സന്നിധാനത്ത് നിരോധനാജ്ഞ ലംഘിച്ചതിന് അറസ്റ്റിലായ 82 പേര്‍ക്കും ജാമ്യം

സന്നിധാനം: സന്നിധാനത്ത് നിരോധനാജ്ഞ ലംഘിച്ചതിന് അറസ്റ്റിലായ 82 പേര്‍ക്കും ജാമ്യം. ഇന്നലെ രാത്രിയാണ് നടയടയ്ക്കുന്നതിന് തൊട്ടുമുമ്പ് പ്രതിഷേധം നടത്തിയ ബിജെപി കോട്ടയം ജില്ലാ ട്രഷറര്‍ അടക്കമുള്ളവര്‍ അറസ്റ്റിലായത്.

രാത്രി പത്തരയോടെ പൊലീസിന്റെ കണ്ണുവെട്ടിച്ച് വാവര്‍ നടയ്ക്ക് മുന്നിലെ ബാരിക്കേട് കടന്ന് 52 പേരും പതിനെട്ടാം പടിക്ക് സമീപം നിന്ന് മുപ്പതോളം പേരും ശരണം വിളിച്ചു. ഇത് അതീവ സുരക്ഷാ മേഖലയാണെന്നും പിന്‍മാറിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യേണ്ടി വരുമെന്നും പൊലീസ് അറിയിച്ചു.

എന്നാല്‍ ഇരു സംഘങ്ങള്‍ക്ക് ചുറ്റും പൊലീസ് നിലയുറപ്പിച്ചെങ്കിലും ശരണം വിളി തുടര്‍ന്നു. ഹരിവരാസനം പാടി നടയടച്ചതിനു തൊട്ടു പിന്നാലെ കസ്റ്റഡിയിലെടുക്കുന്നതായി പൊലീസ് പ്രഖ്യാപിച്ചു. തുടര്‍ന്ന് എസ്പി ശിവ വിക്രത്തിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തവരെ രണ്ട് സംഘങ്ങളായി പമ്പയിലെത്തിച്ചു.

സമരം തികച്ചും ആസൂത്രിതമെന്നും വധശ്രമം അടക്കമുള്ള കേസുകളില്‍ പ്രതികളായവരും ഇക്കൂട്ടത്തിലുണ്ടെന്നും പൊലീസ് പറഞ്ഞു. നിരോധനാജ്ഞ ലംഘിച്ചു, മാര്‍ഗ്ഗതടസ്സമുണ്ടാക്കി തുടങ്ങിയ കുറ്റങ്ങളാണ് ഇവരുടെ പേരില്‍ ചുമത്തിയിട്ടുള്ളത്. മണിയാര്‍ ക്യാമ്പിലെത്തിച്ചശേഷമാണ് സ്റ്റേഷന്‍ ജാമ്യം അനുവദിച്ചത്.

Top