ബിജെപി സര്‍ക്കാരിന് കീഴില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല! യോഗിക്കെതിരെ ബിഎസ്പി വക്താവ്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ ആഞ്ഞടിച്ച് ബിഎസ്പി വക്താവ് സുധീന്ദ്ര ഭഡോറിയ. യോഗി ആദിത്യനാഥ് സര്‍ക്കാരിനു കീഴില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും സ്ത്രീകള്‍ ഇരകളാക്കപ്പെടുന്നുവെന്നത് ഒരു പതിവ് കാഴ്ചയായി മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മാത്രമല്ല നിയമവും ക്രമസമാധാനവും സംസ്ഥാനത്ത് തകര്‍ന്നുവെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഉനാവോ ബലാത്സംഗ കേസ്. ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാരിന് ലജ്ജയില്ലെന്നും സുധീന്ദ്ര ഭഡോറിയ ആരോപിച്ചു. സ്ത്രീകളുടെ അവകാശങ്ങളും അന്തസ്സും സംരക്ഷിക്കാന്‍ ബിജെപി ഫലപ്രദമായ നടപടികളൊന്നും സ്വീകരിക്കുന്നില്ല.

അതേസമയം സാധാരണക്കാരുടെ അവകാശം സംരക്ഷിക്കുന്നതില്‍ യോഗി സര്‍ക്കാര്‍ തീര്‍ത്തും പരാജയപ്പെട്ടതായി ഭഡോറിയ കൂട്ടിച്ചേര്‍ത്തു. ഉത്തര്‍പ്രദേശിലെ ഉനാവോയില്‍ പെണ്‍കുട്ടിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചികിത്സയ്ക്കായി ഇരയെ ലഖ്നൗവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Top