ബഹ്‌റൈനിൽ അടിമുടി മാറ്റം; വൻ പദ്ധതികൾ ഒരുങ്ങുന്നു

 

ഹ്‌റൈന്റെ മുഖച്ഛായ അടിമുടി മാറ്റുന്ന പദ്ധതികള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍.കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികളെ തരണംചെയ്ത് അതിവേഗം മുന്നോട്ടുകുതിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ ഭൂവിസ്തൃതി 60 ശതമാനം വര്‍ധിപ്പിച്ച് പുതിയ നഗരങ്ങള്‍, വിമാനത്താവളം, മെട്രോ പദ്ധതി, സ്‌പോര്‍ട്‌സ് സിറ്റി തുടങ്ങിയ വന്‍ പദ്ധതികളാണ് വരും വര്‍ഷങ്ങളില്‍ നടപ്പാക്കാന്‍ ഒരുങ്ങുന്നത്.

പുതിയ വികസന പദ്ധതിയുടെ ഭാഗമായി അടിസ്ഥാന സൗകര്യ മേഖലയിലും തന്ത്രപ്രധാനമായ മുന്‍ഗണനാ മേഖലകളിലും 30 ബില്യണ്‍ ഡോളര്‍ നിക്ഷേപമാണ് നടത്തുന്നത്. ടെലികോം, വിനോദസഞ്ചാരം, വിദ്യാഭ്യാസം, ഉല്‍പാദനം, ആരോഗ്യം എന്നിവയുള്‍പ്പെടെ 22 സുപ്രധാന മേഖലകളിലാണ് നിക്ഷേപത്തിനൊരുങ്ങുന്നത്. ബഹ്‌റൈന്റെ ‘സാമ്പത്തിക ദര്‍ശനം 2030’പദ്ധതിക്ക് ഊര്‍ജം പകരുന്നതാണ് പുതുതായി പ്രഖ്യാപിച്ച പദ്ധതികള്‍.

ബഹ്റൈനിലെ ഏറ്റവും പ്രധാന മൂലധന നിക്ഷേപ പദ്ധതികളില്‍ ഒന്നാണ് ധനകാര്യ, ദേശീയ സമ്പദ്‌വ്യവസ്ഥ വകുപ്പ് മന്ത്രി ശൈഖ് സല്‍മാന്‍ ബിന്‍ ഖലീഫ ആല്‍ ഖലീഫ പ്രഖ്യാപിച്ചത്. ബഹ്റൈന്‍ സമ്പദ്വ്യവസ്ഥയുടെ ദീര്‍ഘകാല മത്സരക്ഷമത വര്‍ധിപ്പിക്കാനും കോവിഡ് മഹാമാരിക്കുശേഷമുള്ള വളര്‍ച്ച ത്വരിതപ്പെടുത്താനും ആവിഷ്‌കരിച്ച സാമ്പത്തിക ഉത്തേജക പദ്ധതിക്കും ഇത് കരുത്തുപകരും. കോവിഡ് പ്രത്യാഘാതത്തില്‍നിന്ന് കരകയറി വരുന്ന രാജ്യം ശോഭനമായ ഭാവിയിലേക്കാണ് ഉറ്റുനോക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പുതിയ നിക്ഷേപങ്ങള്‍ യുവജനങ്ങള്‍ക്ക് കൂടുതല്‍ വിദ്യാഭ്യാസ അവസരങ്ങളും ജീവിതസാഹചര്യങ്ങളും ഒരുക്കും. മികച്ച ആരോഗ്യപരിചരണം, ഭവനങ്ങള്‍, ജോലി സാധ്യതകള്‍ എന്നിവയും ഇത് പ്രദാനം ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ അഞ്ചു നഗരങ്ങള്‍
ബഹ്റൈന്റെ മൊത്തം ഭൂവിസ്തൃതി 60 ശതമാനം വര്‍ധിപ്പിച്ച് അഞ്ച് ദ്വീപ് നഗരങ്ങള്‍ നിര്‍മിക്കാന്‍ പദ്ധതി ലക്ഷ്യമിടുന്നു. 183 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലുള്ള ഫാഷ്ത് അല്‍ ജാരിം എന്ന ഏറ്റവും വലിയ നഗരത്തില്‍ റസിഡന്‍ഷ്യല്‍, ലോജിസ്റ്റിക്‌സ്, ടൂറിസം ഹബുകളും പുതിയ വിമാനത്താവളവുമുണ്ടാകും. 25 കിലോമീറ്റര്‍ നീളത്തില്‍ നാലുവരിയില്‍ പുതിയതായി നിര്‍മിക്കുന്ന കിങ് ഹമദ് കോസ്വേ, സൗദി അറേബ്യയുമായും മറ്റു ജി.സി.സി രാജ്യങ്ങളുമായുള്ള വ്യാപാരവും സഞ്ചാരവും സുഗമമാക്കും. രാഷ്ട്രീയ, തന്ത്രപര, സാമ്പത്തിക, സാംസ്‌കാരിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്യും.

ബഹ്‌റൈന്‍ മെട്രോ
നിര്‍മാണത്തിനൊരുങ്ങുന്ന പുതിയ മെട്രോ പദ്ധതി ജനങ്ങളുടെ യാത്ര സുഗമമാക്കുന്നതിനൊപ്പം കാര്‍ബണ്‍ ബഹിര്‍ഗമനം പൂജ്യത്തിലെത്തിക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്യും. 109 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മെട്രോ ശൃംഖല രാജ്യത്തെ എല്ലാ പ്രധാന ജനവാസ കേന്ദ്രങ്ങളെയും ബന്ധിപ്പിക്കും. 20 സ്‌റ്റേഷനുകള്‍ ഉള്‍പ്പെടുന്ന ആദ്യഘട്ടം ബഹ്റൈന്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍നിന്ന് മനാമയെയും ഡിപ്ലോമാറ്റിക് ഏരിയയെയും ബന്ധിപ്പിച്ച് സീഫ് വരെ നീളുന്നതാണ്.

ടെക്‌നോളജി
കരയിലൂടെയും കടലിലൂടെയുമുള്ള ഫൈബര്‍ ഒപ്റ്റിക്‌സ് ശൃംഖല വഴി ടെക്‌നോളജി രംഗത്തും വന്‍തോതില്‍ നിക്ഷേപം നടത്തും. നിരവധി പുതിയ ഡേറ്റ സെന്റര്‍ പദ്ധതികളിലെ നിക്ഷേപം പുതുതലമുറ ക്ലൗഡ് കമ്പ്യൂട്ടിങ് സേവനങ്ങള്‍ക്ക് കരുത്തുപകരും.

സ്‌പോര്‍ട്‌സ് സിറ്റി
ബഹ്‌റൈനിലെ ഏറ്റവും വലിയ സ്‌പോര്‍ട്‌സ് സ്‌റ്റേഡിയങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് സ്‌പോര്‍ട്‌സ് സിറ്റി പദ്ധതി. ഇതിനൊപ്പം ഒരു വിവിധോദ്ദേശ്യ ഇന്‍ഡോര്‍ സ്‌പോര്‍ട്‌സ് കേന്ദ്രവും ഉണ്ടാകും. വിനോദം, പരിപാടികള്‍, സ്‌പോര്‍ട്‌സ് എന്നിവയുടെ കേന്ദ്രമായി ബഹ്‌റൈനെ മാറ്റുകയാണ് ലക്ഷ്യം. ഇതിനൊപ്പം, സഖീറില്‍ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന ബഹ്‌റൈന്‍ ഇന്റര്‍നാഷനല്‍ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്റര്‍ മിഡിലീസ്റ്റിലെ ഏറ്റവും വലിയ കോണ്‍ഫറന്‍സ് സിറ്റി ആയിരിക്കും.

ബഹ്‌റൈന്റെ ദക്ഷിണ പടിഞ്ഞാറ് ഭാഗത്ത് വരുന്ന ‘ടൂറിസ്റ്റ് സിറ്റി’യില്‍ നിരവധി റിസോര്‍ട്ടുകളാണ് വിഭാവനം ചെയ്തിരിക്കുന്നത്. ബഹ്‌റൈനെ ആഗോള സന്ദര്‍ശക കേന്ദ്രമാക്കി മാറ്റുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.

 

Top