ബാഹുബലി സിരകളിൽ പടർത്തിയത് അഗ്നി,യുവാവ് പൊലീസ് സ്റ്റേഷൻ അടിച്ചു തകർത്തു

കൊല്ലം: സൂപ്പർ ത്രില്ലർ ബാഹുബലി കണ്ട ത്രില്ലിൽ ആവേശം കയറി സിനിമാ സ്റ്റൈലിൽ കാറുകൾ തകർത്തും പൊലീസ് സ്റ്റേഷൻ അടിച്ച് പൊളിച്ചും യുവാവിന്റെ പരാക്രമം.

തീയറ്ററിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ഒൻപത് കാറുകളാണ് യുവാവ് ആദ്യം തകർത്തത് പിന്നീട് പൊലീസ് പിടികൂടി സ്റ്റേഷനിലെത്തിച്ചപ്പോൾ അവിടുത്തെയും സാധന സാമഗ്രികൾ അടിച്ചു തകർക്കുകയായിരുന്നു. താൻ അമരേന്ദ്ര ബാഹുബലിയാണെന്ന് പറഞ്ഞായിരുന്നു അഴിഞ്ഞാട്ടം.

കണ്ടു നിന്ന പോലീസ് കാർ പിടിച്ചു മാറ്റാൻ ശ്രമിച്ചപ്പോൾ അവരെയും തള്ളിയിട്ട് ‘ബാഹുബലി’ ശക്തി കാട്ടി.

ഇതിലും അരിശം തീരാതായതോടെ തീയറ്റർ ഉടമയുടെ ഉടമസ്ഥതയിലുള്ള ബിയർ-വൈൻ പാർലറിനു നേരെയും യുവാവ് കല്ലെറിഞ്ഞു.

അഞ്ചൽ മണ്ണൂർ സ്വദേശിയായ ഇയാൾ മാനസിക രോഗിയാണെന്നാണ് പൊലീസ് പറയുന്നത്. കേസ് രജിസ്റ്റർ ചെയ്ത ശേഷം പ്രതിയെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.

ബാഹുബലി സിനിമ കണ്ടതിനേക്കാള്‍ വലിയ ‘ത്രില്ലാണ്’ യുവാവിന്റെ പരാക്രമം കണ്ടു നിന്നവര്‍ക്ക് ഉണ്ടാക്കിയത്. രാജ്യത്ത് ചരിത്രം സൃഷ്ടിച്ച് വിജയകുതിപ്പ് തുടരുന്ന ബാഹുബലിയുടെ അവതാരം എന്തായാലും കൊല്ലത്ത് പിറവിയെടുത്തപോലെ മറ്റെവിടെയും അവതരിച്ചിട്ടില്ല.

Top