റസ്​റ്റോറൻറുകളിൽ അകത്ത് ഭക്ഷണം നൽകുന്നത് ഒരു മാസത്തേക്ക് കൂടി നീട്ടി ബഹ്‌റൈൻ

ബഹ്‌റൈൻ : കോവിഡ് പശ്ചാത്തലത്തിൽ ബഹ്​റൈനിൽ റസ്​റ്റോറൻറുകളിലും കഫേകളിലും അകത്ത്​ ഭക്ഷണം നൽകുന്നത്​ ഒരുമാസത്തേക്ക്​ കൂടി നീട്ടിവെച്ചു. ഒക്​ടോബർ 24 മുതലാണ്​ ഇനി അനുമതി നൽകുക. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന ഏകോപന സമിതി യോഗത്തിലാണ്​ തീരുമാനമെടുത്തത്.

ബഹ്​റൈനിൽ ഇതുവരെ 63,189 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 56,087 പേർ രോഗമുക്തി നേടി. അതേസമയം 217 കോവിഡ് മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട് . നിലവിലെ ആരോഗ്യസുരക്ഷയുടെയും മറ്റ് പ്രതിരോധ പ്രവർത്തനങ്ങളുടെയും ഭാഗമായാണ് റെസ്റ്റോറന്റുകൾക്ക് അകത്ത് ഭക്ഷണം നല്കുന്നതടക്കമുള്ള കാര്യങ്ങൾ ഒരു മാസത്തേക്ക് കൂടി നീട്ടിയിരിക്കുന്നത്.

അതേസമയം, സർക്കാർ സ്​കൂളുകൾ തുറക്കുന്നത്​ രണ്ടാഴ്​ചത്തേക്ക്​ നീട്ടാനും തീരുമാനിച്ചു. ഒക്ടോബർ 11 മുതലാണ്​ ക്ലാസ്​ തുടങ്ങുക. അധ്യാപകരും മറ്റ്​ ജീവനക്കാരും ഒക്​ടോബർ നാലിന് സ്കൂളുകളിൽ എത്തണം. കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ്​ കേസുകൾ വർധിച്ച പശ്ചാത്തലത്തിലാണ്​ ഈ തീരുമാനങ്ങൾ. ഒക്​ടോബർ ഒന്നു വരെ എല്ലാവരും കർശനമായ ആരോഗ്യ മുൻകരുതൽ പാലിക്കണമെന്നും കൂടിച്ചേരലുകൾ ഒഴിവാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്​.

Top