പീഡനക്കേസിൽ കോൺഗ്രസ് നേതാവ് പി വി കൃഷ്ണകുമാറിന് ജാമ്യം അനുവദിച്ചു

കണ്ണൂര്‍: പീഡന കേസിൽ അറസ്റ്റിലായ കോൺഗ്രസ് നേതാവ് പി വി കൃഷ്ണകുമാറിന് ജാമ്യം. കണ്ണൂർ കോർപറേഷൻ കൗൺസിലർ കൂടിയാണ് ഇയാൾ. തലശ്ശേരി സി ജെ എം കോടതിയാണ് കൃഷ്ണകുമാറിന് ജാമ്യം അനുവദിച്ചത്. ഇന്നലെ രാത്രിയാണ് എ സി പി യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ബംഗളൂരുവിൽ ഒളിവിൽ കഴിയുകയായിരുന്ന കൃഷ്ണകുമാർ.

കണ്ണൂർ കോർപ്പറേഷൻ കിഴുന്ന ഡിവിഷൻ കൗൺസിലറാണ് പി വി കൃഷ്ണകുമാർ. ജൂലൈ 20 നാണ് കൃഷ്‌ണകുമാർ പീഡിപ്പിച്ചുവെന്ന് കാണിച്ച് വനിത സഹകരണ ബാങ്ക് ജീവനക്കാരിയായ യുവതി സിറ്റി പൊലീസ്‌ കമ്മീഷണർക്കും വനിതാ കമ്മീഷനും പരാതി നൽകിയത്. പരാതിയിൽ എടക്കാട് പൊലീസ് കേസെടുത്തതിന് പിന്നാലെ കൃഷ്ണകുമാർ ഒളിവിൽ പോവുകയായിരുന്നു. യുവതി ജോലി ചെയ്യുന്ന കോൺഗ്രസ്‌ നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കിലെ മുൻ ജീവനക്കാരൻ കൂടിയാണ്‌ കൃഷ്‌ണകുമാർ. എസിപി, ടി കെ രത്നകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘത്തിനായിരുന്നു അന്വേഷണ ചുമതല.

കൃഷ്ണകുമാർ സംസ്ഥാനം വിട്ടെന്ന് ഉറപ്പായതോടെ നേരത്തെ തന്നെ തമിഴ്നാട്ടിലും കർണാടകയിലെ വിവിധയിടങ്ങളിലും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനാവാത്തത് പൊലീസിന് തലവേദനയായിരുന്നു. ഇടതു വനിത സംഘടനകളടക്കം കൃഷ്ണകുമാറിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോർപ്പറേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു. കൗൺസിലർ സ്ഥാനം രാജി വെപ്പിക്കണമെന്നാവശ്യപ്പെട്ട് എല്‍ ഡി എഫ് ജില്ലാ കമ്മറ്റി കോർപ്പറേഷൻ ഓഫീസ് ധർണ നടത്തുകയും ചെയ്തു. എന്നാൽ കൃഷ്ണകുമാര്‍ ഇതുവരെ സ്ഥാനം രാജിവച്ചിട്ടില്ല

Top