജ്- കെ.ടി.എം സഖ്യവും

വൈദ്യുത വാഹനങ്ങളുടെ ശ്രേണിയിലേക്ക് കാലെടുത്തു വയ്ക്കാനൊരുങ്ങി ബജാജ്- കെ.ടി.എം സഖ്യം. കെ.ടി.എമ്മുമായുള്ള പങ്കാളിത്തത്തിന്റെ രണ്ടാം ഘട്ടമെന്ന നിലയിലാണു ബജാജ് പരസ്പര സഹകരണത്തോടെ വൈദ്യുത വാഹനങ്ങളുടെ നിര്‍മ്മാണത്തിലേക്ക് കടക്കുന്നത്. ഉടന്‍ തന്നെ ഈ കൂട്ടുകെട്ടില്‍ നിന്നുള്ള പ്രീമിയം ഇ- മോട്ടോര്‍ സൈക്കിള്‍ വില്‍പ്പനയ്ക്കെത്തുമെന്നു ബജാജ് ഓട്ടോ ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ രാകേഷ് ശര്‍മ സൂചിപ്പിച്ചു.

പുണെയിലെ നിര്‍മ്മാണശാലയില്‍ നിന്നാവും വാഹനങ്ങള്‍ നിര്‍മ്മിക്കുകയെന്ന് കെ.ടി.എം മുന്‍പ് തന്നെ അറിയിച്ചിരുന്നു. 2022 ലാവും ബജാജ്- കെ.ടി.എം സഖ്യത്തിന്റെ ആദ്യ വൈദ്യുത ബൈക്ക് പുറത്തിറങ്ങുകയെന്നാണു വിലയിരുത്തല്‍.

പവേഡ് ടു വീലര്‍ (പി.ടി.ഡബ്ല്യു) പദ്ധതി പ്രകാരം 48 വോള്‍ട്ട് വൈദ്യുത പ്ലാറ്റ്ഫോമാണു ബജാജും കെ.ടി.എമ്മും ചേര്‍ന്നു വികസിപ്പിച്ചുവരുന്നത്. ഈ പ്ലാറ്റ്ഫോമില്‍ വൈദ്യുത സ്‌കൂട്ടറുകളും മോപ്പഡുകളും സമാന വാഹനങ്ങളുമൊക്കെ യാഥാര്‍ഥ്യമാക്കാനാവും. മൂന്നു കിലോവാട്ട് (നാലു പി.എസ്) മുതല്‍ 10 കിലോവാട്ട് (13 പി.എസ്) വരെ പവര്‍ ഔട്ട്പുട്ട് സാധ്യമാക്കാന്‍ ഈ പ്ലാറ്റ്ഫോമിനു കഴിയും.

‘ഡ്യൂക്ക് 390’ ബൈക്കിന്റെ വൈദ്യുത പതിപ്പാവും കെ.ടി.എം ആദ്യം അവതരിപ്പിക്കുകയെന്നാണു കരുതുന്നത്. ഇത്തരം ബൈക്ക് മാതൃകകള്‍ കെ.ടി.എം വ്യാപക പരീക്ഷണ ഓട്ടത്തിന് ഉപയോഗിക്കുകയും ചെയ്തിരുന്നു.

ബജാജാവട്ടെ പുതിയ ബ്രാന്‍ഡായ ‘അര്‍ബനൈറ്റ്’ ശ്രേണിക്ക് അനുയോജ്യമായ വൈദ്യുത സ്‌കൂട്ടര്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്. ഈ വാഹനത്തിന്റെ പരീക്ഷണ ഓട്ടവും ഊര്‍ജിതമായി പുരോഗമിക്കുന്നുണ്ട്. പണ്ട് ഇന്ത്യന്‍ ഇരുചക്രവാഹന വിപണിയെ അടക്കിവാണിരുന്നു സ്‌കൂട്ടറായ ‘ചേതക്’ എന്ന പേര് അര്‍ബനൈറ്റ് ശ്രേണിയില്‍ തിരിച്ചെത്തിക്കാനും ബജാജിനു പദ്ധതിയുണ്ടെന്നാണ് സൂചന.

Top