Bajaj Allianz launches long-term two-wheeler package policy

കൃത്യസമയത്ത് ഇരുചക്രവാഹന ഇന്‍ഷുറന്‍സ് പുതുക്കാന്‍ മറക്കുന്നവര്‍ക്കായി പുത്തന്‍ പദ്ധതിയുമായി സ്വകാര്യ നോണ്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് രംഗത്ത്.

സാധാരണ കമ്പനികള്‍ ഒരു വര്‍ഷ കാലാവധിയുള്ള പോളിസികള്‍ നല്‍കുമ്പോള്‍ ഇരുചക്രവാഹനങ്ങള്‍ക്കു മൂന്നു വര്‍ഷ കാലാവധിയുള്ള ഇന്‍ഷുറന്‍സ് അനുവദിക്കാമെന്നാണു ബജാജ് അലയന്‍സിന്റെ വാഗ്ദാനം. പോരെങ്കില്‍ 24 മണിക്കൂറും ലഭ്യമാവുന്ന റോഡ്‌സൈഡ് അസിസ്റ്റന്‍സ് സര്‍വീസ് സഹിതമാണു കമ്പനി ഈ പോളിസി അവതരിപ്പിക്കുന്നത്.

മാത്രമല്ല, അടുത്ത ഒരു വര്‍ഷത്തിനിടെ വനിതാ ഇടപാടുകാര്‍ക്ക് റോഡ്‌സൈഡ് അസിസ്റ്റന്‍സ് സര്‍വീസ് സൗജന്യമായി ലഭ്യമാക്കുമെന്നും ബജാജ് അലയസന്‍സിന്റെ വാഗ്ദാനമുണ്ട്.

കവറേജ് മൂന്നു വര്‍ഷം തുടരുമെന്നതിനാല്‍ ഇപ്പോഴത്തെ പോളിസികളെ പോലെ 12 മാസം കൂടുമ്പോള്‍ ഇന്‍ഷുറന്‍സ് പുതുക്കേണ്ട എന്നതാണു ബജാജ് അലയന്‍സ് അവതരിപ്പിക്കുന്ന പുതിയ പദ്ധതിയുടെ പ്രധാന സവിശേഷത. പോരെങ്കില്‍ പോളിസി പ്രാബല്യത്തിലുള്ള കാലത്തിനിടെ നടപ്പാവുന്ന നിരക്ക് വര്‍ധന വാഹന ഉടമയെ ബാധിക്കില്ലെന്ന നേട്ടവുമുണ്ട്.

വാഹനങ്ങള്‍ക്കുള്ള തേഡ് പാര്‍ട്ടി പ്രീമിയം വര്‍ഷം തോറും ഉയരുന്ന സാഹചര്യത്തില്‍ ഈ ദീര്‍ഘകാല പോളിസി വാഹന ഉടകള്‍ക്കു ഗണ്യമായ സാമ്പത്തിക നേട്ടം സമ്മാനിക്കുമെന്നാണു ബജാജ് അലയന്‍സിന്റെ അവകാശവാദം.

ഓരോ വര്‍ഷം കാലാവധിയുള്ള പോളിസിയെ അപേക്ഷിച്ചു പ്രീമിയത്തില്‍ വന്‍കിഴിവാണ് ഈ മൂന്നു വര്‍ഷത്തെ ഇന്‍ഷുറന്‍സ് പദ്ധതി ഉറപ്പു നല്‍കുന്നതെന്നു ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവുമായ തപന്‍ സിംഘല്‍ അഭിപ്രായപ്പെട്ടു.

24 മണിക്കൂറും ആശ്രയിക്കാവുന്ന റോഡ്‌സൈഡ് അസിസ്റ്റന്‍സ് സേവനം ഇരുചക്രവാഹന ഉടമകള്‍ക്കും ലഭ്യമാവുന്നു എന്നതാണ് ഈ പോളിസിയുടെ മറ്റൊരു പുതുമയെന്ന് അദ്ദേഹം കരുതുന്നു.

വനിതകളുടെ യാത്രകള്‍ ആയാസരഹിതവും സുരക്ഷിതവുമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആദ്യ വര്‍ഷം അവര്‍ക്ക് റോഡ്‌സൈഡ് അസിസ്റ്റന്‍സ് സേവനം സൗജന്യമായി അനുവദിക്കുന്നതെന്നും സിംഘല്‍ വിശദീകരിച്ചു.

പോളിസി പുതുക്കുമ്പോള്‍ അധിക നോ ക്ലെയിം ബോണസ് ലഭിക്കുന്നതിനൊപ്പം ഇടയ്ക്ക് നഷ്ടപരിഹാരം വാങ്ങിയാല്‍ പോലും ഈ ആനുകൂല്യം നിഷേധിക്കില്ലെന്ന സവിശേഷതയുമുണ്ടെന്നു സിംഘല്‍ വിശദീകരിക്കുന്നു.

പഞ്ചറായ ടയറും ‘പണി മുടക്കിയ’ ബാറ്ററിയും മാറ്റാന്‍ മാത്രമല്ല അത്യാവശ്യഘട്ടത്തില്‍ പെട്രോള്‍ എത്തിച്ചുനല്‍കാനും റോഡ്‌സൈഡ് അസിസ്റ്റന്‍സ് സംവിധാനത്തെ ആശ്രയിക്കാം.

സ്‌പെയര്‍ കീ, ടോയിങ്, ചെറുകിട അറ്റകുറ്റപ്പണി, നിയമോപദേശം, താമസസൗകര്യം, തുടര്‍യാത്രയ്ക്കായി ടാക്‌സി ഏര്‍പ്പെടുത്തല്‍, അടിയന്തരഘട്ടത്തില്‍ വൈദ്യസഹായം എത്തിക്കല്‍ എന്നിവയൊക്കെ ഈ പദ്ധതിയില്‍ ലഭ്യമാവും. ആദ്യഘട്ടത്തില്‍ രാജ്യത്തെ 80 നഗരങ്ങളിലാണു ബജാജ് അലയന്‍സ് റോഡ്‌സൈഡ് അസിസ്റ്റന്‍സ് പദ്ധതി ആരംഭിച്ചിരിക്കുന്നത്.

Top