ജാമ്യ വ്യവസ്ഥയില്‍ ഇളവ് വേണം; അബ്ദുള്‍ നാസര്‍ മദനിയുടെ ഹര്‍ജി ഇന്ന് സുപ്രിം കോടതി പരിഗണിക്കും

ന്യൂഡല്‍ഹി: ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയുള്ള അബ്ദുള്‍ നാസര്‍ മദനിയുടെ ഹര്‍ജി ഇന്ന് സുപ്രിം കോടതി പരിഗണിക്കും. ക്രിയാറ്റിന്‍ വര്‍ദ്ധിച്ചു നില്‍ക്കുന്നതിനാല്‍ വൃക്ക മാറ്റിവയ്ക്കല്‍ ഉള്‍പ്പെടെ ചികിത്സ വേണ്ടിവരും. ഇത്രയും രോഗബാധിതനായ ഒരാള്‍ക്ക് കടുത്ത ജാമ്യവ്യവസ്ഥ ഏര്‍പ്പെടുത്തരുതെന്നാണ് ആവശ്യം. ഈ സാഹചര്യത്തില്‍ നാട്ടില്‍ ചിക്ത്‌സയ്ക്ക് വിധേയം ആകാന്‍ അനുവദിക്കണമെന്നാണ് മദനിയുടെ ആവശ്യം. ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, എം എം സുന്ദരേഷ് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. കേരളത്തില്‍ എത്തിയ ദിവസം തന്നെ ആശുപത്രിയില്‍ പ്രവേശിച്ചിപ്പിച്ചതിനാല്‍ മദനിക്ക് പിതാവിനെ കാണാനായില്ല.

അതേസമയം ഇനി പോകുമ്പോള്‍ സുരക്ഷ ചുമതല കേരള പൊലീസിന് നല്‍കണമെന്നും മദനി ആവശ്യപെട്ടിട്ടുണ്ട്. കഴിഞ്ഞ തവണ കേരളത്തില്‍ തങ്ങിയ 12 ദിവസം കേരള പൊലീസ് തനിക്ക് സൗജന്യ സുരക്ഷ ഉറപ്പാക്കി. അതേസമയം, തന്നോടൊപ്പം കേരളത്തിലേക്ക് വന്ന കര്‍ണാടക പൊലീസ് ഉദ്യോഗസ്ഥര്‍ സ്വകാര്യ ഹോട്ടലില്‍ താമസിച്ചതിന്റെ എല്ലാ ചെലവുകളും തനിക്ക് വഹിക്കേണ്ടി വന്നു. സുരക്ഷയ്ക്കായി കര്‍ണാടക പൊലീസിന് നല്‍കിയ 6.76 ലക്ഷത്തിന് പുറമെയാണ് ഈ ചെലവെന്നും മദനി സുപ്രിം കോടതിയില്‍ ഫയല്‍ ചെയ്ത അധിക സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Top