ജഗന് ജാമ്യം; മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റും; 3 വര്‍ഷമായി മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തി

തൃശൂര്‍: തൃശൂര്‍ വിവേകോദയം സ്‌കൂളില്‍ വെടിവെച്ച സംഭവത്തില്‍ പ്രതി ജഗന് ജാമ്യം. ജാമ്യം ലഭിച്ച പ്രതിയെ മാനസികാരോഗ്യകേന്ദ്രത്തിലേയ്ക്ക് മാറ്റുമെന്നാണ് വിവരം. ജഗന്‍ 3 വര്‍ഷമായി മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയെന്ന് കുടുംബം പൊലീസിനോട് പറഞ്ഞിരുന്നു. ഇതിന്റെ ചികിത്സാ രേഖകളും ഹാജരാക്കിയിട്ടുണ്ട്. പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി നിര്‍ദ്ദേശം.

തൃശൂര്‍ വിവേകോദയം സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ ജഗന്‍ എയര്‍ഗണ്ണുമായെത്തി വെടിവെപ്പ് നടത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തിരുന്നു. പ്രധാനമായും രണ്ട് കുറ്റങ്ങള്‍ക്ക് കേസെടുത്തിരിക്കുന്നത്. അതിക്രമിച്ചു കയറി, ഭീഷണിപ്പെടുത്തി എന്നീ കുറ്റങ്ങള്‍ ചുമത്തി തൃശൂര്‍ ഈസ്റ്റ് പൊലീസാണ് ജഗനെതിരെ കേസെടുത്തത്. ഐ പി സി 448, 506 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

അതിനിടെ സ്‌കൂളിലെ എയര്‍ഗണ്‍ വെടിവെപ്പ് സംഭവത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പും അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി അടിയന്തിരമായി റിപ്പോര്‍ട്ട് നല്‍കാന്‍ പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്.ഷാനവാസ് ഐ.എ.എസിന് നിര്‍ദേശം നല്‍കി.

Top