ബഹ്‌റൈനില്‍ പോസ്റ്റല്‍ സേവനങ്ങള്‍ക്കും ഇനി മുതല്‍ മൂല്യ വര്‍ധിത നികുതി

മനാമ: ബഹ്‌റൈനിലെ പോസ്റ്റല്‍ സേവനങ്ങള്‍ക്കും ഇനി മൂല്യ വര്‍ദ്ധിത നികുതി(വാറ്റ്). വ്യക്തിഗത, വ്യാപാര, ഇ സേവനങ്ങള്‍ക്കാണ് വെള്ളിയാഴ്ച മുതല്‍ ബഹ്‌റൈന്‍ വാറ്റ് ചുമത്തി തുടങ്ങിയത്. രജിസ്‌റ്റേഡ് മെയില്‍, എക്‌സ്പ്രസ് മെയില്‍, പാര്‍സലുകള്‍, ഓര്‍ഡിനറി മെയില്‍ എന്നിവയ്ക്കും വാറ്റ് ബാധകമാണ്.

ബഹ്‌റൈനില്‍ വൈദ്യുതി, ജല സേവനങ്ങള്‍ക്കും അഞ്ചു ശതമാനം വരെ വാറ്റ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായി വൈദ്യുതി ജല അതോറിറ്റി (ഇ.ഡബ്ല്യു. എ) നേരത്തെ അറിയിച്ചിരുന്നു. ജനുവരി അവസാനത്തോടെ ഈ നിരക്ക് പ്രാബല്യത്തില്‍ വരുമെന്നാണ് ഔദ്യോഗിക അറിയിപ്പ്.

ഈ മാസം ഒന്നു മുതലാണ് ബഹ്‌റൈനില്‍ വാറ്റ് നിലവില്‍ വന്നത്. നാഷനല്‍ ബ്യൂറോ ഓഫ് ടാക്‌സേഷന്‍ (എന്‍.ബി.ടി) ഉപഭോക്താക്കള്‍ക്കായി പുതിയ സേവനം ഏര്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. വെബ്‌സൈറ്റ് വഴി മൂല്യ വര്‍ധിത നികുതി (വാറ്റ്) സര്‍ട്ടിഫിക്കറ്റ് എടുക്കാനുള്ള സംവിധാനമാണ് പുതുതായി ചേര്‍ത്തിട്ടുള്ളത്. രജിസ്‌ട്രേഷന്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ എന്‍.ബി.ടി വെബ്‌സൈറ്റില്‍ (www.nbt.gov.bh) ലഭ്യമാണ്.

Top