മഞ്ഞുരുക്കാന്‍ ബൈഡനും മാക്രൊണും; നയതന്ത്രം മെച്ചപ്പെടുത്താന്‍ അടുത്ത മാസം കൂട്ടിക്കാഴ്ച !

വാഷിംങ്ടണ്‍: കൂട്ടിക്കാഴ്ചയ്‌ക്കൊരുങ്ങി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രൊണും. നയതന്ത്ര ബന്ധങ്ങള്‍ നന്നാക്കുന്നതിനായി അടുത്ത മാസം ബൈഡനും മാക്രൊണും കൂടിക്കാഴ്ച്ച നടത്തും. ഇതുസംബന്ധിച്ച് ഫ്രഞ്ച്, അമേരിക്കന്‍ തലവന്‍മാര്‍ ഫോണില്‍ സംസാരിച്ചു. ബുധനാഴ്ച സംയുക്ത പ്രസ്താവനയില്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഒക്ടോബര്‍ അവസാനം ആണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. യുഎസിലെ ഫ്രഞ്ച് അംബാസഡര്‍ അടുത്തയാഴ്ച തന്നെ വാഷിംഗ്ടണിലേക്ക് മടങ്ങുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഭീമന്‍ തുകക്കുള്ള ആണവ അന്തര്‍വാഹിനി കരാര്‍ ഓസ്‌ട്രേലിയ റദ്ദാക്കിയതിനെ തുടര്‍ന്ന് രൂപം കൊണ്ട നയതന്ത്ര സംഘര്‍ഷമാണ് ഒടുവില്‍ രമ്യതയിലേക്ക് നീങ്ങുന്നത്.

നേരത്തെ, ബ്രിട്ടനും അമേരിക്കയും ചേര്‍ന്ന് ഓസ്ട്രേലിയക്ക് അന്തര്‍വാഹിനികള്‍ നല്‍കുന്ന പുതിയ ത്രികക്ഷി കരാറില്‍ പ്രതിഷേധിച്ച് ഫ്രാന്‍സ് അവരുടെ പ്രതിനിധിയെ തിരിച്ച് വിളിച്ചിരുന്നു. 12 ഡീസല്‍ അന്തര്‍വാഹിനികള്‍ ഇറക്കുമതി ചെയ്യുന്നതിന് ഫ്രാന്‍സ് ഓസ്ട്രേലിയയുമായി 2016ല്‍ ഒപ്പുവച്ച 9000 കോടിയുടെ കരാര്‍ ആണ് റദ്ദായത്.

Top