ശ്രീറാമിന്റെ ജാമ്യം; കോടതിയില്‍ അവതരിപ്പിച്ചത് ഉന്നതര്‍ തയ്യാറാക്കിയ തിരക്കഥയെന്ന്…

Mullapally Ramachandran

തിരുവന്തപുരം:മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ കാറിടിച്ചു മരിച്ച കേസില്‍ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം ലഭിച്ചത് സി.പി.എമ്മും പൊലീസും മുഖ്യമന്ത്രിയുടെ ഓഫീസും തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

ഉന്നതര്‍ തയ്യാറാക്കിയ തിരക്കഥയാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ അവതരിപ്പിച്ചത്. മദ്യപിച്ചിരുന്നു എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ആവശ്യമായ തെളിവുകളില്ലാതിരുന്നതിനാല്‍ ഏത് കോടതിക്കും ഇത്തരമൊരു വിധിയെ പ്രസ്താവിക്കാനാവൂ. സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചാലും അത്ഭുതമൊന്നും സംഭവിക്കാന്‍ പോകുന്നില്ല. പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലും ഇതേ നാടകം തന്നെ നടത്തുമെന്നും മുല്ലപ്പള്ളി പരിഹസിച്ചു.

സംഭവം നടന്നപ്പോള്‍ മുതല്‍ പ്രതിയെ സംരക്ഷിക്കാനുള്ള നീക്കമാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായത്. ശ്രീറാമിന് ജാമ്യം കിട്ടിയതിന് പിന്നില്‍ ആഭ്യന്തര വകുപ്പിന്റെ ഗുരുതര വീഴ്ചയാണ് കാണുന്നത്.

നിസഹായതയുടെ തടവുകാരനായ മുഖ്യമന്ത്രിയുടെ വാക്ക് പഴയ ചാക്ക് പോലെയായി.ഇത് അപമാനമാണ്. ഇനിയെങ്കിലും മുഖ്യമന്ത്രി ആഭ്യന്തര വകുപ്പിന്റെ ചുമതല ഒഴിഞ്ഞ് മറ്റാര്‍ക്കെങ്കിലും ചുമതല നല്‍കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള നടപടികള്‍ മാത്രമാണ് സര്‍ക്കാര്‍ ഈ വിഷയത്തില്‍ കൈകൊള്ളുന്നത്. മാധ്യമപ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി പ്രതിഷേധിച്ചിട്ടും നിഷ്പക്ഷമായ അന്വേഷണം സാധിക്കുന്നില്ലെങ്കില്‍ ഒരു സാധരണക്കാരന് ഇങ്ങനെ സംഭവിച്ചാല്‍ എങ്ങനെ നീതിലഭിക്കുമെന്നും മുല്ലപ്പള്ളി ചോദിച്ചു.

Top