വിദേശത്ത് നിന്നുള്ളവരുടെ യാത്രാ നിബന്ധനകളില്‍ മാറ്റം വരുത്തി ബഹ്റൈന്‍

മനാമ: വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്കുള്ള പ്രവേശന മാനദണ്ഡങ്ങളില്‍ മാറ്റങ്ങള്‍ വരുത്തി ബഹ്‌റൈന്‍. കൊവിഡ് പ്രതിരോധത്തിനായുള്ള പ്രത്യേക ടാസ്‌ക് ഫോഴ്‌സിന്റെ നിര്‍ദ്ദേശങ്ങള്‍ പ്രകാരം ബഹ്‌റൈന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് പുതിയ മാറ്റങ്ങള്‍ പ്രഖ്യാപിച്ചത്. ഇതു പ്രകാരം, ഓഗസ്റ്റ് 29 ഞായറാഴ്ച മുതല്‍ പ്രവേശന മാനദണ്ഡങ്ങളില്‍ താഴെ പറയുന്ന മാറ്റങ്ങള്‍ നിലവില്‍ വരും.

ബഹ്റൈനിലേക്ക് ഓണ്‍ അറൈവല്‍ വിസയില്‍ ആളുകള്‍ക്ക് വരാന്‍ അര്‍ഹതയുള്ള രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക്, സ്വന്തം നാട്ടില്‍ നിന്ന് കൊവിഡ് വാക്സിനേഷന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ബഹ്റൈനിലേക്ക് പ്രവേശിക്കാം. വിമാനം കയറുന്നതിന് 72 മണിക്കൂറിനുള്ളില്‍ എടുത്ത പിസിആര്‍ ടെസ്റ്റിലെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം.

ഇവര്‍ ബഹ്‌റൈന്‍ വിമാനത്താവളത്തില്‍ എത്തിയ ഉടനെയും, അതിനു ശേഷം അഞ്ചാം ദിവസവും പത്താം ദിവസവും പിസിആര്‍ പരിശോധന നടത്തിയ കൊവിഡ് നെഗറ്റീവാണെന്ന് ഉറപ്പുവരുത്തണം. അതേസമയം ഈ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് വീട്ടിലോ ഹോട്ടലിലോ ക്വാറന്റൈന്‍ ആവശ്യമില്ല. യാത്ര ചെയ്യുന്നതിന് മുമ്പ് www.evisa.gov.bh എന്ന വെബ്സൈറ്റില്‍ നിന്ന് ബഹ്റൈനില്‍ ഓണ്‍ അറൈവല്‍ വിസ അര്‍ഹതയുള്ള രാജ്യമാണോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം.

ഇന്ത്യ ഉള്‍പ്പെടെ റെഡ് ലിസ്റ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരും വാക്സിന്‍ എടുക്കാതെ വരുന്നവരും പിസിആര്‍ ടെസ്റ്റിലെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്‍ ക്യുആര്‍ കോഡ് സംവിധാനം ഉണ്ടെന്ന് ഉറപ്പുവരുത്തണം. മാത്രമല്ല, 48 മണിക്കൂറിനകം നടത്തിയതായിരിക്കണം ടെസ്റ്റ്. ഇവര്‍ ബഹ്റൈനിലെത്തിയ ശേഷം സ്വന്തം വീട്ടിലോ നാഷനല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റിയുടെ കീഴിലുള്ള ഹോട്ടലിലോ 10 ദിവസം ക്വാറന്റൈനില്‍ കഴിയണം.

ബഹ്‌റൈന്‍ വിമാനത്താവളത്തില്‍ എത്തിയ ഉടനെയും, അതിനു ശേഷം ക്വാറന്റൈനില്‍ കഴിയുന്ന അഞ്ചാം ദിവസവും പത്താം ദിവസവും പിസിആര്‍ പരിശോധന നടത്തിയ കൊവിഡ് നെഗറ്റീവാണെന്ന് ഉറപ്പുവരുത്തണം.

 

Top