bahubali

ഒട്ടേറെ പ്രതീക്ഷകളോടെയാണ് രാജമൗലിയുടെ ബാഹുബലി ചൈനയില്‍ റിലീസിനെത്തിയത്. ചൈനയിലെ അയ്യായിരം സ്‌ക്രീനുകളില്‍ റിലീസിനെത്തിയ ചിത്രം ആദ്യവാരം ഭേദപ്പെട്ട പ്രകടനമാണ് കാഴ്ച വെച്ചത്.

എന്നാല്‍ രണ്ടാം വാരം ആയപ്പോഴേക്കും ചിത്രം തകര്‍ന്നടിയുന്ന കാഴ്ച്ചയാണ് വിതരണക്കാര്‍ക്ക് കാണേണ്ടി വന്നത്. ഇന്ത്യന്‍ ബോക്‌സ് ഓഫിസുകളില്‍ റെക്കോഡിട്ട ചിത്രത്തിനു ജര്‍മ്മനിയിലും ചൈനയുടേതിനു സമാന പ്രതികരണമാണു നേരിടേണ്ടി വന്നത്.

ആദ്യ ആഴ്ച ഉണ്ടായ തിരക്കിന്റെ പകുതി പോലും പിന്നീട് തീയേറ്ററില്‍ കാണാനായില്ല. പ്രമുഖ ചൈനീസ് വിതരണ കമ്പനിയായ ഇ സ്റ്റാര്‍സ് ഫിലിംസാണ് ബാഹുബലി കോടികള്‍ മുടക്കി വിതരണത്തിനെടുത്തത്. ജൂലൈ 22 നാണു ചിത്രം ചൈനയില്‍ റിലീസിനെത്തിയത്.

ജെറ്റ്‌ലീ നായകനായ ലീഗ് , ജാക്കി ചാന്റെ സ്‌കിപ് ട്രേസ് എന്നീ ചിത്രങ്ങള്‍ ചൈന ബോക്‌സ് ഓഫീസില്‍ മികച്ച കളക്ഷനുമായി മുന്നേറുകയാണ്. ബാഹുബലി ചൈനീസ് പ്രേക്ഷകരെ തൃപ്തിപ്പെടുത്താത്തതു തന്നെയാണ് പരാജയ കാരണം.

ബാഹുബലി പോലുള്ള ചിത്രങ്ങള്‍ ചൈനീസ് പ്രേക്ഷകര്‍ക്ക് പുതിയതല്ല.ഇതിനു മുമ്പും അവര്‍ ഇത്തരം സിനിമകള്‍ കണ്ടിട്ടുണ്ട്. ജെറ്റ്‌ലിയുടെ ഹീറോ , ഓസ്‌കര്‍ ലഭിച്ച ക്രോച്ചിങ് ടൈഗര്‍ ഹിഡന്‍ ഡ്രാഗണ്‍ എന്നീ ചിത്രങ്ങള്‍ ഈ വിഭാഗത്തില്‍ പെട്ടതാണ്.

മാത്രമല്ല ഇതൊക്കെ ബാഹുബലിയെക്കാളും വലിയ ക്യാന്‍വാസില്‍ നിര്‍മ്മിച്ചവയും.ചൈനയില്‍ റിലീസിന് മുമ്പെ വലിയ പ്രമോഷണല്‍ പരിപാടികള്‍ അണിയറക്കാര്‍ ചെയ്തിരുന്നു.

മാത്രമല്ല ആദ്യ ഭാഗത്തിന്റെ വിജയം വെച്ച് രണ്ടാം ഭാഗത്തിന്റെ വിതരണം ഇതിലും വലിയ തുകക്ക് വയ്ക്കാനും ബാഹുബലിയുടെ നിര്‍മാതാക്കളായ ആര്‍ക മീഡിയ പദ്ധതിയിട്ടിരുന്നു. അതെല്ലാം ഇതോടെ മുടങ്ങി.

കോടികള്‍ മുടക്കിയാണ് പ്രമുഖ വിതരണക്കാരായ കിനോസ്റ്റാര്‍ ചിത്രം ജര്‍മനിയില്‍ എത്തിച്ചത്. 28 നായിരുന്നു റിലീസ്. ചിത്രം റിലീസ് ചെയ്തിട്ട് ഒരാഴ്ച്ച പിന്നിട്ടിട്ടും നേടാനായത് വെറും മൂന്ന് ലക്ഷം രൂപയാണെന്നാണ് റിപ്പോര്‍ട്ട്. ഇത് മൂലം വലിയ നഷ്ടമാകും കമ്പനിക്ക് ഉണ്ടാകുക.

Top